Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

പല കരിയര്‍ സെമിനാറുകളിലും എളുപ്പം ജോലി കിട്ടുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നന്വേക്ഷിക്കുന്ന നിരവധി കുട്ടികളെ കണ്ടിട്ടുണ്ട്. ആര്‍ക്കും തന്നെ ഒന്നിനും ക്ഷമയില്ലാത്തതാണല്ലോ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. അതിനാല്‍ത്തന്നെ ഗവേഷണം ഒരു കരിയറാക്കിയെടുക്കുവാന്‍ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരില്‍ 20 ശതമാനം പോലും തയ്യാറാവുന്നില്ലായെന്നതാണ് ഒരു വര്‍ത്തമാനകാല യാഥാര്‍‍ഥ്യം. സത്യത്തില്‍ ഇന്ന് ഇന്ത്യക്കകത്തും പുറത്തും ഗവേഷണത്തിന് നിരവധി സാധ്യതകളുണ്ട്. എ ന്നാല്‍ പല വിദ്യാര്‍ഥികള്‍ക്കും ഇതിനെപ്പറ്റി വ്യക്തമായ ഗ്രാഹ്യമില്ലായെന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ഗവേഷണം കഴിഞ്ഞാല്‍ മുപ്പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ പ്രതിഫലം ലഭിക്കുന്ന ജോലികളാണ് ലഭിക്കുക. പക്ഷേ ഗവേഷണ ലോകത്തിലേക്കിറങ്ങാന്‍ ഏകാഗ്രതയും മനസ്സിന്‍റെ പൂര്‍ണ്ണമായ സമര്‍പ്പണവും ആവശ്യമാണ്.

ഗവേഷണത്തിലേക്കുള്ള പാത

പല വിഷയങ്ങള്‍ക്കും ഗവേഷണ ലോകത്തിലേക്കിറങ്ങുവാന്‍ പലതാണ് മാര്‍ഗ്ഗം. വിവിധങ്ങളായ പ്രവേശന പരീക്ഷകളുണ്ടിവിടെ.

നെറ്റ്

യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ (യു ജി സി) – നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) (http://www.ugcnetonline.in/) പരീക്ഷയാണ് ഗവേഷണത്തിലേക്കുള്ള പ്രധാന പാത. ലക്ചറര്‍ ആകുവാനും ഗവേഷകരാകുവാനും പോവുന്നവര്‍ക്ക് അടിസ്ഥാന യോഗ്യത നിര്‍ണ്ണയിക്കുന്ന പരീക്ഷയാണിത്. ഹ്യുമാനിറ്റിക്സ് വിഷയങ്ങള്‍ക്കും കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബയോളജി, എര്‍ത്ത് സയന്‍സ് എന്നിങ്ങനെ അഞ്ച് വിഷയങ്ങള്‍ക്കുമാണ് യു ജി സി നെറ്റ് പരീക്ഷകള്‍. ജനറല്‍ കാറ്റഗറിയില്‍ ഇരുപത്തെട്ട് വയസ് വരെ മാത്രമേ ജെ ആര്‍ എഫിന് അപേക്ഷിക്കാനാവു. ലക്ചര്‍ഷിപ്പിന് പക്ഷേ പ്രായ പരിധിയില്ല. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ശാസ്ത്ര വിഷയങ്ങള്‍ക്ക് യു ജി സി – സി എസ് ഐ ആര്‍ പരീക്ഷയാണുള്ളത്. കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചും യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും ചേര്‍ന്നാണ് ഈ പരീക്ഷ നടത്തുന്നത്. ശാസ്ത്ര വിഷയങ്ങളിലെ ലക്ചറര്‍ ജോലിക്കും, ഫെലോഷിപ്പോടെ ഗവേഷണം നടത്തുന്നതിനുമുള്ള ആദ്യ പടിയാണ് ഈ പരീക്ഷ. 2011 ജൂണ്‍ മുതല്‍ സി എസ് ഐ ആര്‍ യു ജി സി പരീക്ഷാ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. രണ്ടര മണിക്കൂര്‍ വീതമുള്ള രണ്ട് പേപ്പറുകള്‍ക്ക് പകരം ഒറ്റ പേപ്പറേയുള്ളു.

ജെ ആര്‍ എഫിനും ലക്ചര്‍ഷിപ്പിനും സംയുക്തമായി അപേക്ഷിക്കാവുന്നതാണ്. നെറ്റ് യോഗ്യത ലഭിച്ചാലും ലക്ചറര്‍ ജോലിയോ ഗവേഷണ ഫെലോഷിപ്പോ കിട്ടണമെന്നില്ല. അവയ്ക്ക് വേണ്ടി പ്രത്യേകം അപേക്ഷിക്കണം.

