ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തു വിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക് (1632-1653).

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ.  ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹൽ 1631 ൽ തന്റെ 14- മത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നൽകുന്നതിനിടയിൽ മരിച്ചു. അക്കാലം ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃത വിവരണങ്ങൾ കാണിക്കുന്നു.

താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു.

Tajmahal, Historical, River, Taj, Wonder, Memorial

താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാർബിളിൽ നിർമ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമചതുര സ്തംഭപാദത്തിൽ സ്ഥിതി ചെയ്യുന്നു. സാധാരണ കാണുന്ന എല്ലാ മുഗൾ, പേർഷ്യൻ വാസ്തു വിദ്യയിലേയും പോലെ ഇതിനു ചുറ്റും സമമായി പണിതീർത്തിരിക്കുന്ന ഭാഗങ്ങളും, ഇവാൻ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭ ഗോപുരവും സ്ഥിതിചെയ്യുന്നു. പുറമേയുള്ള അലങ്കാരങ്ങൾ മുഗൾ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങൾ എല്ലാം കൃത്യമായ ആനുപാതത്തിലാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അകത്തളത്തിലെ കൊത്തുപണികൾ പുറമേ ചെയ്തിരിക്കുന്ന തുരന്നുള്ള പണികളേക്കാൾ ഉന്നതമായ കൽകൊത്ത് പണികളാണ്. ഇത് വളരെ വിലപ്പെട്ട കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. ഇതിന്റെ എല്ലാ വശങ്ങളിൽ നിന്നും ഇതിലേക്കുള്ള പ്രവേശനമുണ്ട്.

താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു യഥാർഥ മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. താജ് മഹൽ കെട്ടിട സമുച്ചയം ചുറ്റിലും ചെത്തി ഭംഗി വരുത്തിയിരിക്കുന്ന ചെങ്കൽ കൊണ്ടും ചുമരുകൾ കൊണ്ടും മറച്ചിരിക്കുന്നു. മൂന്നു വശങ്ങൾ ഇത്തരത്തിൽ മറച്ചിരിക്കുകയും യമുന നദിയുടെ ഭാഗം തുറന്നിരിക്കുകയും ചെയ്യുന്നു. ഈ ചുമരുകൾക്ക് ചുറ്റിലും കുറെ അധികം ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും മുംതാസിന്റെ പ്രിയപ്പെട്ട ദാസിയുടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു.

ചരിത്രങ്ങളും കഥകളും ഒരുപാടുണ്ടെങ്കിലും ലോകാത്ഭുതങ്ങളിൽ മാറ്റമില്ലാത്ത ഒരു വിസ്മയമെന്ന പേര് താജ്മഹലിന് നൽകാം. മുസ്ലിം സംസ്കാരത്തിന്റെ ഭാഗങ്ങളും വ്യത്യസ്തമായ ശില്പ ഭംഗി കൊണ്ടും ഇത് വേറിട്ട് നിൽക്കുമ്പോൾ ഇത്രത്തോളം മനോഹരമായ പ്രണയ കുടീരം ഇനിയില്ല എന്നതാണ്.

ലോകത്തെ പ്രമുഖ വിനോദ സഞ്ചാര മേഖലയായ താജ്മഹലിൽ ഇന്ന് വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്ക്. ഇതിൽ 200000 ൽ അധികം വിദേശികളാണ്

Leave a Reply