കോവിഡ്‌–- 19 വൈറസ്‌ വ്യാപനത്തിൽ നഷ്ടപ്പെട്ട സ്‌കൂൾ ദിനങ്ങൾ വിദ്യാർഥികൾക്ക്‌ സ്വയം വീണ്ടെടുക്കാനും വീട്ടിൽ പഠനം തുടരാനുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിദ്യാർഥികൾക്കായി ഓൺലൈൻ പഠനവിഭവങ്ങൾ തയ്യാറാക്കുന്നു. കോവിഡ്‌–- 19 വൈറസ്‌ വ്യാപനം തടയാൻ രാജ്യത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ്‌ കുട്ടികളുടെ പഠനത്തിന്‌ തടസ്സമാകാതിരിക്കാൻ പുതിയ പഠന സങ്കേതമൊരുക്കാൻ കൈറ്റ്‌ തയ്യാറെടുപ്പുകൾ തുടങ്ങിയത്‌. ഇതിനായി കൈറ്റിന്റെ 160 ഐടി–- അക്കാദമിക്‌ വിദഗ്‌ധർ വീടുകളിലിരുന്ന്‌ പഠനവിഭവങ്ങൾ തയ്യാറാക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്‌.
ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക്‌ പാഠ്യപദ്ധതിക്കും പാഠപുസ്‌തകങ്ങൾക്കും അനുസൃതമായാണ്‌ ഓൺലൈൻ വിഭവങ്ങൾ ഒരുങ്ങുന്നത്‌. മുഴുവൻ ക്ലാസുകളിലെയും എല്ലാ വിഷയങ്ങളുടെയും വിഭവങ്ങളാണ്‌ കൈറ്റിന്റെ ഹൈടെക്‌ മികവിൽ തയ്യാറാക്കുന്നത്‌. അധ്യാപകരുടെ സഹായമില്ലാതെ തന്നെ വിദ്യാർഥികൾക്ക്‌ കംപ്യൂട്ടറിന്റെയോ, മൊബൈൽ ഫോണിന്റെയോ സഹായത്തോടെ പഠനം നടത്താം. വർക്ക്‌ ഷീറ്റ്‌,  ഓഡിയോ, വീഡിയോ തുടങ്ങിയവയുടെ സഹായത്തോടെ ഓരോ പാഠവും സ്വയം പരിശീലനത്തിലൂടെ സ്വായത്തമാക്കാനാകും. നിശ്‌ചിത ദിവസത്തിൽ പഠനത്തിൽ എത്രമുന്നേറ്റമുണ്ടയി എന്ന്‌ പരിശോധിക്കാൻ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാം.
ശരിയുത്തരം പരിശോധിക്കാം.

ഇന്റർനെറ്റ്‌ സൗകര്യത്തിന്‌ വേഗം കുറവുള്ള ഗ്രാമങ്ങളിലും വേഗത്തിൽതന്നെ പാഠഭാഗങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നവിധത്തിലാണ്‌ കൈറ്റ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. എപ്രിൽ ആദ്യവാരം പഠനവിഭവങ്ങൾ ലഭ്യമാകുമെന്ന്‌ കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!