Ramees Kambrath
Ramees Kambrath
Journalist, Editor, Production Manager – NowNext

പ്രപഞ്ചോൽപത്തിയോടുകൂടി ഉണ്ടായി വന്ന രണ്ടു ഘടകങ്ങളാണ് സ്ഥലവും, സമയവും. ലോകത്ത് മനുഷ്യർ സമ്പത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമെല്ലാം വ്യത്യസ്തരാണ്. പക്ഷെ, ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യർക്കും ഒരു പോലെ ലഭിക്കുന്ന ഒന്നാണ് സമയം!

അലസമായി ഇരുന്ന്, വരുന്ന അവസരങ്ങളെല്ലാം കൈവിട്ടുപൊയി ഒടുവിൽ നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നവരും പലപ്പോഴായി പറഞ്ഞിട്ടുണ്ടാക്കുക ‘സമയം കിട്ടിയില്ല’ എന്നായിരിക്കും. സമയം അമ്യൂല്യമാണ്, അത് പാഴാക്കികളയാനുള്ളതല്ല. നല്ല സമയം, ചീത്ത സമയം അങ്ങനെ ഒന്നില്ല.

നാം ആലോചിച്ചു നോക്കിയിട്ടുണ്ടോ ആരാണ് ജീവിതം ആസ്വദിക്കുന്നതെന്ന്? ചിലവഴിക്കാൻ ഇഷ്ടംപോലെ  സമയമുള്ളവരല്ല, മറിച്ച് സമയമില്ലാത്തവരാണ് ജീവിതം ആസ്വദിക്കുന്നത്. ഒന്നും ചെയ്യാനില്ലാത്തതിനേക്കാൾ നമ്മൾ ഇഷ്ടപ്പെടുക എന്തെങ്കിലും ചെയ്യാനുള്ളതിനെയാണ്. സ്യാഭാവികമായും നാം ചെയ്യുന്നത് നമുക്ക് അത്രമേൽ പ്രിയമുള്ളതായിരിക്കും അല്ലെങ്കിൽ ആ സമയത്തിനുള്ളിൽ ഒഴിച്ചു കൂടാൻ പറ്റാത്തവയായിരിക്കും!

ചിലരെ നമ്മൾ പ്രതിഭകൾ എന്നു വിളിക്കാറുണ്ട്. അതു വെറുതെ വിളിക്കുന്നതല്ല, പരിമിതമായ സമയത്തിനുള്ളിൽ ചെയ്യാവുന്നതിനേക്കാൾ കൂടുതല്‍ ചെയ്യുന്നവരാണ് പ്രതിഭകൾ. സമയമില്ല എന്നു പറയുന്നത് ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന ഒരു സമൂഹമായി നാം മാറികൊണ്ടിരിക്കുന്നു.  അലസതയാലുള്ള സമയമില്ലായ്മയല്ല മറിച്ച് ചെയ്യ്തു തീർക്കാനുള്ളത്രയും കാര്യങ്ങൾക്ക് സമയമില്ലായ്മയേയാണ് നാം ആസ്വദിക്കേണ്ടത്.

“നിങ്ങളുടെ സമയം പരിമിതമാണ്, അത് ഒരിക്കലും മറ്റൊരാളുടെ ജീവിതത്തെ പകർത്തലാകരുത്.” ആപ്പിൾ കമ്പനിയുടെ CEO സ്റ്റീവ് ജോബ്സ് ഓർമ്മപ്പെടുത്തുന്നുണ്ട്.

സമയത്തെ ക്രമീകരിച്ചു മുന്നോട്ടു പോയിട്ടുള്ളവർ മാത്രമാണ് ചരിത്രത്തിലും വർത്തമാനകാലത്തും വിജയിച്ചിട്ടുള്ളൂ. സമയത്തെ ഒരാൾക്കും പിടിച്ചു നിർത്താൻ സാധ്യമല്ല. അതുകൊണ്ടു തന്നെ നമ്മുടെ ജീവിത വിജയത്തിനു സമയ ക്രമീകരണം അത്യാവശ്യമാണ്. ഒരു കാര്യം ചെയ്യാൻ തീരുമാനിക്കുമ്പോൾ പല കാരണങ്ങളും നമുക്ക് മുൻപിലുണ്ടാകാം. പെട്ടെന്നു ചെയ്യാനുള്ളതും, അത്ര അത്യാവശ്യമില്ലാത്തതും, ഒരിക്കലും ചെയ്യേണ്ടാത്തതുമായ എത്രയോ കാര്യങ്ങൾക്കു നടുവിലിരുന്ന് മുൻഗണന നിശ്ചയിക്കലാണ് പ്രധാനം. മുൻഗണനകളാണ് സമയത്തെ പകുത്തെടുക്കുന്നതും സമയമില്ലായ്മയുടെ മാനദണ്ഡം നിശ്ചയിക്കുന്നതും.

സമയം പാഴാക്കുക എന്നു നാം പറയാറുണ്ടല്ലോ! ശരിക്കും സമയമാണോ പാഴാകുന്നത്? പാഴാകുന്നത് നമ്മടെ ജീവിതമല്ലെ! സമയത്തേ ഏറ്റവും നല്ല രീതിയിൽ ക്രമീകരിച്ച്  ജീവിതത്തിൽ മികച്ച മുൻഗണന തീരുമാനമെടുത്ത് മുന്നോട്ടു പോവുക…..!

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!