Muralee Thummarukudy
– Chief of Disaster Risk Reduction in the UN Environment Programme.

‘ഡെമോഗ്രാഫി ഈസ് ഡെസ്ടിനി (Democracy is Destiny)’ എന്ന് കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ഉറപ്പിക്കാവുന്ന മറ്റൊന്നാണ് ‘ടീച്ചിങ്ങ് ഈസ് ഫ്യൂച്ചർ (Teaching is Future)’ എന്നത്.

ഏതൊരു രാജ്യത്തിന്റെയും ഭാവി അവർ എങ്ങനെ അവരുടെ പുതിയ തലമുറയെ വിദ്യാഭ്യാസം ചെയ്യിക്കുന്നു എന്നനുസരിച്ചിരിക്കും. ‘ഡെമോഗ്രാഫിക് ഡിവിഡന്റ്’ എന്ന് നാം പറയുന്ന ഭാവി നമുക്കുണ്ടാകണമെങ്കിൽ കൂടുതൽ കുട്ടികൾ ഉണ്ടായാൽ മാത്രം പോരാ, അവരെ വേണ്ട വിധത്തിൽ വിദ്യാഭ്യാസം ചെയ്ത് സമൂഹത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്ന രീതിയിൽ ആക്കുകയും വേണം.

ഒരു സമൂഹത്തിന്/രാജ്യത്തിന് നല്ല ഭാവി ഉണ്ടാകണമെങ്കിൽ അവിടുത്തെ വിദ്യാഭ്യാസം കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും, എല്ലാ കുട്ടികളേയും ഉൾക്കൊള്ളാൻ പറ്റുന്നതും, എല്ലാവർക്കും സാന്പത്തിക ബുദ്ധിമുട്ടില്ലാതെ ലഭ്യമാകുന്നതുമായിരിക്കണം. ഇതിനും പുറമെ സമൂഹത്തിലെ ഏറ്റവും മിടുക്കർ ആയിരിക്കണം അടുത്ത തലമുറയെ പഠിപ്പിക്കുന്നത്.

ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും നല്ല സ്‌കൂൾ വിദ്യാഭ്യാസമായി കരുതപ്പെടുന്നത് ഫിൻലന്റിലെ സ്‌കൂളുകളെ ആണ്. അവിടുത്തെ ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലാണ് അധ്യാപനം. മാസ്റ്റേഴ്സ് ഡിഗ്രി ആണ് അവിടെ പ്രൈമറി സ്‌കൂളിൽ പോലും പഠിപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത. മെഡിസിൻ പഠിക്കാനോ നിയമം പഠിക്കാനോ അഡ്മിഷൻ കിട്ടാനുള്ളതിലും ബുദ്ധിമുട്ടാണ് അവിടെ അധ്യാപനത്തിനുള്ള പ്രോഗ്രാമിൽ അഡ്മിഷൻ കിട്ടാൻ.

ഇത് ഫിൻലാന്റിലെ മാത്രം കാര്യമല്ല.

പാരീസ് ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ – ഒപ്പേറഷൻ ആൻഡ് ഡെവെലപ്‌മെന്റ്റ് (OECD) കഴിഞ്ഞ മാസം വികസിത രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെ പറ്റി ‘Dream Jobs? Teenagers’ Career Aspirations and the Future of Work’ എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ അതിലുണ്ട്.

എന്നെ അതിശയപ്പെടുത്തിയ കാര്യം, വികസിത രാജ്യങ്ങളിലെ കുട്ടികളുടെ ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലുകളിൽ ആദ്യത്തെ പത്തെണ്ണത്തിൽ ‘അധ്യാപനം’ ഇപ്പോഴും ഉണ്ട് എന്നതാണ്. നൂറു കണക്കിന് മറ്റ് തൊഴിൽ സാധ്യതകൾ ഉള്ള കുട്ടികളാണ് അധ്യാപനം ഒരു സ്വപ്നമായി ഇപ്പോഴും കൊണ്ടുനടക്കുന്നത്.

ഇതേ ചോദ്യം ഇപ്പോൾ കേരളത്തിൽ ചോദിച്ചാൽ എന്തായിരിക്കും സ്ഥിതി ?

കേരളത്തിൽ സത്യത്തിൽ അധ്യാപനം ഒരു തൊഴിലായി സ്വപ്നം കാണാൻ പോലും ഇപ്പോൾ നമുക്ക് സാധിക്കാത്ത സ്ഥിതിയാണ്.

