കേരള സ്റ്റാർട്ടപ്പ് മിഷനും LetsVenture ഉം സംയുക്തമായി സംഘടിപ്പിച്ച സീഡിംഗ് കേരളയുടെ നാലാമത് എഡിഷൻ ഇന്നലെ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്നു. കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് മാറ്റുകൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സീഡിംഗ് കേരള ഇൻവെസ്റ്റർസ് സമ്മിറ്റ് എല്ലാ വർഷവും നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ, തൊഴിൽ, സംരംഭകത്വ മാധ്യമമായ NowNext സീഡിംഗ് കേരളയുടെ ഒഫീഷ്യൽ മീഡിയ പാർട്ണർ ആയിരുന്നു.

കേരളത്തിലും പുറത്തുമായുള്ള മികച്ച ഏഞ്ചൽ ഇൻവെസ്റ്റർമാർക്കും ഇൻവെസ്റ്റർ നെറ്റ്‌വർക്കുകൾക്കും കേരളത്തിൽ നിന്നുള്ള ഇന്നൊവേറ്റീവ് ആയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനുള്ള അവസരമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സീഡിംഗ് കേരളയിലൂടെ ഒരുക്കിയത്.

കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ അവതരിപ്പിക്കാനും പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുവാനുമുള്ള ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് രൂപപ്പെടുത്തുകയാണ് സീഡിംഗ് കേരള കൊണ്ട് ലക്ഷ്യമാക്കുന്നതെന്നു കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ഇത്തവണത്തെ സീഡിംഗ് കേരളക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിലെ പ്രശസ്തരായ ഇൻവെസ്റ്റർമാരും ഇൻഡസ്ട്രിയിൽ തിളങ്ങുന്ന ഏഞ്ചൽ ഇൻവെസ്റ്റർമാരുമൊക്കെ അടങ്ങുന്ന പ്രമുഖരുടെ സാന്നിധ്യം ഇത്തവണത്തെ സീഡിംഗ് കേരളയ്ക്ക് മാറ്റുകൂട്ടി. ഇൻവെസ്റ്മെന്റ് മേഖലയിലെ പ്രമുഖർക്കൊപ്പം, ഗവണ്മെന്റ് പ്രതിനിധികളും ഏഞ്ചൽ ഇൻവെസ്റ്മെന്റ് ഗ്രൂപ്പുകളും പരിപാടിയെ വൻവിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു. ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക് സഹസ്ഥാപക ശ്രീമതി രേവതി അശോക്, വാട്ടര്‍ ബ്രിഡ്ജ് വെഞ്ച്വേഴ്‌സ് പാര്‍ട്ണര്‍ രവി കൗശിഖ്, കേരള സർക്കാരിന്റെ ഐ ടി സെക്രട്ടറി ശ്രീ. എം. ശിവശങ്കർ ഐ എ എസ് തുടങ്ങിയ ഒട്ടേറെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

തുടർന്നുണ്ടായ പത്രസമ്മേളനത്തിൽവെച്ചു പ്രമുഖ ഇൻവെസ്റ്റർമാർക്കു സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ: സജി ഗോപിനാഥ്, ഐ ടി സെക്രട്ടറി ശ്രീ. എം. ശിവശങ്കർ ഐ എ എസ്, LetsVenture സ്ഥാപകനും CTO യുമായ ശ്രീ. സഞ്ജയ് ജാ എന്നിവർ സംശയദൂരീകരണങ്ങൾ നടത്തി. കൂടാതെ കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റത്തിന്റെ മുന്നേറ്റത്തെക്കുറിച്ചും സ്റ്റാർട്ടപ്പ് സാധ്യതകളെപ്പറ്റിയും ഇവർ വിശദീകരിച്ചു.

പ്രത്യേകം സ്റ്റാർട്ടപ്പ് മീറ്റിംഗുകളും സ്റ്റാർട്ടപ്പ് പിച്ചിങ് സെഷനുകളും ഉണ്ടായിരുന്നു. ഏഞ്ചൽ ഇൻവെസ്റ്റ്മെന്റിനെക്കുറിച്ചുള്ള മാസ്റ്റർക്ലാസും ഏഞ്ചൽ ഇൻവെസ്റ്റിംഗിന്റെ നിയമവശങ്ങളെക്കുറിച്ചുള്ള പ്രത്യേക ചർച്ചകളും ഉണ്ടായിരുന്നു. സ്റ്റാർട്ടപ്പ് അവാർഡുകൾ വിതരണം ചെയ്തതിനുശേഷം പരിപാടി വിജയകരമായി അവസാനിച്ചു. സ്റ്റാർട്ടപ്പുകൾക്കും ഇൻവെസ്റ്റർമാർക്കും ഒരേപോലെ ഫലപ്രദമായ പ്രോഗ്രാം ആയിരുന്നു സീഡിംഗ് കേരള എന്ന് പരിപാടിയിൽ സംബന്ധിച്ചവർ NowNext നോട് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഈക്കോസിസ്റ്റത്തിലുണ്ടായ വലിയ മുന്നേറ്റം ലോകത്തിനുമുന്നിലേക്കെത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ അത്യധികം പരിശ്രമിക്കുന്നുണ്ട് എന്നും നിക്ഷേപകർ അഭിപ്രായപ്പെട്ടു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!