ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഇന്നൊവേറ്റീവ് ആയ ആശയങ്ങൾ വളർത്താൻ ലക്ഷ്യമിട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ നവംബറിൽ Institution’s Innovation Council (IIC) ആരംഭിച്ചിരുന്നു. ഇന്ത്യയൊട്ടാകെയുള്ള ആയിരത്തിൽപരം കോളേജുകളിൽ കൂടിയാണ് ഇന്നൊവേഷൻ കൗൺസിലിൻ്റെ ആദ്യ പടി പ്രാവർത്തികമാക്കുന്നത്. നിലവിൽ കേരളത്തിൽ നിന്നും എഴുപതോളം കോളേജുകളെയാണ് ഈ പ്രോഗ്രാമിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ജനുവരി 15 ന് എറണാകുളം ജില്ലയിലെ MGM College of Engineering and Technology ൽ (മൂവാറ്റുപുഴ) വച്ച് കേരളത്തിലെ കോളേജുകൾക്കിടയിലുള്ള Institution’s Innovation Council ൻ്റെ ഔദ്യോഗിക പ്രഖ്യാപനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും.

സിലബസ് പഠിച്ചു പരീക്ഷ പാസാവുക എന്നതിനപ്പുറം നൂതനാശയങ്ങൾ പങ്കുവെക്കുക, മികച്ച സംരംഭങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ നിന്ന് തന്നെ ഉയർത്തിക്കൊണ്ടു വരിക തുടങ്ങിയവയാണ് കൗൺസിലിൻ്റെ പരമപ്രധാനമായ ലക്ഷ്യങ്ങൾ. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഒരേപോലെ തന്നെ സഹായകമാകുന്നതായിരിക്കും IIC യുടെ പ്രവർത്തനങ്ങൾ.
അതിനോടൊപ്പം തന്നെ ഓരോ കോളേജിലും വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇന്നൊവേറ്റീവ് ആശയങ്ങൾ പങ്കുവെക്കുന്നതിനുള്ള വേദികൾ കൂടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രാബല്യത്തിൽ കൊണ്ടു വരും. കൂടാതെ, വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഹാക്കത്തോൺ, ബൂട്ട് ക്യാമ്പ്, വർക്ക് ഷോപ്പുകൾ, എക്സിബിഷനുകൾ തുടങ്ങിയവയും കൗൺസിലിൻ്റെ പദ്ധതിയിലുണ്ട്.
ഇൻസ്റ്റിട്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ ഉദ്ഘാടനം
കഴിഞ്ഞ നവംബറിൽ AICTE യുടെ ആസ്ഥാനത്തു വെച്ച് കേന്ദ്ര മാനവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം നിർവഹിച്ച ഇൻസ്റ്റിട്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ ഒരു വർഷം നീളുന്ന കാര്യപരിപാടികൾ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിനോടനുബന്ധിച്ചു തന്നെയാണ് കേരളത്തിൽ നിന്നുള്ള കോളേജുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് എറണാകുളം MGM College of Engineering and Technology-ൽ നടക്കുന്ന ഇൻസ്റ്റിട്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിൻ്റെ സംസ്ഥാനതല ഉദ്ഘാടനചടങ്ങ് നടക്കുന്നത്. അതേ ദിവസം തന്നെ കോളേജുകൾക്കുള്ള “ARIIA” റാങ്കിങ്ങിൻ്റെയും (Atal Ranking of Institutions on Innovation Achievements) ഹാക്കത്തോണുകളുടെയും പരിചയപ്പെടുത്തലും വിശദീകരണവും നടക്കും.
IIC യുടെ ചീഫ് ഇന്നൊവേഷൻ ഓഫീസർ ഡോ. അഭയ് ജെറെ, ഹയർ എജ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, AICTE ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ, C-APT മാനേജിങ് ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്‌മാൻ, MGM College of Engineering and Technology ചെയർമാൻ ഗീവർഗ്ഗീസ് യോഹന്നാൻ, MGM College of Engineering and Technology ഡയറക്ടർ എച്ച്.അഹിനസ്, MGM College of Engineering and Technology പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ടി.കെ. മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങളറിയാൻ: http://www.mic.gov.in/index.html