അതുല്യമായ ജീവിത വിജയം നേടിയ ഒട്ടനേകം മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകാം. ഈ വിജയങ്ങള്‍ക്ക് അവരെ പാകപ്പെടുത്തിയ ജീവിത സാഹചര്യങ്ങള്‍ കൂടെ അറിയുമ്പോഴാണ് അതെത്ര മാത്രം തിളക്കമാര്‍ന്നതാണെന്ന് നാം മനസ്സിലാക്കുന്നത്. കഠിന പരിശ്രമവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ലോകം തന്നെ വെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു മനുഷ്യനെ നമുക്ക് പരിചയപ്പെടാം.

തെരുവില്‍ നിന്ന് കോടീശ്വരനായി മാറിയ “ലാറി എല്ലിസണ്‍” എന്ന  അമേരിക്കക്കാരനെക്കുറിച്ചാണ് പറയുന്നത്. ആളാരാണെന്നല്ലേ, “ഒറാക്കിള്‍” എന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വയര്‍ കമ്പനിയുടെ സ്ഥാപകനും അധിപനുമാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ നാള്‍ വഴികള്‍ അവിശ്വസനീയവും നമ്മെ രോമാഞ്ചം കൊള്ളിക്കുന്നവയുമാണ്.

larry ellison
Larry Ellison, Founder of Oracle | Image source: YouTube.com

 

1944 ല്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. അവിവിവാഹിതയായ ഫ്ലോറൻസ് സ്‌പെല്‍മാന്‍ എന്ന യുവതിയ്ക്ക് ജനിച്ച ലാറി, ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ ന്യുമോണിയ രോഗബാധിതനായി. ദാരിദ്ര്യവും മറ്റ് സാഹചര്യങ്ങളും കുഞ്ഞു ലാറിയെ ഷിക്കാഗോയിലുള്ള തൻ്റെ  ബന്ധുക്കള്‍ക്ക് ദത്ത് നല്‍കാന്‍ ആ അമ്മയെ പ്രേരിപ്പിച്ചു. സ്വന്തം മാതപിതാക്കളാരെന്നറിയാതെ വളര്‍ന്ന ലാറി തൻ്റെ വളര്‍ത്തച്ഛനുമായി നിരന്തരം കലഹം തന്നെയായിരുന്നു. മികച്ച വിദ്യാഭ്യാസം നേടുന്നതിലും ലാറി പരാജയമായിരുന്നു. ഇല്ലിനോയി സര്‍വകലാശാലയിലും ഷിക്കാഗോ സര്‍വകലാശാലയിലും പഠിപ്പു പാതിവഴിയില്‍ നിര്‍ത്തിയ ലാറി ഒരു ജോലിക്കായി തെരച്ചില്‍ ആരംഭിച്ചു. തൻ്റെ ഇരുപത്തിരണ്ടാം വയസ്സില്‍ വടക്കന്‍ കാലിഫോര്‍ണിയയിലേക്ക് കുടിയേറി. നിരവധി സ്ഥലങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലഞ്ഞു തിരിഞ്ഞു. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങള്‍ ഷിക്കാഗോയില്‍ നിന്ന് മനസ്സിലാക്കിയിരുന്നെങ്കിലും പെട്രോള്‍ പമ്പില്‍ സെയില്‍സ്മാനായും, ഡെലിവറി ബോയ്‌ ആയും പായ്ക്കിംഗ് ജോലി ചെയ്തും ഒക്കെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നത്.

അങ്ങനെയിരിക്കെ നമ്മുടെ കഥയിലെ നായകന് അംദാല്‍ കോര്‍പറേഷനില്‍ പ്രോഗ്രാമറായി ജോലി ലഭിച്ചു. അവിടുന്നാണ് ലാറി എല്ലിസണ്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ആരംഭിക്കുന്നത്. തൻ്റെ തട്ടകത്തെപ്പറ്റി മനസ്സിലാക്കിയ ലാറി  രണ്ടു സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് ലാബ് എന്ന ഒരു സ്ഥാപനം ആരംഭിക്കുന്നു. 1977 ല്‍ ആണ് ലാറി എല്ലിസണ്‍ ആദ്യമായി സംരംഭകനാകുന്നത്. അതേ വര്‍ഷം തന്നെ സിഐഎയുടെ ഒരു വലിയ പ്രോജകട് ഈ കമ്പനിയ്ക്ക് ലഭിച്ചു. രണ്ടു വര്‍ഷം കൊണ്ട് തീരേണ്ടിയിരുന്ന ആ പ്രോജക്ട് ഒരു വര്‍ഷം കൊണ്ട് വിജയകരമായി പൂര്‍ത്തിയാക്കി ലാറി എല്ലിസണും സഹപ്രവര്‍ത്തകരും ബിസിനസ് രംഗത്ത് ശ്രദ്ധേയമായി. ഈ പ്രോജക്ടിൻ്റെ കോഡിൻ്റെ പേരായ ‘ഒറാക്കിള്‍’ എന്നത് തൻ്റെ സ്ഥാപനത്തിൻ്റെ പേരായി തിരഞ്ഞെടുക്കുകയായിരുന്നു ലാറി എല്ലിസണ്‍.

Larry ellison
Larry Ellison, CEO of Oracle | Image source: gettyimages.com

വരുമാനം വെച്ചുനോക്കുമ്പോള്‍, ഇന്ന് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ഒറാക്കിള്‍ കോര്‍പ്പറേഷന്‍. കാലിഫോര്‍ണിയ ആണ് ആസ്ഥാനം. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറിൻ്റെയും എൻ്റര്‍പ്രൈസ് സോഫ്‌റ്റ്‌വെയറിൻ്റെയും രൂപകൽപനയും നിര്‍മ്മാണവും വിതരണവും ആണ് ഒറാക്കിള്‍ കോര്‍പ്പറേഷന്‍ പ്രധാനമായും ചെയ്യുന്നത്. 1997 മുതൽ 2002 വരെ എല്ലിസൺ, ആപ്പിള്‍ ഇന്‍കോര്‍പ്പറഷന്‍റെ ഡയറക്ടര്‍ ആയിരുന്നു. സ്റ്റീവ് ജോബ്സിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ലാറി എല്ലിസണ്‍.

മാതൃ സ്നേഹം അല്‍പ്പം പോലും ലഭിക്കാതെ, ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും നടുവില്‍ വളര്‍ന്ന ലാറി എല്ലിസണ്‍ ഇന്ന് ലോകത്തെ അതി സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. തന്‍റെ നാല്‍പ്പത്തി എട്ടാം വയസ്സിലാണ് ലാറി എല്ലിസണ്‍ മാതാവിനെ കാണുന്നത്. തികഞ്ഞ മനുഷ്യ സ്നേഹിയായ അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ തുകയാണ് തന്‍റെ വരുമാനത്തില്‍ നിന്നും എല്ലാ വര്‍ഷങ്ങളിലും ചെലവഴിക്കുന്നത്.

നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ലാറി എല്ലിസണ്‍ എന്ന വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടേയിരിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറുക എന്നതാണ് എല്ലിസണിൻ്റെ അടുത്ത സ്വപ്നം.

Also Read: 1. ടൂറിസ്റ്റ് ഗൈഡിൽ നിന്ന് ചൈനയിലെ ഏറ്റവും ധനികനിലേക്ക്

2. വെറും കപ്പങ്ങയില്‍ നിന്ന് നേടിയ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!