സാമ്പത്തിക പുരോഗതിക്കും സാമൂഹിക സുരക്ഷക്കും പേരുകേട്ട രാജ്യമാണ് സിംഗപ്പൂർ. കേരളത്തിലെ തന്നെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയുടെ പകുതി പോലും വലിപ്പമില്ലാത്ത ഈ “കുഞ്ഞു” രാജ്യം പക്ഷെ, ഒട്ടുമിക്ക കാര്യങ്ങളിലും ലോകത്ത്‌ തന്നെ മുൻ നിരയിലാണ്. നഗര സൗന്ദര്യവൽക്കരണത്തിനും, വൃത്തിക്കും ഇവർ കൊടുക്കുന്ന പ്രാധാന്യം അത്രമേൽ കയ്യടികൾ അർഹിക്കുന്നു. ഐടി മുതൽ ചരക്കുനീക്കത്തിന് വരെ ബിസിനസ്-സൗഹൃദ നയം സ്വീകരിച്ചു പോരുന്ന സിംഗപ്പൂരിനെ ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത് പുതുതായി അവതരിപ്പിച്ച വിദ്യാഭ്യാസ രീതി മൂലമാണ്. സ്കൂളുകളിൽ ഇനി മുതൽ റാങ്കിങ് സിസ്റ്റം വേണ്ടെന്നാണ് സിംഗപ്പൂർ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

“വിദ്യാഭ്യാസം മത്സരമല്ല.” സിഗപ്പൂർ വിദ്യാഭ്യാസ മന്ത്രി ഓങ് യെ കുങ്ങിൻ്റെ വാക്കുകളാണിത്. വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിക്കുന്ന മാർക്കുകളിലും ഗ്രേഡുകളിലുമുള്ള ശ്രദ്ധ ഒഴിവാക്കി പഠനത്തിൽ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഒന്ന്, രണ്ടു ക്ലാസുകളിലെ പരീക്ഷകൾ പൂർണ്ണമായും എടുത്തുകളയും. മറ്റു പ്രൈമറി, സെക്കന്ററി ക്ലാസ്സുകളിൽ പരീക്ഷകൾ നടത്തുമെങ്കിലും ഗ്രേഡിംഗ്, റാങ്കിങ് മുതലായവ വ്യത്യസ്തമായ രീതിയിലായിരിക്കും അവതരിപ്പിക്കുക. സൂക്ഷ്മമായ ഗ്രേഡിങ്ങിനു പകരം റൌണ്ട്-ഓഫ് ചെയ്തു ദശാംശം ഒഴിവാക്കി ഗ്രേഡുകൾ നൽകും, അതും വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിന് വേണ്ടി മാത്രം. റാങ്കിങ് സിസ്റ്റം ഇല്ലേയില്ല.

കൂടാതെ, ജയ-പരാജയ ഫലങ്ങൾ, ശരാശരി മാർക്കുകൾ, റാങ്കുകൾ, ടോട്ടൽ മാർക്ക് തുടങ്ങിയവയും സ്കൂൾ ഗ്രേഡിംഗ് സംവിധാനത്തിൽ നിന്നും എടുത്തു കളയാനാണ് തീരുമാനം. പരീക്ഷയെ പേടിച്ചു കാണാപ്പാഠം പഠിച്ചു എങ്ങനെയെങ്കിലും ജയിക്കുക എന്ന സ്ഥിരം സമ്പ്രദായത്തിൽ നിന്നും മാറുന്നതോടെ വിദ്യാർത്ഥികൾ പഠനപ്രക്രിയയുമായി കൂടുതൽ ഇഴുകിച്ചേരുമെന്നുള്ളത് ഉറപ്പാണ്. അതവരെ കൂടുതൽ പഠിക്കാനും, കൂടുതൽ വിഷയങ്ങളിൽ അവബോധം നേടാനും ഉപകരിക്കും, തീർച്ച.

Leave a Reply