ലോകത്തെ മികച്ച വിദ്യാഭ്യാസ മാതൃകകൾ പകർത്തണമെന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന്, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഫിൻലൻഡ് വിദ്യാഭ്യാസ മാതൃക ആവിഷ്ക്കരിക്കാൻ ഒരുങ്ങുന്നു. ഫിൻലൻഡിലെ ഹെൽസിങ്കി സർവ്വകലാശാല ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളുമായി സംസ്ഥാന സർക്കാരിനെ സമീപിച്ചു. വിശദമായ പദ്ധതി നിർദ്ദേശം സമർപ്പിക്കാൻ സർവ്വകലാശാലയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

എന്താണ് ഫിൻലൻഡ് മാതൃക?

ഫിൻലൻഡിൽ കുട്ടികളുടെ പ്രീ സ്കൂൾ ആരംഭിക്കുന്നത് ആറാം വയസിലാണ്. ഇതിൽ ക്ലാസ് മുറിക്ക് പുറത്താണ് ഏറിയ പങ്കും പഠനം. ഔപചാരിക വിദ്യാഭ്യാസം ഏഴാം വയസ്സിലാണ് ആരംഭിക്കുന്നത്. പ്രകൃതിയെ അനുഭവിച്ച് അടുത്തറിഞ്ഞ് പഠിക്കുന്ന രീതിയിലുള്ള ഫോറസ്റ്റ് സ്കൂൾ എന്ന സങ്കൽപ്പത്തിൽ കുട്ടികൾ കളിയും തമാശകളുമായി പഠനം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ഒരു വിദ്യാർത്ഥിയുടെ സ്കൂൾ കാലഘട്ടമെന്നത് 16 വയസ്സു വരെയാണ്.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്ലാസ് രണ്ടു മണിയ്ക്ക് അവസാനിക്കും. മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അധ്യാപനം. ഇവിടെ, മത്സരബുദ്ധിയോടെയുള്ള സിലബസ് അനുബന്ധ പഠനത്തിനപ്പുറം, പാഠ്യേതര വിഷയങ്ങൾ രസകരമായ രീതിയിൽ കുട്ടികൾക്ക് അറിയാനും പഠിക്കാനും അവസരം നൽകുന്നു. അധ്യാപകരും കുട്ടികളും തമ്മിൽ ആശയ വിനിമയം നടത്തുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ സ്വയം പഠനത്തിന് മുൻതൂക്കം നൽകുന്നു.

അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് മികച്ച രീതികൾ പിൻതുടരുന്ന ഫിൻലന്റിൽ ഭരണ, അധ്യപന പരിചയവും കഴിവുകളും മാനദണ്ഡമാണ്. ഉയർന്ന നിലവാരമുള്ള അധ്യാപകൻ ക്ലാസ് മുറികളുടെ നാലു ചുവരുകൾക്കപ്പുറം, വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്നു. കുട്ടികളുടേയും, രക്ഷകർത്താക്കളുടേയും ശുപാർശ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പുമായി തുടർ ചർച്ചകൾക്ക് വേണ്ടി ഫിൻലൻറ് സംഘം ഈ മാസം വീണ്ടും എത്തിച്ചേരുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു.

Leave a Reply