Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

ഒരു ജോലി നേടാൻ പ്രധാനമായും കടന്നു കൂടേണ്ട ഒരു കടമ്പയാണ് ഇന്റർവ്യൂ. ബഹുഭൂരിപക്ഷം ഉദ്യോഗാർഥികളും ഭയപ്പാടോടെ കാണുന്ന ഒരു പ്രോസസ്സ് ആണ് ഇന്റർവ്യൂ എന്നത്. ഭയം ഉണ്ടെന്നു കരുതി ഒരു തയ്യാറെടുപ്പുകളും ഇല്ലാതെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയാലോ? ആദ്യമേ പറയട്ടെ, കൃത്യമായ തയ്യാറെടുപ്പ് നിങ്ങളുടെ ഇന്റർവ്യൂ ഭയത്തെ ഒരു പരിധി വരെ കുറയ്ക്കുമെന്നു മാത്രമല്ല നിങ്ങളുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുകയും ജോലി നേടിയെടുക്കാൻ കാരണമാകുകയും ചെയ്യും. ഇതിനായുള്ള തയ്യാറെടുപ്പ് പുതുമുഖങ്ങൾക്ക് മാത്രമല്ല വേണ്ടത്, തൊഴിൽ പരിചയമുള്ളവർക്കും വളരെ ആവശ്യമായിട്ടുള്ള ഒന്നാണ്. “First Impression is the Best Impression” എന്നത് വെറും വാക്കല്ല എന്ന് ഓർക്കണം. ഒരു ഇന്റർവ്യൂ കാൾ ലഭിച്ചാൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നമുക്ക് നോക്കാം.

കമ്പനിയെക്കുറിച്ചറിയാം

ഇന്റർവ്യൂ തയ്യാറെടുപ്പിൽ ആദ്യത്തെ ഒന്നാണ് നിങ്ങൾ ഏത് കമ്പനിയുടെ ഇന്റർവ്യൂവിനാണോ പങ്കെടുക്കുന്നത്, ആ സ്ഥാപനത്തെ കുറിച്ച് മനസിലാക്കുക എന്നത്. കമ്പനിയുടെ പ്രവർത്തന രീതി, ഓഫീസുകൾ, ഡയറക്ടർമാർ, കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ, പ്രധാനപ്പെട്ട പ്രൊഡക്ടുകൾ സെർവീസുകൾ, കമ്പനിയുടെ / ഉത്പന്നങ്ങളുടെ മാർക്കറ്റിലെ പ്രധാന എതിരാളികൾ എന്നിവയൊക്കെയാണ് നിങ്ങൾ അന്വേഷിച്ചറിയേണ്ടത്. ഇതിനായി കമ്പനിയുടെ വെബ്സൈറ്റ് പരിശോധിക്കാം. അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിലെ കമ്പനിയുടെ പേജുകൾ നോക്കി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. സാധ്യമെങ്കിൽ, സമാന മേഖലയിൽ ഉള്ളവരുടെ പക്കൽ നിന്നും ചോദിച്ചറിയുന്നതും നിങ്ങളുടെ അറിവ് മെച്ചപ്പെടുത്തും.

മികച്ച റെസ്യുമെ

നിങ്ങളുടെ സ്കില്ലുകൾ, മേന്മകൾ, താൽപ്പര്യങ്ങൾ എന്നിവയെല്ലാം കമ്പനിയ്ക്ക് ബോധ്യപ്പെടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ റെസ്യുമെ എന്നത്. മിക്കവാറും ഉദ്യോഗാർത്ഥികൾ തങ്ങളുടെ റെസ്യുമെ തയ്യാറാക്കുന്നതിന് ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. അതിൽ പരതി, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു മോഡൽ തെരെഞ്ഞെടുക്കുകയാണ് പതിവ്. അതേ റെസ്യുമെ തന്നെ വിവിധ ഇന്റർവ്യൂകൾക്ക് പലകുറി ഉപയോഗിച്ചു വരുന്നതും കാണാം. ശ്രദ്ധിക്കുക, നിങ്ങളുടെ റെസ്യുമെ Impress ചെയ്യേണ്ടത് നിങ്ങളെക്കാൾ കമ്പനിയെ ആണ്. അതുകൊണ്ടു തന്നെ വിവരങ്ങൾ വാരി വലിച്ചു വിതറുന്നതിനു പകരം കമ്പനി നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന വിവരങ്ങൾ എടുത്തു കാണിക്കാൻ പറ്റുന്ന തരത്തിലാണ് റെസ്യുമെ Prepare ചെയ്യേണ്ടത്.

നിങ്ങൾ പങ്കെടുക്കുന്ന ഇന്റർവ്യൂവിനു യോജിച്ച തരത്തിൽ, അതായത് പ്രസ്തുത തൊഴിലിനു ആവശ്യമായ നിങ്ങളുടെ സ്കില്ലുകൾ വിവരിക്കുന്ന തരത്തിൽ ആയിരിക്കണം റെസ്യുമെ. അതിനർത്ഥം, ഇല്ലാത്ത സ്കില്ലുകൾ പെരുപ്പിച്ച് കാട്ടണം എന്നല്ല. തെറ്റായ ഒരു വിവരവും നിങ്ങളുടെ റെസ്യൂമെയിൽ കൊടുക്കരുത്. അത് ഗുണമല്ല, മറിച്ച് ദോഷമായിരിക്കും നിങ്ങൾക്ക് ഭാവിയിൽ ഉണ്ടാക്കാൻ പോകുന്നത്.

