തൃശൂർ: കേരളത്തിലെ പോളിടെക്‌നിക്‌ വിദ്യാർത്ഥികൾ തങ്ങളുടെ സാങ്കേതികമികവിലൂടെ മാറ്റുരക്കുന്ന “പോളി ഹാക്ക് 2020” ഹാക്കത്തോണിനായി തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് 4, 5 തീയതികളിൽ തൃശൂർ മുപ്ലിയം ശ്രീ എറണാകുളത്തപ്പൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിൽ വച്ച് നടക്കുന്ന ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയിൽ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് പോളിടെക്‌നിക്‌ കോളേജുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുക. സംസ്ഥാനത്തു തന്നെ ഇതാദ്യമായാണ് പോളിടെക്‌നിക്‌ വിദ്യാർത്ഥികൾക്കായി ഒരു ഹാക്കത്തോൺ എന്ന ആശയം നടപ്പിലാവുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഓ ആയ “സോഷ്യൽ റിസർച്ച് സൊസൈറ്റി” (എസ്. ആർ. എസ്) ആണ് “പോളി ഹാക്ക് 2020” ന്റെ പിന്നണിയിൽ.

വിവിധ പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള പ്രശ്നങ്ങൾക്ക് വിദ്യാർഥികളിലൂടെ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ഹാക്കത്തോണിന്റെ പ്രധാന ലക്ഷ്യം. 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെയിൽ നൂറോളം ടീമുകൾ വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ തങ്ങളുടെ സാങ്കേതിക പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കുന്നത് അവിസ്മരണീയമായിരിക്കും.

മാർച്ച് 4നു രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ആദിത്യ ആർ. ഐപിഎസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ യുവനടൻ കാളിദാസ് ജയറാം മുഖ്യാതിഥിയായി എത്തുന്നതാണ്. തുടർന്ന് പതിനൊന്നു മണിയോടെ ആരംഭിക്കുന്ന 24 മണിക്കൂർ നീളുന്ന ഹാക്കത്തോണിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് മാർച്ച് 5 നു ഉച്ചക്ക് 3 മണിയോടെ ആരംഭിക്കും.  കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്നോവേഷൻ സെൽ ഡയറക്ടർ ഡോ. മോഹിത് ഗംഭീർ ആണ് സമ്മാനവിതരണം ചെയ്യുക. ചടങ്ങിൽ, എ.ഐ.സി.ടി.ഇ ചെയർമാൻ ഡോ. രമേശ് ഉണ്ണികൃഷ്ണൻ, സി-ആപ്റ്റ് മാനേജിങ് ഡയറക്ടർ ഡോ. എം. അബ്ദുൽ റഹിമാൻ എന്നിവർ പങ്കെടുക്കും.

ഹാക്കത്തോണിന് പുറമെ അഞ്ചാം തീയതി പോളി ഹാക്കിനോടനുബന്ധിച്ചു മെഗാ ജോബ് ഫെയറും സംഘടിപ്പിക്കുന്നു. അൻപതോളം മികച്ച കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കാം: www.polyhack.in

 

all-set-for-poly-hack-2020

Leave a Reply