Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

ഇംഗ്ലണ്ടിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളിലൊന്നാണ് ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി. ഇവിടുത്തെ പഠനം ഏറെ ചിലവേറിയയൊന്നാണ്. എന്നാല്‍ ഓക്സ്ഫോര്‍ഡിലെ ഉപരി പഠനത്തിന് ലഭിക്കുന്ന സ്കോളര്‍ഷിപ്പാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. 2 വര്‍ഷത്തേക്കാണ് ഈ സ്കോളര്‍ഷിപ്പ് ലഭിക്കുക.

അല്‍പ്പം ചരിത്രം

സെസില്‍ ജെ റോഡ്സ് എന്ന ബ്രിട്ടീഷ് രാജ്യ തന്ത്രജ്ഞന്‍ സമര്‍ത്ഥ നേതൃത്വ നിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഓക്സ്ഫോര്‍ഡിലെ ഉപരി പഠനത്തിന് ഏര്‍പ്പെടുത്തിയതാണ് റോഡ്സ് സ്കോളര്‍ഷിപ്പ്. ബിരുദാനന്തര ബിരുദ പഠനത്തിന് ലോകത്തിലെ ഏറ്റവും മികച്ച അക്കാദമിക് സ്കോളര്‍ഷിപ്പ്. 15 രാജ്യങ്ങളില്‍ നിന്നായി 83 പേരെ തിരഞ്ഞെടുക്കും. അതില്‍ ഇന്ത്യയില്‍ നിന്ന് 5 പേരുണ്ടാവും. ഇന്ത്യയില്‍ നിന്ന് മുന്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിങ്ങ് അലുവാലിയ ഉള്‍പ്പെടെ ഇരുന്നോറോളം പേരാണ് മുന്‍കാലങ്ങളില്‍ ഈ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രത്യേകതകള്‍

പഠനച്ചിലവിന് പുറമേ സ്റ്റെപെന്‍ഡായി 13000 യൂറോ (ഏകദേശം 9.2 ലക്ഷം രൂപ), ആരോഗ്യ ഇന്‍ഷുറന്‍സ്, യാത്രാ ചെലവ് എന്നിവ ലഭിക്കും. പഠന മികവിന് പുറമേ പാഠ്യേതര നേട്ടങ്ങളും, വ്യക്തിത്വവും, ബുദ്ധിശക്തിയും, നേതൃത്വപാഠവുമെല്ലാം കണക്കിലെടുക്കും.

തിരഞ്ഞെടുപ്പ് എങ്ങനെ

യോഗ്യത – പ്യൂവര്‍/അപ്ലൈഡ് സയന്‍സ്, ഹ്യൂമാനിറ്റിക്‌സ്, നിയമം, മെഡിസിന്‍ ഇവയൊന്നില്‍ ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ് ബിരുദം. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.

പ്രാഥമിക അപേക്ഷ, സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ് – ഉപരി പഠനം ആഗ്രഹിക്കുന്ന വിഷയം, അത് തിരഞ്ഞെടുക്കുവാനുള്ള കാരണം, ഭാവിയിലുള്ള പ്രയോജനം എന്നിവ വിശദമാക്കമണം. റോഡ്സിന്‍റെ പ്രധാന ഉദ്ദേശം പഠന ശേഷം വിദ്യാര്‍ത്ഥികള്‍ അവരവരുടെ രാജ്യത്ത് മടങ്ങിപ്പോയി സേവനം ചെയ്യുക എന്നതാണ്. പഠന വിഷയം ഇതിനെത്രത്തോളം സഹായിക്കുമെന്ന് വ്യക്തമാക്കണം. ആറ് അധ്യാപകരുടെ വിലാസം റഫറന്‍സായി നല്‍കണം.

ശരാശരി ആയിരത്തോളം അപേക്ഷകരില്‍ നിന്ന് 180 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്യും. സെപ്റ്റംബര്‍ അവസാനം ഇവര്‍ക്ക് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആദ്യഘട്ട അഭിമുഖം. ഉപരി പഠന വിഷയവുമായി ബന്ധപ്പെട്ട അഭിമുഖമാണിത്. നിയമം, സയന്‍സ്, സോഷ്യോളജി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍ വെവ്വേറെ പാനലുകള്‍ ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന 18 പേര്‍ക്ക് ന്യൂഡല്‍ഹിയില്‍ അവസാനഘട്ട അഭിമുഖം. പത്ത് പേരോളമുള്ള വിദഗ്ദ പാനലാണ് അഭിമുഖം നടത്തുന്നത്. റോഡ്സ് പ്രതിനിധി, ഓക്സ്ഫോര്‍ഡ് പ്രതിനിധി എന്നിവരും പാനലിലുണ്ട്. പൊതു വിഷയങ്ങളെക്കുറിച്ചാകും ചോദ്യങ്ങള്‍. എല്ലാവരേയും വിലയിരുത്തുന്നത് ഒരേ പാനലായതിനാല്‍ ഉപരി പഠന വിഷയത്തിലുള്ള ചോദ്യങ്ങള്‍ കുറവായിരിക്കും. 20 – 30 മിനിട്ടാണ് സമയം. ഇതില്‍ നിന്നാണ് 5 പേരെ തിരഞ്ഞെടുക്കുന്നത്.

ജൂണ്‍, ജൂലൈ മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക. നവംബറോടെ ജേതാക്കളെ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!