കേരളത്തിലെ സ്‌കൂളുകൾ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ എന്നിങ്ങനെ മൂന്നു തരം ഉണ്ട്. കുട്ടികളുടെ എണ്ണത്തിൽ പകുതിയിൽ കൂടുതലും സർക്കാരിതര സ്‌കൂളുകളിൽ ആണ്. ഇതിൽ സർക്കാർ ശന്പളം നൽകുന്ന എയ്‌ഡഡ്‌ സ്‌കൂളുകളിൽ ബഹുഭൂരിപക്ഷത്തിലും അധ്യാപക ജോലി കിട്ടണമെങ്കിൽ വലിയ തുക സംഭാവന നൽകേണ്ടി വരുമെന്നതിനാൽ കഴിവുള്ളവർക്ക് ഈ ജോലി സ്വപ്നമായി അവശേഷിക്കും. അതേസമയം അൺ എയ്ഡഡ് സ്‌കൂളുകളിൽ ശന്പളം എന്ന് പറയുന്നത് പലയിടത്തും കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവർക്ക് കിട്ടുന്നതിലും കുറവാണ്. മറ്റു തൊഴിലുകൾ കിട്ടാത്തവരും, മറ്റു തൊഴിലുകൾക്ക് വേണ്ടി നോക്കിയിരിക്കുന്നവരും ഒക്കെയാണ് ഇവിടെ അധ്യാപകരായിരിക്കുന്നത് (ഈ അധ്യാപകരുടെ ആത്മാർത്ഥതയെ അല്ല ഞാൻ ചോദ്യം ചെയ്യുന്നത്, വേണ്ടത്ര ശന്പളം കൊടുക്കാത്തതിനാൽ കഴിവും അവസരവുമുള്ളവർ ഇവിടെ നിൽക്കില്ല എന്ന് സൂചിപ്പിക്കാൻ പറഞ്ഞതാണ്).

കോളേജുകളിലെ അധ്യാപകരുടെ കാര്യത്തിലും ഇതേ പ്രശ്നമുണ്ട്. കഴിവല്ല പണമാണ് സർക്കാരിതര കോളേജുകളിൽ ജോലികൾ കിട്ടാനുള്ള പ്രധാന മാനദണ്ഡം. കഴിവുള്ളവർക്ക് സ്വപ്നം കാണാനേ പറ്റൂ. കോളേജുകളിൽ പഠിപ്പിക്കുന്നതിന് അധ്യാപനം പ്രത്യേകിച്ച് അറിഞ്ഞിരിക്കേണ്ട എന്നതും ശ്രദ്ധിക്കണം. കേരളത്തിലെ കോളേജ് അധ്യാപകരായി തിരഞ്ഞെടുക്കുന്നവർക്ക് അധ്യാപനത്തിൽ അടിസ്ഥാനമായ വിദ്യാഭ്യാസം എങ്കിലും നൽകാൻ ടീച്ചേഴ്സ് ട്രെയിനിങ് കോളേജുകൾ സ്ഥാപിക്കാനുള്ള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ പദ്ധതി എങ്ങനെയാണ് വിദ്യാഭ്യാസ വകുപ്പ് പാരവെച്ചു മറിച്ചതെന്ന് അംബാസഡർ ശ്രീനിവാസന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

പ്രൊഫഷണൽ കോളേജുകളിലെ കാര്യം ഇതിലും കഷ്ടമാണ്. ഒരു കാലത്ത് എഞ്ചിനീയറിങ്ങ് കോളേജുകളിൽ റാങ്ക് കിട്ടിയവർ ഒക്കെയാണ് അധ്യാപകരായി ചേർന്നിരുന്നത്. ഇന്നത് മാറി. കുറഞ്ഞ ശന്പളം, ജോലിയിൽ ഒട്ടും സ്ഥിരതയില്ലായ്മ, മിടുക്കർക്ക് പുറത്ത് മറ്റു ജോലികൾ കിട്ടാനുള്ള സാധ്യത ഇതെല്ലാം ചേരുന്പോൾ, റാങ്ക് കിട്ടിയവർ പോയിട്ട് ശരാശരിക്കാർ പോലും അധ്യാപനത്തിൽ ഉറച്ചു നിൽക്കുന്നില്ല. അല്പമെങ്കിലും പ്രവൃത്തി പരിചയമുള്ളവർ അധ്യാപനത്തിലും എത്തുന്പോഴാണ് പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ശരിക്ക് ‘പ്രൊഫഷണലിസം’ ഉണ്ടാകുന്നത്. പക്ഷെ പുറത്ത് തൊഴിൽ ചെയ്തവർക്ക് കോളേജിലേക്ക് തിരിച്ചു വരാനുള്ള ഒരു ആകർഷണവും നമ്മുടെ സംവിധാനം ഒരുക്കുന്നില്ല.

ഇതിണ് തീർച്ചയായും പ്രത്യാഘാതം ഉണ്ടാകും. ഏറ്റവും മിടുക്കുള്ളവർ അടുത്ത തലമുറയെ പഠിപ്പിക്കുന്പോൾ കൂടുതൽ മികവുള്ള ഒരു തലമുറ ഉണ്ടാകുന്നു, അങ്ങനെ സമൂഹം മൊത്തമായി പുരോഗമിക്കുന്നു. അധ്യാപകരുടെ നിലവാരം തന്നെ താഴേക്ക് വരുന്പോൾ ഓരോ തലമുറ കഴിയുന്പോഴും കുട്ടികളുടെ നിലവാരവും താഴേക്ക് വരുന്നു. ഇത് കൂനിന്മേൽ കുരു എന്ന പോലെ സമൂഹത്തെ ഉലക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!