മിറ്യാന മിലോസെവിച്ച് എന്ന സെർബിയക്കാരിയെ അറിയുമോ? ലോക പ്രശസ്തയായൊരു ചിത്രകാരിയാണ്. വ്യത്യസ്തയായൊരു ചിത്രകാരി. ചിത്രം വരയ്ക്കുന്ന പ്രതലമാണ് മിറ്യാനയെ വ്യത്യസ്തയാക്കുന്നത്.

ചിത്രം വരയ്ക്കുന്നത് പേപ്പറിലോ കാൻവാസിലോ അല്ലെ? അല്ലെങ്കിൽ പിന്നെ ചുമർചിത്രങ്ങൾ ആയിരിക്കും. എന്നാൽ മിറ്യാന വരയ്ക്കുന്നത് ശരീരത്തിലാണ് -ഒരു ബോഡി പെയിന്റർ.  ശരീരത്തിന്റെ ഒരു ഭാഗമോ (ഉദാ: മുഖം മാത്രം), ചിലപ്പോൾ നഗ്ന ശരീരത്തിൽ മുഴുവനായോ വരകളും നിറക്കൂട്ടുകളും ചാർത്തി ബോഡി പെയിന്റർമാർ വ്യത്യസ്തമായ കലാസൃഷ്ടി നടത്തുന്നു.

റ്റാറ്റൂയിങ്ങിനെ പോലെ ഇവിടെ മനുഷ്യ ശരീരമാണ് വരയുടെ കാൻവാസ്‌. പക്ഷേ, ഈ വര കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നു മാത്രം. കൂടുതലായും മേളകളിലും പാർട്ടികളിലും മറ്റുമായിരിക്കും അവസരങ്ങൾ ലഭിക്കുക – കുട്ടിയുടെ മുഖത്തെ അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോയുടേത് പോലെയാക്കുക, ഇല്ലെങ്കിൽ അവളുടെ കയ്യിൽ ഒരു ശലഭം വരയ്ക്കുക അങ്ങനെയങ്ങനെ. അല്ലെങ്കിൽ എന്റർടൈൻമെന്റ് മേഖലയിലേക്ക് കടന്നു ചെല്ലാം. സൈ-ഫൈ സിനിമകൾ, ടെലിവിഷൻ പരമ്പരകൾ എന്നിവയുടെ സെറ്റുകളിലും മറ്റും, നടന്മാരെ നീലയിൽ കുളിച്ച അന്യഗ്രഹജീവികളാക്കുക, നിർജീവവും എന്നാൽ ഭയാനകവുമായ സോംബികളാക്കുക അങ്ങനെ സാധ്യതകൾ അനേകമാണ്. മാഗസിനുകളുടെയും പരസ്യകമ്പനികളുടെയും ഫോട്ടോ ഷൂട്ടുകളിലും അവസരം ലഭിക്കാം.

പ്രത്യേകിച്ച് ഒരു പഠന യോഗ്യത ഈ ജോലിക്ക് പരാമർശിച്ചിട്ടില്ല. ലണ്ടൻ മേക്ക് അപ്പ് സ്‌കൂൾ, ഫോളീസ് മുതലായ ഇൻസ്റ്റിട്യൂട്ടുകൾ വർക്ക്ഷോപ്പുകളും കോഴ്സുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ മുംബൈയിലെ ചില സ്ഥാപനങ്ങൾ കോഴ്‌സുകൾ നൽകുന്നു.

കലാപരമായ കഴിവും പുതിയ ആശയങ്ങൾ കൊണ്ടുവരാനുള്ള സർഗ്ഗാത്മകതയും മോഡലിനോട് ക്ഷമയോടെ പെരുമാറാനുള്ള ശേഷിയും മണിക്കൂറുകൾ നീണ്ട സെഷനുകളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും ഈ ജോലിക്ക് നിർണ്ണായകമാണ്. സർഗ്ഗവാസന എത്രമാത്രം പ്രയോഗിക്കണമെന്നത് ഈ ജോലിയുടെ ഏതു മേഖലയിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഇരിക്കും – ഒരു വ്യക്തിക്ക് ചെറിയ ആഘോഷങ്ങളിലും മേളകളിലും കുട്ടികളുടെ മുഖത്തു പെയിന്റ് ചെയ്യാം, അല്ലെങ്കിൽ പൂർണ ശരീരം പെയിന്റ് ചെയ്യേണ്ടി വരുന്ന സിനിമ സെറ്റുകളിലേക്കോ മറ്റോ കടക്കാം. ആദ്യത്തേതിന് സൂര്യനെയും പൂക്കളെയും വരച്ചാൽ മതിയാകുമെങ്കിൽ രണ്ടാമത്തേത് ഒത്തിരിയധികം ക്ഷമയും തികവും ആവശ്യപ്പെടുന്നു.

അദ്ധ്വാനത്തിന് ആനുപാതികമായി വരുമാനം, പ്രശസ്തി, സംതൃപ്തി എന്നിവയെല്ലാം നിലനില്ക്കുന്ന മേഖലയാണ് ബോഡി പെയിന്റിങ്ങ്.  എത്ര കഴിവുണ്ടെന്നു പറഞ്ഞാലും, എത്ര അദ്ധ്വാനിക്കാൻ തയ്യാറായാലും ക്ഷമ എന്ന ഗുണമില്ലെങ്കിൽ ഈ മേഖലയിൽ പിടിച്ചുനില്ക്കാനാവില്ല തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!