Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് 19, 2020 ഒക്ടോബർ മാസം പിന്നിടുമ്പോഴും, ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ഒരു തിരിച്ചു വരവ് ഉടനെയില്ല എന്ന് തന്നെയാണ്. അനിശ്ചിതമായ അവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയിൽ. ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവർക്ക്. കരിയർ തിരഞ്ഞെടുപ്പുകൾ നടത്തുകയും, അതിനായി മികച്ച ഒരു കോളേജ് തിരഞ്ഞെടുക്കുകയും ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്നതുപോലെ നേരിട്ട് അന്വേഷണങ്ങൾ നടത്താൻ കഴിയാതെ വരുന്നു. ഭാവി പഠനത്തിനായുള്ള തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്താമെന്നതിനെക്കുറിച്ച് അവർ ആശങ്കാകുലരാണ്.

മിക്ക കോളേജുകളും നിലവിലെ സാഹചര്യങ്ങൾ, ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്തു ഇ-ലേണിംഗിലേക്ക് മാറി. ഉപരി പഠനത്തിനായി തയ്യാറായി നിൽക്കുന്ന നിങ്ങളെ, ഉചിതമായ ഒരു കോളേജ് തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളുടെ ഒരു ചെക്ക് ലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നു.

1. കോളേജ് വെർച്വൽ ടൂർ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ – തീർച്ചയായും, അത് സൂക്ഷ്മമായി ശ്രദ്ധിക്കുക.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബന്ധപ്പെട്ട കോളേജ് നൽകുന്ന സൗകര്യങ്ങൾ കാണാനും നേരിട്ട് സന്ദർശനം നടത്താതെ കാമ്പസിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാനും കഴിയും.

2. നിലവിലെ വിദ്യാർത്ഥികളുമായും പൂർവ്വ വിദ്യാർത്ഥികളുമായും സംവദിക്കുക

ഇന്ന് സോഷ്യൽ മീഡിയ വളരെ ശക്തമായ ഒരു പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. ഒരു വിഷയം എവിടെ കണ്ടെത്താമെന്നും എങ്ങനെ കണ്ടെത്താമെന്നും നിങ്ങൾക്ക് അറിയാത്ത ആളുകളുമായി കണക്റ്റു ചെയ്യുന്നതിനും സോഷ്യൽ മീഡിയ സഹായകമാണ്. നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കോളേജുകളിലെ നിലവിലെ ബാച്ചുകളുമായും പൂർവ്വ വിദ്യാർത്ഥികളുമായും ബന്ധപ്പെടുക. നിങ്ങളുടെ ചോദ്യങ്ങൾ അവരോട് ചോദിക്കുക, നിങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. FB, ഇൻസ്റ്റാഗ്രാം പോലെയുള്ള വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ വഴി ഈ ഗ്രൂപ്പുമായി ബന്ധപ്പെടാവുന്നതാണ്. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പൊതുവെ സത്യസന്ധവും ഫിൽട്ടർ ചെയ്യാത്തതുമായ അഭിപ്രായങ്ങളാണ് നൽകുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങളിലേക്ക് നിങ്ങൾക്ക് എത്തിച്ചേരാൻ എളുപ്പമാണ്.

3. ഡിജിറ്റൽ അധ്യാപനവുമായി “കോളേജ്” എത്രത്തോളം പൊരുത്തപ്പെട്ടുവെന്ന് പരിശോധിക്കുക

റിമോട്ട് എഡ്യൂക്കേഷനിലേക്കുള്ള വലിയ മാറ്റം മനസ്സിൽ വച്ചുകൊണ്ട്, ഡിജിറ്റൽ അധ്യാപനവുമായി ഒരു കോളേജ് എത്രത്തോളം പൊരുത്തപ്പെട്ടുവെന്ന് അറിയുന്നത് പ്രധാനമാണ്. മിക്കവാറും കോളേജുകളിൽ ലൈവ് ക്ലാസ്സുകൾ സജീവമാണ്. അവിടെ അധ്യാപകർക്ക് വിദ്യാർത്ഥികളുടെ ഫീഡ് ബാക്ക് നേരിട്ട് കാണാൻ കഴിയും. ഓൺലൈൻ അധ്യാപനത്തിന്റെ ഗുണനിലവാരത്തിൽ തങ്ങൾ സംതൃപ്തരാണെന്ന് പല വിദ്യാർത്ഥികളും പറയുന്നു, എന്നാൽ എല്ലായിടത്തും സ്ഥിതി ഇങ്ങനെയല്ല എന്നും ഓർക്കുക. നിങ്ങൾ തിരഞ്ഞെടുത്ത കോളേജ്, ഡിജിറ്റൽ അധ്യാപനത്തെ എത്രത്തോളം വിജയകരമാക്കി എന്ന് കണ്ടെത്താൻ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ നൽകുന്നതിന് അവരുടെ അധ്യാപന രീതികൾ പരിശോധിക്കുക.

4. ഓരോ കോളേജിന്റെയും 2020 പ്ലെയ്സ്മെന്റ് ട്രാക്ക് പരിശോധിക്കുക

പാൻഡെമിക് സമയത്ത് പോലും വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് അവസരങ്ങൾ നൽകാൻ കഴിഞ്ഞ ഏതൊരു കോളേജും തീർച്ചയായും നിങ്ങളുടെ പരിഗണിച്ച ഓപ്ഷനുകളുടെ പട്ടികയിൽ ഉണ്ടായിരിക്കണം. പാൻഡെമിക് സമയത്ത് അവർക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, പതിവ് സമയങ്ങളിൽ പ്ലേസ്മെന്റ് അവസരങ്ങളും നല്ലതായിരിക്കണം എന്ന നിഗമനത്തിൽ എത്താവുന്നതാണ്.

5. ആരോഗ്യ സുരക്ഷ

വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും, വർധിപ്പിക്കുന്നതിനും വേണ്ടി കോളേജ് പിന്തുടരുന്ന മാർഗ്ഗങ്ങൾ പരിശോധിക്കുക. പ്രത്യേകിച്ചും കോവിഡ് പാൻഡെമിക് വ്യാപനം നടക്കുന്ന ഈ വർഷം വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കുമൊക്കെയായി കോളേജ് ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ പ്രായോഗിക ഫലങ്ങൾ എന്തൊക്കെയെന്നും പരിശോധിക്കണം.

നിങ്ങളുടെ ഓപ്ഷനിലുള്ള കോളേജുകളെക്കുറിച്ചുള്ള ഉചിതമായ ഗവേഷണവും തിരഞ്ഞെടുപ്പും വിജയകരമായ കരിയറിലേക്കും ഭാവിയിലേക്കുമുള്ള നിങ്ങളുടെ ചുവടുകൾ ശക്തിപ്പെടുത്തും. വിദ്യാർത്ഥികൾ അവരുടെ വ്യക്തിഗത കരിയറിനെയും ജീവിത ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയാകണം തീരുമാനങ്ങൾ എടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!