ടെക് സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഹഡിൽ കേരള (Huddle Kerala) യുടെ രണ്ടാം പതിപ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തു വച്ച് നടക്കുന്നു.

ടെക്നോളജി സ്റ്റാർട്ടപ്പുകളെയും സംരംഭകരേയും ലക്ഷ്യം വച്ച് കൊണ്ട് IAMAI (Internet & Mobile Association of India) യും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് 2018 ഏപ്രിലിൽ ഒരുക്കിയ ഹഡിൽ കേരളയുടെ ആദ്യ പതിപ്പ് വൻ വിജയകരമായിരുന്നു. മുപ്പതോളം ഡിസ്പ്ലേ സോണുകൾ, അൻപതിലധികം സ്റ്റാർട്ടപ്പ് പിച്ചുകൾ, ഹാക്കത്തോണുകൾ എന്നിവ ഒരുക്കിയിരുന്ന സമ്മേളനത്തിൽ 1500 ലധികം നവസംരംഭകർ പങ്കെടുത്തിരുന്നു. ഇതിൻ്റെ രണ്ടാം എഡിഷൻ ആണ് വരുന്ന സെപ്റ്റംബർ 27, 28 തീയതികളിൽ കോവളം ലീല റാവിസ് ഹോട്ടലിലും അനുബന്ധിച്ചുള്ള സ്വകാര്യ ബീച്ചിലുമായി നടക്കാനിരിക്കുന്നത്.

സമാനരീതിയിൽ ഇത്തവണയും സംരംഭകരേയും നിക്ഷേപകരെയും ഉൾക്കൊള്ളിച്ചു കൊണ്ട്, എന്നാൽ ബിസിനസ്-ടു-ബിസിനസ് മീറ്റുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും ഹഡിൽ കേരള സംഘടിപ്പിക്കുക. സ്റ്റാർട്ടപ്പുകളെ നിക്ഷേപകരുമായി ബന്ധിപ്പിക്കുക എന്നതിലുപരി, പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള നെറ്റ്‌വർക്കിങ്ങിനു ഇത്തവണ പ്രാധാന്യം കൊടുക്കുമെന്നാണ് ഔദ്യോഗികഭാഷ്യം. രണ്ടു ദിവസങ്ങളിലായി ഇടവേളകളില്ലാതെ നടക്കുന്നു എന്നതും ഹഡിൽ കേരളയുടെ പ്രത്യേകതയാണ്. രാപകലില്ലാതെ നടക്കുന്ന സമ്മേളനത്തിൽ നിരവധി പ്രദർശനങ്ങൾ, വിദഗ്ധരുടെ പ്രഭാഷണങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ, ചർച്ചകൾ, വർക്ഷോപ്പുകൾ, ബീച്ച് ഹഡിലുകൾ, ബോട്ട് മീറ്റുകൾ, ഹാക്കത്തോണുകൾ തുടങ്ങി നിരവധി നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംരംഭകർക്ക്‌ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനും, നിക്ഷേപകരെ കണ്ടെത്താനുമുള്ള അവസരങ്ങളാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഇതിലൂടെ ഒരുക്കുന്നത്.

“സംരംഭകർക്ക് തീർത്തും സഹായകരമായ ഒരു വേദിയാകും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ സെഷനുകൾ. വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെ മുന്നിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഇത് ഒരു ഒരു മികച്ച അവസരമാണ് ഒരുക്കുന്നത്,” കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

സ്റ്റാർട്ടപ്പുകളെ സാങ്കേതികമായും സാമ്പത്തികമായും മുന്നേറാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ-അന്തർദേശീയ വിപണികളിലെ വ്യവസായ വിദഗ്ധർ, സ്ഥാപന മേധാവികൾ, നിക്ഷേപകർ, നയതന്ത്രജ്ഞർ, നിക്ഷേപകർ, തുടങ്ങിയവരുടെ ഒരു നിര തന്നെയാണ് സ്റ്റാർട്ടപ്പ് മിഷൻ അണിനിരത്തുന്നത്. ഇത്തവണ ഹഡിൽ കേരള പ്രാധാന്യം കൊടുക്കുന്നത് ബ്ലോക്ക്‌ചെയിൻ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡേറ്റ, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ്, ഡിജിറ്റിൽ എൻ്റർടൈൻമെൻറ് , ഡ്രോൺ ടെക്നോളജി, ഓഗ്മെൻ്റഡ് റിയാലിറ്റി, UI/UX തുടങ്ങിയ നൂതന സാങ്കേതികവിദ്യയുടെ മേഖലകൾക്കായിരിക്കും.

ഹഡിൽ കേരളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.huddle.net.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!