Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

ശാരീരിക പീഢനങ്ങളേക്കാള്‍ ആപത്താണ് കുട്ടികളോടുള്ള മാനസിക പീഢനങ്ങള്‍, മക്കള്‍ക്ക് ബൗദ്ധിക നിലവാരം മാത്രം പോര അതിജീവനശേഷികൂടി വേണം ! പ്രതിസന്ധികള്‍ അവരെ ആത്മഹത്യയിലേയ്ക്കുപോലും നയിക്കുന്ന സാഹചര്യങ്ങളുണ്ട്. അധ്യാപകര്‍ക്ക് സഹരക്ഷിതാക്കളായി മാറാന്‍ കഴിയണം – കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഒരു നാടിന്‍റെയും വീടിന്‍റെയും പ്രതീക്ഷയായിരുന്ന, മദ്രാസ് ഐ ഐ ടി യിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹമരണം രാജ്യത്തിന്‍റെയാകെ വേദനയായി മാറിയിരിക്കുന്നു. അഖിലേന്ത്യ ഐ ഐ ടി ഹ്യൂമാനിറ്റീസ് ആന്‍റ് സോഷ്യല്‍ സയന്‍സ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയവള്‍. കൊല്ലം കിളി കൊല്ലൂര്‍ സ്വദേശിയായ ഫാത്തിമ എന്ന 18 കാരിയെ ചെന്നൈയിലെ തന്‍റെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്‍റെ മരണത്തിനു കാരണം ഇവരാണെന്ന് ആരോപിച്ച്, ചില അധ്യാപകരുടെ പേരെഴുതിയ സ്ക്രീന്‍ ഷോട്ട് മൊബൈല്‍ ഫോണില്‍ പതിപ്പിച്ചാണ് ഫാത്തിമ വിടവാങ്ങിയത്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഫാത്തിമയുടെ മരണം വിരല്‍ ചൂണ്ടുന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകളാണ്. വിവരാവകാശരേഖകള്‍ പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ 8 ഐ ഐ ടികളില്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കിയത് 52 വിദ്യാര്‍ത്ഥികളാണ്. ഐ ഐ ടി മദ്രാസിലാണ് കൂടുതല്‍ മരണങ്ങള്‍ – 14 പേര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. 2015 ല്‍ രാഹുല്‍ പ്രസാദ്, 2018 – ല്‍ ഷാഹല്‍ കോര്‍മത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ചെന്നൈ ക്യാമ്പസില്‍ 4 പേരാണ് ജീവനൊടുക്കിയത്.

വിദ്യഭ്യാസം പീഢനമാകുമ്പോള്‍

അധ്യാപകരില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം, പഠനഭാരം, അക്കാദമിക് സമ്മര്‍ദ്ദങ്ങള്‍, തോല്‍വിഭയം, ഇന്‍റേണല്‍ മാര്‍ക്ക് ഭയം, ഏകാന്തത എന്നിവയാണ് പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്. കൂടാതെ അഭിരുചിയില്ലാത്ത മേഖലകളില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എത്തിപ്പെടുന്നതിന്‍റെ ക്ലേശങ്ങള്‍, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യക്കുറവ്, ഇന്‍റേണല്‍ അസസ്മെന്‍റില്‍ അധ്യാപകരുടെ വിവേചനം, കൂട്ടുകെട്ടുകളുമായി ബന്ധപ്പെട്ട നൈരാശ്യങ്ങള്‍, കടുത്ത മത്സരാന്തരീക്ഷം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ, മാതാപിതാക്കളുടെ അവഗണന, സ്നേഹ ശൂന്യത, മത-ജാതി വിവേചനങ്ങള്‍, സാമ്പത്തിക പിന്നാക്കാവസ്ഥ, വ്യത്യസ്ത പഠനാന്തരീക്ഷത്തോട് സമരസപ്പെടാനുള്ള ബുദ്ധിമുട്ട്, കരിയര്‍ സംബന്ധിച്ച ആകുലതകള്‍, സംവരണം വഴി എത്തുന്നവരോടുള്ള വേര്‍തിരിവ്, ലൈംഗീക ചൂഷണങ്ങള്‍ എന്നിവയെല്ലാം കുട്ടികളുടെ ദിശമാറ്റത്തിന് പ്രേരക ഘടകങ്ങളാണ്.

പ്രതിസന്ധികള്‍ വില്ലനാകുന്നതെപ്പോള്‍ ?

