Prof. (Dr.) M. Abdul Rahman
Managing Director at C-APT Kerala. 

കൈകെട്ടി വിളിക്കുകയും ആടിപ്പാടുകയും ചെയ്യുന്ന ചില പാവകളെ കണ്ടാൽ എത്ര വിലയേറിയതാണെങ്കിലും അത് വാങ്ങാതെ പോകാൻ പറ്റാത്ത അവസ്ഥ ചിലപ്പോഴെങ്കിലും നമുക്ക് ഉണ്ടാവാറില്ലേ? ചില എയർ ലൈനുകളുടെ ക്യാബിൻ ക്രൂവിൻറെ വസ്ത്രധാരണം നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതെന്തേ? പോർഷെ കാറുകൾ ഒഴുകിയെത്തുന്നത് നാം നോക്കി നിൽക്കാറില്ലേ? ചില ഗാനശകലങ്ങൾ കേട്ട് നാം തരിചു  നിന്നിട്ടില്ലേ? ബുർജ് ഖലീഫയും താജ് മഹലും ഈഫൽ ടവറും വീണ്ടും വീണ്ടും കാണണമെന്ന് കൊതിക്കുന്നതെന്തേ? ഇവയെല്ലാം നമ്മുടെ ഉള്ളിൽ കൊളുത്തിവെച്ച, വരച്ചിട്ട, സുന്ദരവും മധുരവും ആകൃഷ്ടവുമായ രൂപങ്ങളായതിനാൽ തന്നെ. ഇവയൊക്കെ മറക്കാനാവാത്ത വിധം മനസ്സിൽ പതിപ്പിച്ചതിന് പിന്നിൽ ഒരു ഡിസൈൻ മികവുണ്ട്. ഡിസൈൻ രംഗം അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം നീങ്ങുന്നത്.

ഡിസൈൻ ഒരു കലയാണ്. എൻജിനീയറിങിൻറെ ചിട്ടവട്ടങ്ങളും വരകളും കണക്കുകൂട്ടലും ഒക്കെയുള്ള അതിസങ്കീർണമായ മേഖലയാണിതെന്ന ധാരണ മിഥ്യയാണ്. വിടർന്ന ഭാവനയും മിടുക്കും കണക്കുകളുടെ ക്ലിപ്തതയും താൽപര്യവും ഒത്തുചേരുമ്പോൾ ഒരാളിൽ ഒരു ഡിസൈനർ രൂപംകൊള്ളുന്നു.

വസ്ത്ര മേഖലയുമായി ബന്ധപ്പെട്ടാണ് ഡിസൈൻ എന്ന വാക്ക് നാം ഏറെ കേട്ടിട്ടുള്ളത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകൾക്ക് പിന്നിൽ ഡിസൈനിങ്ങിനു വലിയ പ്രാധാന്യമുണ്ട്. ഈയിടെ നടന്ന ഒരു ഹോളിവുഡ് താരവിവാഹത്തിന് ധരിച്ച വസ്ത്രങ്ങളുടെ ഡിസൈനും അതിൻറെ കോടികളുടെ വിലമതിപ്പും ചർച്ചയായിരുന്നു. ഫാഷൻ രംഗത്തെ വിവിധ കോഴ്സുകൾക്ക് നിഫ്റ്റ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി) എന്ന സ്ഥാപനങ്ങൾ ഏറെ പ്രശസ്തമാണ്. മിക്ക സംസ്ഥാനങ്ങളിലും നിഫ്റ്റ് ക്യാമ്പസുകൾ ഉണ്ടെങ്കിലും മുംബൈ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ ക്യാമ്പസുകൾ ഏറെ പ്രശസ്തമാണ്. ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോധ്പൂർ, കാംഗ്റ, കൊൽക്കത്ത, പറ്റ്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗർ എന്നിവിടങ്ങളിൽ നിഫ്റ്റിന് ക്യാമ്പസുകൾ ഉണ്ട്. കേരളത്തിൽ കൈത്തറിയുടെ നാടായ കണ്ണൂരിലാണ് നിഫ്റ്റ് ക്യാമ്പസ്.

ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) എന്ന നാലു വർഷ ബിരുദ കോഴ്സുകളാണ് ഡിസൈൻ രംഗത്ത് മുഖ്യമായുള്ളത്. ബിരുദാനന്തര ബിരുദ കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും ഈ മേഖലയിൽ നിലവിലുണ്ട്. പ്രവേശന പരീക്ഷ വഴിയാണ് ഇവിടങ്ങളിലേക്കുള്ള അഡ്മിഷൻ. കണ്ണൂർ മാങ്ങാട്ടുപറമ്പിനടുത്തുള്ള ധർമശാലയിലെ നിഫ്റ്റ് സെൻററിൽ ടെക്സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ, നീറ്റ് വെയർ ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദ കോഴ്സുകളും ഡിസൈൻ സ്പേസ്, ഫാഷൻ സ്റ്റഡീസ് എന്നിവയിൽ പിജി കോഴ്സും നടത്തുന്നുണ്ട്. ഇവകൂടാതെ ഫോട്ടോ ജേർണലിസം, കാലിഗ്രാഫി, ഹോം ഫർണിഷിംഗ്, അപ്പാരൽ എക്സ്പോർട്ട് ആൻഡ് കോസ്റ്റിങ് എന്നിവയിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാണ്. ഇതുകൂടാതെ കൊല്ലം കുണ്ടറയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഫാഷൻ ഡിസൈനിങ് ബി.ഡെസ് കോഴ്സുകൾ നടത്തുന്നുണ്ട്.

ഫാഷൻ രംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഡിസൈൻ. അനിമേഷൻ ഫിലിം ഡിസൈൻ, സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഫിലിം ആൻഡ് വീഡിയോ, ഫർണിച്ചർ ആൻഡ് ഇൻറീരിയർ, പ്രോഡക്ട് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഓട്ടോമൊബൈൽ ഡിസൈൻ, ഗെയിം ഡിസൈൻ, ന്യൂ മീഡിയ ഡിസൈൻ, ടോയ് ഡിസൈൻ തുടങ്ങി എല്ലാ മേഖലകളിലും ഡിസൈൻ കോഴ്സുകൾ ലഭ്യമാണ്. സാങ്കേതികവിദ്യയുടെ വളർച്ചയനുസരിച്ച് ഡിസൈനിൻറെ പ്രസക്തി കൂടി വരുന്നതാണ് പ്രകടമാകുന്നത്. മിക്ക കമ്പനികളും മികച്ച ഡിസൈനർമാരെ തേടിനടക്കുന്ന അവസ്ഥയാണുള്ളത്. ഏറെ ജോലിസാധ്യതയും മികച്ച ശമ്പളവും ഈ മേഖലയിൽ ലഭിക്കുന്നു എന്നത് ഡിസൈനർമാരുടെ പ്രസക്തി വർധിപ്പിക്കുന്നു.
ഡിസൈൻ രംഗത്തെ മികച്ച സ്ഥാപനമാണ് കേന്ദ്രസർക്കാറിന് കീഴിലുള്ള എൻ. ഐ. ഡി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ) ബംഗ്ളൂരു, അഹമ്മദാബാദ്, ഗാന്ധി നഗർ എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്. ഈ സ്ഥാപനം ലോകത്തിലെ തന്നെ മികച്ച ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഡിസൈൻ രംഗത്തെ മേൽപ്രസ്താവിച്ച കോഴ്സുകളിൽ മിക്കതും ഈ ക്യാമ്പസുകളിലുണ്ട്.

ഒരു വസ്തുവിന്റെ വിപണനസാധ്യത പ്രഥമമായി അതിൻറെ രൂപഭംഗിയിൽ ആണ്. അതിനാൽതന്നെ പ്രോഡക്റ്റ് ഡിസൈൻ നിർമ്മാണമേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വാഹന നിർമ്മാണ മേഖലയിൽ ഓട്ടോമൊബൈൽ ഡിസൈൻ എന്ന പ്രത്യേക വിഭാഗത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. രൂപഭംഗി മാത്രമല്ല, സൗകര്യങ്ങൾ, യന്ത്രങ്ങളുടെ പ്രവർത്തനശേഷി, എന്നിവയെല്ലാം ഈ ഡിസൈൻ മികവിലൊതുങ്ങുന്നുണ്ട്. പ്രോഡക്റ്റ് ഡിസൈനിങ്ങിൽ ഐ. ഐ. ടി.കൾ കോഴ്സുകൾ നടത്തുന്നുണ്ട്. മുംബൈ, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐ. ഐ. ടി.കൾ ഡിസൈൻ കോഴ്സുകൾക്ക് പേരുകേട്ടതാണ്. കൊല്ലത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രോഡക്ട് ഡിസൈനിങ്ങിൽ പി.ജി. ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്.