ഗേറ്റ്

എഞ്ചിനിയറിങ്ങ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിനും പി എച്ച് ഡി ഗവേഷണത്തിനും അര്‍ഹത നിര്‍ണ്ണയിക്കുന്ന പരീക്ഷയാണ് ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനിയറിങ്ങ് (ഗേറ്റ്) (http://gate.iitk.ac.in/). എഞ്ചിനിയറിങ്ങ് കോളേജുകളുടെ എണ്ണം ക്രമാതീതമായി കൂടിയ സാഹചര്യത്തില്‍ എം ടെക്കിനും ഗേറ്റ് പരീക്ഷയ്ക്കുമൊക്കെ സാധ്യതകള്‍ കൂടുതലാണ്. എഞ്ചിനിയറിങ്ങ് ബിരുദമോ ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

ജെ ഇ എസ് ടി

ഗണിത ശാസ്ത്രം, ഫിസിക്സ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പി എച്ച് ഡി പ്രവേശനത്തിനുള്ള മറ്റൊരു പരീക്ഷയാണ് ജോയിന്‍റ് എന്‍ട്രന്‍സ് സ്ക്രീനിങ്ങ് ടെസ്റ്റ് (https://www.jest.org.in/). തിയററ്റിക്കല്‍ ആന്‍ഡ് ഒബ്സര്‍വേഷനല്‍ അസ്ട്രോണമി, അസ്ട്രോഫിസിക്സ്, കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ്, പ്ലാസ്മാ ഫിസിക്സ്, അറ്റ്‌മോസ്ഫിയറിക്ക് ആന്‍ഡ് സ്പേസ് സയന്‍സ് തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശന കവാടമാണ് ജെ ഇ എസ് ടി. ബി എസ് സി/ എം എസ് സി/ ബി ടെക്/എം ടെക് ആണ് യോഗ്യത.

വിദേശത്തെ ഗവേഷണ സാധ്യതകള്‍

ഇന്ത്യയെ താരതമ്യം ചെയതാല്‍ ഗവേഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നവരാണ് ഒട്ടു മിക്ക വിദേശ സര്‍വകലാശാലകളും. ആയതിനാല്‍ത്തന്നെ വിദേശ രാജ്യങ്ങളില്‍ ഗവേഷണത്തിന് നല്ല തൊഴില്‍ സാധ്യതകളാണുള്ളത്. വിദേശത്ത് തൊഴില്‍ സാധ്യതയും റിസേര്‍ച്ച് ചെയ്യുവാന്‍ അവസരവുമുള്ള ഏതാനും ചില ശാസ്ത്ര മേഖലകള്‍

  • നാനോടെക്നോളജി: ചികിത്സാ രംഗത്ത് മുതല്‍ കെട്ടിട നിര്‍മ്മാണ രംഗത്ത് വരെ നാനോടെക്നോളജി വന്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. അനുദിനം വളര്‍ന്ന് വരുന്ന ഈ മേഖലയില്‍ അവസരങ്ങള്‍ ഏറെയാണ്.
  • ബയോ ഇന്‍ഫോര്‍മാറ്റിക്സ്: ബയോളജി, വെറ്റിനറി സയന്‍സ്, മെഡിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, ദെന്തല്‍ സയന്‍സ്, ബയോകെമിസ്ട്രി തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ബയോ ഇന്‍ഫോര്‍മാറ്റിക്സില്‍ ഗവേഷണം നടത്താം.
  • മെക്കാട്രോണിക്സ്: വിവിധ എഞ്ചിനിയറിങ്ങ് മേഖലകള്‍ കൂട്ടിച്ചേര്‍ത്തുള്ള പഠന ശാഖയാണിത്. സിംഗപ്പൂരിലും കാനഡയിലുമുള്ള യൂണിവേഴ്സിറ്റികളില്‍ മെക്കാട്രോണിക്സില്‍ റിസേര്‍ച്ച് ചെയ്യാനാകും. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ എഞ്ചിനിയറിങ്ങ് ഗണിതശാസ്ത്രശാഖകള്‍ സമന്വയിപ്പിച്ച് മെക്കാട്രോണിക്സ് കോഴ്സ് തുടങ്ങിയിട്ടുണ്ട്.
  • മൈക്രോബയോളജി: മൈക്രോണുകളുടെ ജൈവചക്രത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയാണിത്. മെഡിക്കല്‍ മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മൈക്രോബയോളജിസ്റ്റായി കാനഡയിലും മറ്റും ഒട്ടേറെ അവസരങ്ങളുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ, വാഷിങ്ടണ്‍ സര്‍വകലാശാല എന്നിവിടങ്ങളിലും ഗവേഷണം നടത്താം. ബാകടീരിയോളജിസ്റ്റ്, എന്‍വയോണ്‍മെന്‍റല്‍ മൈക്രോബയോളജിസ്റ്റ്, ഫുഡ് മൈക്രോബയോളജിസ്റ്റ്, ബയോമെഡിക്കല്‍ എഞ്ചിനയറിങ്ങ്, തുടങ്ങി അവസരങ്ങള്‍ ഏറെയാണ്.
  • ക്ലൈമറ്റോളജി അഥവാ കാലാവസ്ഥാ പഠനം: കാലാവസ്ഥാ വ്യതിയാനം ഭൂമിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചു പഠിക്കുന്ന മേഖലയാണ് ഹൈഡ്രോ മെറ്റീരിയോളജി. ഈ വിഷയത്തില്‍ ഗവേഷണത്തിന് ശേഷം നാസയില്‍ വരെ ജോലി സാധ്യതയുണ്ട്. വെസ്റ്റേണ്‍ കെന്‍റക്കി, ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സൌത്ത് കരോലിന എന്നിവിടങ്ങളിലൊക്കെ റിസേര്‍ച്ചിന് സാധ്യതകളുണ്ട്.
  • ബയോസേഫ്റ്റി: എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് പ്രത്യേകിച്ച് കെമിക്കല്‍ എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് വിദേശത്ത് ഗവേഷണ സാധ്യതകള്‍ ധാരാളം ഉള്ള വിഷയമാണിത്. മെല്‍ബണ്‍, സൌത്ത് അലബാമ, കാലിഫോര്‍ണിയ സര്‍വകലാശാലകളാണ് ഈ രംഗത്തെ പ്രമുഖര്‍.

Leave a Reply