പ്രതിസന്ധികള്‍ വിദ്യാര്‍ത്ഥികളെ വിവിധ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ചിലര്‍ കണ്ടില്ലെന്നു നടിക്കും. ചിലര്‍ അതിജീവിക്കും, ചിലര്‍ കോഴ്സ് അവസാനിപ്പിക്കും. ചിലര്‍ സെമസ്റ്റര്‍ ബ്രേക്ക് എടുക്കും. മറ്റ് ചിലര്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടും. മാനസിക സംഘര്‍ഷം മൂലം ആത്മഹത്യ ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട് നരകതുല്യമായ ജീവിതം നയിക്കുന്നുണ്ട്. സംസ്കാരം, ഭാഷ തുടങ്ങി വ്യത്യസ്ത മായ പഠനാന്തരീക്ഷത്തില്‍ എത്തിപ്പെടുമ്പോള്‍ കുട്ടികള്‍ സ്വാഭാവികമായും അങ്കലാപ്പിലാകും. ഇതിനെ ‘അഡ്‌ജസ്റ്മെന്‍റ് ഡിസോര്‍ഡര്‍’ എന്നാണ് പറയുക. ആദ്യത്തെ കുറച്ചുമാസം കഴിയുമ്പോഴേക്കും മിക്കവരും പൊരുത്തപ്പെട്ട് അതിജീവിക്കും. എന്നാല്‍ ഇത് പരിഹരിക്കാതെ നീണ്ടുപോകുമ്പോഴാണ് കുട്ടി വിഷാദത്തിലേക്കു പോവുക. അത് പിന്നീട് ആത്മഹത്യാ ചിന്തയിലേക്കോ പഠനം ഉപേക്ഷിക്കുന്നതിലേക്കോ നയിക്കും. ഈ സാഹചര്യങ്ങള്‍ കുട്ടികളെ തളര്‍ത്തും.

The man committing suicide by overdosing on medication. close up of overdose pills Premium Photo

ബഹുമിടുക്കരാണെങ്കിലും, ‘ഹെല്‍ത്തി കോപ്പിങ്ങ് ടെക്‌നിക്‌സ് ’ ഇല്ലാത്ത കുട്ടികള്‍ ചെറിയ പ്രശ്നങ്ങളില്‍ പോലും തളര്‍ന്നുപോകും. ഗുരുതരമായ അവസ്ഥയാണിത്. ഈ അവസ്ഥയില്‍ കുട്ടിയുടെ ചിന്തയും വികാരങ്ങളുമെല്ലാം നെഗറ്റീവാകും. എനിക്ക് ഭാവിയില്ല; എന്നെ ഒന്നിനും കൊള്ളില്ല തുടങ്ങിയ ചിന്തകളിലാകും ഇവര്‍. ഇത് ഉറക്കക്കുറവും ഉള്‍വലിയുന്ന പ്രവണതയും സൃഷ്ടിക്കും. അവര്‍ പരോക്ഷമായി ഇതാരോടെങ്കിലും സൂചിപ്പിക്കുന്നുണ്ടാകും. മുതിര്‍ന്നവരും വീട്ടുകാരും ഇത് കാര്യമായി പരിഗണിക്കാതെ വരുമ്പോഴാണ് സ്വയം ചിറകരിയാന്‍ കുട്ടി ശ്രമിക്കുക. അധ്യാപകരും മാതാപിതാക്കളും ഇത്തരം സൂചന കിട്ടിയാല്‍ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടണം. ചില മാതാപിതാക്കള്‍ ഇത് കുട്ടിയുടെ അടവാണെന്നു പറഞ്ഞ് സമ്മര്‍ദ്ദം കൂട്ടും. അവര്‍ക്ക് കുട്ടി നിത്യവിരഹവേദന സമ്മാനിക്കും.

കുട്ടികളുടെ ഉള്ള് കാണണം

കുട്ടികളിലെ ചെറിയ മാറ്റങ്ങള്‍പോലും മനസ്സിലാക്കി ഉള്ളുതുറന്ന് സംസാരിക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. തളര്‍ന്നും തകര്‍ന്നും നില്‍ക്കുന്ന കുട്ടിയെ തിരിച്ചറിയാനും അവരെ വീണ്ടെടുക്കാനും അനുതാപത്തോടെയുള്ള ഇടപെടലുകള്‍ ഉണ്ടാകണം. ആഗ്രഹത്തെക്കാള്‍ അഭിരുചിയാണ് പ്രധാനം. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞേ കോഴ്സുകള്‍ തെരഞ്ഞെടുക്കാവൂ. പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കുട്ടികളുടെ അഭിരുചിയും താല്പര്യവും ബലികഴിച്ചാല്‍ കുട്ടികള്‍ ബലിയാടായിത്തീരും. അന്തിമ തീരുമാനം എപ്പോഴും കുട്ടിയുടെതാകണം.

ബൗദ്ധിക നിലവാരം മാത്രം പോര ! അതിജീവനശേഷികൂടി വേണം

ബൗദ്ധികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോഴും പ്രതികൂല സാഹചര്യങ്ങളില്‍ അതിജീവനശേഷിയില്ലാതെ തളര്‍ന്നുപോവുകയാണ് നമ്മുടെ മക്കള്‍. ഏതു പ്രതികൂലസാഹചര്യത്തോടും പൊരുതി നില്‍ക്കാനും അതിജീവനതന്ത്രം മെനയാനുമുള്ള പാഠങ്ങള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനമായി മാറേണ്ടതുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ വൈകാരിക സംയമനം പാലിക്കാന്‍ പര്യാപ്തമാക്കുന്ന വൈകാരികബുദ്ധി (Emotional Intelligence) പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പ്രതിസന്ധികളെ ബുദ്ധിപരമായി നേരിടാനും സഹായിക്കുന്ന പ്രശ്നപരിഹാര ശേഷി (Problem solving skills) തുടങ്ങിയ ജീവിത നൈപുണ്യങ്ങള്‍ (life skills) കുട്ടികള്‍ ആര്‍ജിച്ചെടുക്കേണ്ടതുണ്ട്.