വരുംകാലങ്ങളിൽ ഡിസൈൻ മേഖലയിലുണ്ടായേക്കാവുന്ന വൻകുതിച്ചുചാട്ടം മുന്നിൽകണ്ട് 2019-20 അധ്യയന വർഷം മുതൽ ഡിസൈൻ കോഴ്സുകൾക്ക് എ. ഐ. സി. ടി. ഇയുടെ (അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ) അംഗീകാരം കൂടി ലഭ്യമാകുന്നു. തൊഴിൽമേഖലയിൽ ഡിസൈൻ കോഴ്സുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം നൽകുന്ന കേന്ദ്രമാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള ഐ.ഐ.സി.ടി. ഈ സുപ്രധാന തീരുമാനമെടുത്തിട്ടുള്ളത്. ഐ.ഐ.സി.ടി അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇനി ഡിസൈൻ കോഴ്സുകൾ കൂടി തുടങ്ങാം. പുതിയ സ്ഥാപനങ്ങളായും ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാം. ബി.ഡെസ്, എം.ഡെസ് എന്നീ കോഴ്സുകൾക്ക് പുറമേ ഡിപ്ലോമ ഇൻ ഡിസൈൻ കോഴ്സുകളും ഐ.ഐ.സി.ടിക്ക് കീഴിലാകും. സർവകലാശാലകളുടെയോ ടെക്നിക്കൽ ബോർഡുകളുടെയോ അംഗീകാരമില്ലാതെ തന്നെ അതത് സ്ഥാപനങ്ങൾ നൽകുന്ന ഓട്ടോണോമസ് കോഴ്സുകളായി ഡിപ്ലോമ ഇൻ ഡിസൈൻ കോഴ്സുകൾക്ക് വരും അധ്യയനവർഷം ഐ.ഐ.സി.ടി.ഇ അനുവദിച്ചേക്കും. മികച്ച സ്ഥാപനങ്ങൾക്ക് വലിയ സാധ്യതകളാണ് ഇതുവഴി കൈവരിക.

ഡിസൈൻ മേഖലയിലെ സാധ്യതകൾ അനന്തമാണ്. പ്ലസ് ടു 45 ശതമാനം മാർക്കോടെ പാസായ ആർക്കും ഡിസൈൻ കോഴ്സുകൾക്ക് ചേരാവുന്നതാണ്. ഇവിടെ അഭിരുചിക്കാണ് മുൻതൂക്കം. കേവലം ബിരുദം ആർജ്ജിക്കുന്നതിൽ കാര്യമില്ലെന്ന് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നവർ ഓർക്കേണ്ടതുണ്ട്. തിയറിയിലും ക്ലാസ് മുറികൾക്കുള്ളിലും മാത്രം ഒതുങ്ങേണ്ടതാവരുത് ഡിസൈൻ പഠനം. ആത്മാർത്ഥതയും ഭാവനയും കഠിനാധ്വാനവും വേണ്ടവിധം ഒന്നിച്ചു ചേരേണ്ടതുണ്ട്. വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ച ഈ ലേഖനം പോലും മുഴുവനായി നിങ്ങൾ വായിക്കണമെങ്കിൽ അതിന് നിങ്ങളെ പിടിച്ചിരുത്തുന്ന ലേഔട്ടും നല്ല അവതരണ ശേഷിയും അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനിർമ്മിതമായ ഏതിൻറെ പിന്നിലും ഒരു ഡിസൈൻ മികവ് ഒളിച്ചിരിപ്പുണ്ട്. അതിനെ കൂടുതൽ മികവാർന്നതാക്കുന്നിടത്താണ് ഡിസൈനറുടെ വിജയമിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!