നേരത്തേ എത്താം

ഒരു ഉദ്യോഗാർത്ഥിയ്ക്ക് വേണ്ട ഏറ്റവും വലിയ ഗുണമാണ് കൃത്യനിഷ്ഠ എന്നത്. ഇപ്പോഴും ഓടി കിതച്ച് എത്തുന്നതിനു പകരം കുറഞ്ഞത് പത്ത് മിനുട്ട് മുൻപെങ്കിലും ഇന്റർവ്യു സെന്ററിൽ എത്താൻ ശ്രമിക്കണം. നിങ്ങളുടെ തൊഴിലിനോടുള്ള പ്രതിബദ്ധത, ഉത്തരവാദിത്വം എന്നിവയൊക്കെ അളക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് സമയനിഷ്ഠ എന്നത് മറക്കേണ്ട.

വസ്ത്രധാരണം ശ്രദ്ധിക്കാം

ഇത് നിങ്ങളുടെ ആദ്യ ഇന്റർവ്യൂ ആണോ? ഉറപ്പായും ഫോർമൽ ഡ്രസ്സിങ് വേണം. കാഷ്വൽ ഡ്രസിങ് നിങ്ങൾക്ക് മോശം impression സമ്മാനിച്ചേക്കാം. ഏത് തരത്തിലുള്ള ജോലിക്കായുള്ള ഇന്റർവ്യൂ ആയിക്കൊള്ളട്ടെ, വളരെ സിംപിൾ ആയ ഫോർമൽ ഡ്രസിങ് ആണ് അഭികാമ്യം. കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കണം. നിങ്ങൾ ചെലഴിക്കുന്ന കുറഞ്ഞ സമയം കൊണ്ട് നിങ്ങളുടെ സ്വഭാവരീതികൾ വായിച്ചെടുക്കാൻ ഇന്റർവ്യൂ പാനലിനെ സഹായിക്കുന്ന ഒന്നാണ് വസ്ത്രധാരണത്തത്തിന്റെ വിലയിരുത്തൽ എന്നത്.

നിങ്ങളാകുക

ഇന്റർവ്യൂ സമയത്ത് നിങ്ങൾ നിങ്ങളാകുക. നിങ്ങളുടെ മാർക്ക്, യോഗ്യതകൾ, സ്കില്ലുകൾ എന്നിവയൊന്നും പെരുപ്പിച്ചു കാട്ടാനോ നുണ പറയാനോ ശ്രമിക്കരുത്. തികച്ചും സത്യസന്ധമായ മറുപടികളാണ് നൽകേണ്ടത്. മാന്യവും ഭവ്യവുമായ രീതിയുള്ള മറുപടി നൽകുക. ഈ തൊഴിലിനു നിങ്ങൾ എത്രത്തോളം ആവശ്യമാണ് എന്നു ഇന്റർവ്യൂ പാനലിനെ ബോധ്യപ്പെടുത്തുന്നതിലാണ് നിങ്ങളുടെ വിജയം.

ഇന്റർവ്യൂ സമയത്ത് ഇവ കൂടി ശ്രദ്ധിക്കണം!

1. ഇന്റർവ്യൂ പാനലിനോട് തർക്കിക്കരുത്. ഒരു പക്ഷെ നിങ്ങളുടെ പോയിന്റ് ശരിയാണെന്നു ഉത്തമ ബോധ്യം ഉണ്ടെങ്കിൽ പോലും തർക്കമുന്നയിക്കാതെ, സംയമനത്തോടെ മാത്രം അവതരിപ്പിക്കുക. ക്രമാതീതമായി ഉയരുന്ന നിങ്ങളുടെ ശബ്ദം, വാക്കുകളുടെ വേഗത എന്നിവയൊക്കെ നിയന്ത്രിക്കാൻ സാധിക്കണം.

2. ഇന്റർവ്യൂ സമയത്ത് നിങ്ങളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കണം.

3. ഇന്റർവ്യൂ പാനൽ സംസാരിക്കാതെ, അങ്ങോട്ട് കയറി ബോണസ്, ഇന്കിമെന്റ്, അലവൻസ് തുടങ്ങിയ കാര്യങ്ങൾ ചോദിക്കരുത്. അതിനായി നിങ്ങൾക്ക് വേറെ സമയം ലഭിക്കും.

4. നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട സംശയങ്ങൾ (ടീം, പ്രോജക്ട്, തൊഴിൽ സമയം തുടങ്ങിയവ) ചോദിയ്ക്കാൻ മടി കാണിക്കരുത്.

5. നിങ്ങളുടെ പഴയ സ്ഥാപനത്തെ കുറിച്ച് (ജോലി / ഇന്റേൺഷിപ്പ് ചെയ്ത) ഒരിക്കലും മോശപ്പെട്ട അഭിപ്രായം പറയരുത്.

6. ഉത്തരം പറയുമ്പോൾ ‘Yes’ or ‘No’ എന്ന് മാത്രം പറയാതിരിക്കാൻ ശ്രമിക്കണം. അൽപ്പം വിശദീരിച്ച മറുപടിയായിരിക്കാൻ നോക്കണം. (വലിച്ച് നീട്ടിയുള്ള മറുപടിയാകാതെയും നോക്കണം.)

7. നിങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ അവതരിപ്പിക്കരുത്.

മികച്ച തൊഴിൽ, മികച്ച ഭാവി എന്ന നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കട്ടെ! വിജയാശംസകൾ നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!