Sad man in the dark room Premium Photo
ശാരീരിക പീഢനങ്ങളേക്കാള്‍ ആപത്ത് മാനസിക പീഢനം !

പരുഷമായി സംസാരിച്ചാല്‍ ഒരു കുട്ടി ജീവനൊടുക്കുമെന്ന് ശരാശരി അധ്യാപകന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കുട്ടികളെല്ലാം ഒരേ മനോനിലക്കാരല്ല എന്ന തിരിച്ചറിവ് അധ്യാപകനുണ്ടാകണം. ശാരീരിക പീഢനത്തേക്കാള്‍ ആപത്കരമാണ് മാനസികപീഢനങ്ങള്‍. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനം ചൂണ്ടിക്കാട്ടി മുറിവേല്‍പിക്കല്‍, കുറ്റപ്പെടുത്തല്‍, പരിഹാസം, പുച്ഛിക്കല്‍, അവഗണിക്കല്‍, ഭയപ്പെടുത്തല്‍, ശാപവാക്ക് പറയല്‍, താരതമ്യപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം മാനസികപീഢനങ്ങളാണ്. ക്രൂരത കാട്ടുക, വേര്‍തിരിച്ചു വിഷമിപ്പിക്കുക, ആക്ഷേപിക്കുക തുടങ്ങി കുട്ടികളെ മാനസികമായി തകര്‍ക്കുന്ന രീതികള്‍ ഒരിക്കലും അവലംബിക്കരുത്.

അധ്യാപകർ സഹരക്ഷിതാക്കളാകണം !

അധ്യാപകര്‍ സഹരക്ഷിതാക്കളാണ്. കുട്ടിക്ക് തന്‍റെ പെരുമാറ്റമോ പ്രവൃത്തിയോ തിരുത്തപ്പെടേണ്ടതാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഉതകുന്ന തരത്തിലുള്ള ഇടപെടലാണ് അധ്യാപകന്‍ നടത്തേണ്ടത്. കുട്ടികളെ സമ്മര്‍ദ്ദത്തില്‍ പെടുത്താത്ത അധ്യാപന രീതി അഥവാ ബോധന- സംവേദനകല അധ്യാപകന്‍ അറിയുകയും ആ രീതി അവലംബിക്കുകയും വേണം. വിദേശത്തൊക്കെ അധ്യാപകന്‍ വിഷയത്തില്‍ പി എച്ച്ഡി യോടൊപ്പം ബോധന മന:ശാസ്ത്രവും യുവതയുടെ കൗണ്‍സിലിംഗും പഠിക്കേണ്ടതുണ്ട്. ഇനിയും സ്ഥാപന നിര്‍മിത കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ തനതു രീതികളില്‍ നിന്നും അധ്യാപകന്‍ മാറിയേ പറ്റൂ. പ്രോത്സാഹന-അംഗീകാര-മാര്‍ഗ്ഗ നിര്‍ദ്ദേശക സമീപനമാണ് അധ്യാപകരില്‍ നിന്നുണ്ടാകേണ്ടത്. ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണം.

മദ്രാസ് ഐ ഐ ടി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ അക്കാദമിക് വിദഗ്ദ്ധരും സാമൂഹ്യ ശാസ്ത്രജ്ഞരുമടങ്ങിയ ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കണം. 2007 – ല്‍ ഡല്‍ഹി എയിംസില്‍ രൂപീകരിച്ച സമിതിക്ക് സമാനമായ സംവിധാനങ്ങള്‍ എല്ലാ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും ഉണ്ടാകണം. ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുള്ള ഐ ഐ ടി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കൗണ്‍സിലിംഗ് സെന്‍ററുകളും മികച്ച മാനസിക വിദഗ്ദ്ധരുടെ സേവനവും ഉറപ്പുവരുത്തണം. എപ്പോള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് സമീപിക്കത്തക്കവിധം റസിഡന്‍റ് സൈക്കോളജിസ്റ്റും എല്ലായിടത്തും ഉണ്ടാകണം. കുട്ടികളുടെ മാനസികാരോഗ്യം പരിപാലിക്കാന്‍ സംവിധാനം ഉണ്ടാകണം.
ഒപ്പം ഇങ്ങനെ സ്വയം ചിറകരിഞ്ഞ് തീരേണ്ടവരല്ല നമ്മുടെ കുട്ടികള്‍ എന്ന തിരിച്ചറിവ് സമൂഹത്തില്‍ എല്ലാവര്‍ക്കും ഉണ്ടാകണം. ഇനിയും കലാശാലകള്‍ കശാപ്പുശാലകള്‍ ആകാതിരിക്കട്ടെ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!