പതിനാലാം നൂറ്റാണ്ടിൽ ദല്‍ഹി ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക്ക് (1300 – 1351 മാർച്ച് 20). ഇദ്ദേഹത്തിന്‍റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങള്‍ കാരണമാണ്, ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ ‘തുഗ്ലക്ക്’ എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത്.

തുഗ്ലക്ക് രാജവംശത്തിലെ ഗിയാസ്-ഉദ്-ദീൻ തുഗ്ലക്കിന്റെ മൂത്ത മകനായിരുന്നു ഇദ്ദേഹം. ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ ചരിത്രകാരന്മാർ ‘ബുദ്ധിമാനായ മണ്ടൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിന്‍റെ പല ഭരണപരിഷ്കാരങ്ങളും പ്രതീക്ഷിച്ചതിനു വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. ചരിത്ര കാരന്മാരുടെ പിഴവുമൂലം അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും ആക്ഷേപമുണ്ട്.

ധനക്കുറവ് വന്നപ്പോള്‍ ഏറ്റവും ഫലഭൂയിഷ്ഠമായ ദുവാബ് ദേശത്തെ കര്‍ഷകരുടെ മേല്‍ സുല്‍ത്താന്‍ കനത്ത നികുതി ചുമത്തി കര്‍ഷകന്‍റെ നട്ടെല്ലൊടിച്ചു. കര്‍ഷക കലാപം പൊട്ടിപ്പുറപ്പെട്ടു. നിര്‍ദ്ദാക്ഷണ്യം കലാപത്തെ സുല്‍ത്താന്‍ അടിച്ചമര്‍ത്തിയെങ്കിലും കൃഷി നാശത്തെയും വന്‍തോതിലുള്ള ക്ഷാമത്തെയും തടഞ്ഞു നിര്‍ത്താന്‍ സുല്‍ത്താന്‍റെ തന്ത്രങ്ങള്‍ക്കായില്ല.

സ്വര്‍ണത്തിനും  വെള്ളിയ്ക്കും ദൌര്‍ലഭ്യത വന്നപ്പോള്‍  വെള്ളി നാണയങ്ങള്‍ക്ക് പകരം ചെമ്പ് നാണയം അവതരിപ്പിച്ചു. അതും വലിയ പരാജയമായി. ആസൂത്രണത്തിന്‍റെ കുറവും ഉദ്യോഗസ്ഥരില്‍ വിശ്വാസം നഷ്ടപ്പെട്ടതും സുല്‍ത്താന് വിനയായി.

മുഹമ്മദ് ബിന്‍ തുഗ്ലക്കിന് ഏറ്റവും വലിയ ചീത്തപ്പേരു സമ്മാനിച്ചത്‌ തുഗ്ലക്ക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിൽ നിന്നും ദൗലത്താബാദിലേക് മാറ്റിയതാണ്. ഖജനാവ് കാലിയാക്കി പുതിയ തലസ്ഥാനം രൂപപ്പെടുതിയെന്നത് മാത്രമല്ല, ജനങ്ങളുടെ ഇഷ്ടത്തിനെതിരായാണ് അവരോട് പുതിയ തലസ്ഥാനത്തേക്ക് മാറാന്‍ സുല്‍ത്താന്‍ ആജ്ഞാപിച്ചത്. ഡല്‍ഹിയുമായി ഹൃദയബന്ധം സ്ഥാപിച്ച അന്നാട്ടുകാര്‍ക്ക് മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സുല്‍ത്താന്‍റെ ആജ്ഞയോട് സഹകരിക്കാത്തവരെ കാത്തിരുന്നത് കടുത്ത ശിക്ഷകളായിരുന്നു.  കൊച്ചുകുട്ടികളും വൃദ്ധന്‍മാരും രോഗികളും ഗര്‍ഭിണികളും യാത്രയില്‍ ഏറെ ക്ലേശിച്ചു. പലരും രോഗംമൂലം വഴിക്ക് വച്ച് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദ് വരെയുള്ള റോഡിനിരുവശവും ഏറെ ഖബറിടങ്ങള്‍ കാണാമായിരുന്നത്രെ. തലസ്ഥാന മാറ്റത്തോടെ നിരവധി പേര്‍ മരിക്കുകയും ജനങ്ങള്‍ നിരാശരാവുകയും ചെയ്തത് കണ്ടപ്പോള്‍ തലസ്ഥാന മാറ്റം ഉപേക്ഷിക്കാന്‍ സുല്‍ത്താന്‍ തീരുമാനിച്ചു. ദൗലത്താബാദില്‍ താമസം തുടങ്ങിയ ഡല്‍ഹിക്കാരോട് മടങ്ങി വരാന്‍ കല്‍പിച്ചു. മടക്കയാത്രയില്‍ വൃദ്ധന്‍മാരും രോഗികളുമായ പലരും മരിച്ചു. അങ്ങനെ തലസ്ഥാന മാറ്റം മഹാ പരാജയമായി.

ഇരുപത്താറ് വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഭരണം പരാജയപ്പെട്ട പദ്ധതികളുടേതായിരുന്നു  എന്ന രേഖപ്പെടുത്തലുകള്‍ നില നില്‍ക്കുമ്പോഴും ഏറെ തെറ്റിദ്ധരിക്കപ്പെട്ട സുല്‍ത്താനാണ്  മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്നും വിരോധമുള്ള ചരിത്രകാരന്‍മാര്‍, അതിബുദ്ധിമാനായ സുല്‍ത്താനെ തെറ്റായി വിലയിരുത്തിയാതാണെന്ന വാദവും ശക്തമാണ്.

Image Credits: amazon.in, Anuja Chandramouli

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!