കുഴിയാനകൾ യഥാർത്ഥത്തിൽ പറന്നു നടക്കുന്ന ഒരു പ്രാണിയുടെ ലാർവ്വകളാണ്. പ്രായപൂർത്തിയാകുമ്പോൾ ഇവ നമ്മുടെ ഓണത്തുമ്പിയോട് സാമ്യമുള്ള ഒരു ജീവിയായി മാറുന്നു. വായുവിൽ പറന്നു നടക്കുന്ന ഈ തുമ്പികൾ മണ്ണിൽ മുട്ടയിടുന്നു. രണ്ടു ദിവസങ്ങൾക്കകം തന്നെ അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വരും. ഈ കുഞ്ഞുങ്ങൾ മണലിൽ ചെറു കുഴികളുണ്ടാക്കുന്നു.

ഇര തേടലിൻ്റെ ഭാഗമായാണ് കുഴിയാനകൾ മണ്ണിൽ കുഴികളുണ്ടാക്കുന്നത്. അതിൻ്റെ രീതി വളരെ രസകരമായ ഒന്നാണ്. മണ്ണിൽ നിന്നു കൊണ്ട് പുറകോട്ട് വട്ടം കറങ്ങിയാണ് കുഴിയാനകൾ തങ്ങളുടെ കുഴികൾ ഉണ്ടാക്കുന്നത്. മുകളിൽ വാവട്ടം കൂടിയിരിക്കുകയും താഴോട്ട് പോകുന്തോറും കുഴിയുടെ വ്യാസം കുറഞ്ഞ് വരുന്നതുമായ രീതിയിലാണ് ആശാൻമാർ കുഴിയുണ്ടാക്കുന്നത്. അതിനായുള്ള കുഴിയാനകളുടെ അധ്വാനം ചില്ലറയൊന്നുമല്ല.

ഇരയ്ക്കായുള്ള കാത്തിരിപ്പാണ് പിന്നീട്. അതിനായി തൻ്റെ കൂർത്ത ചുണ്ടുകളും വെളിയിലിട്ട് കുഴിയാന മണ്ണിനടിയിൽ ഒളിച്ചിരിക്കും. അതു വഴി കടന്നു പോകുന്ന ഉറുമ്പുകളോ ചെറുജീവികളോ കുഴിയിലേക്ക് വീഴുന്നു. നിമിഷങ്ങൾക്കകം കുഴിയാന തൻ്റെ ഇരയെ കീഴ്‌പ്പെടുത്തി മണ്ണിനടിയിലേക്ക് വലിക്കുന്നു. ഇര രക്ഷപ്പെടാൻ ശ്രമിച്ചാൽ അതിൻ്റെ മേലേക്ക് മണൽ തെറിപ്പിച്ച് വീണ്ടും കുഴിയിൽ വീഴ്ത്തും.

Leave a Reply