ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള  ചുമതലകളും അധികാരങ്ങളും നിർവഹിക്കുകയാണ് രാഷ്ട്രപതി ചെയ്യുന്നത്. 1950 ൽ  ഇന്ത്യൻ ഭരണഘടന രൂപം കൊണ്ടതുമുതലുള്ള രാഷ്ട്രപതിമാരും ഭരണത്തിലിരുന്നിരുന്ന കാലഘട്ടവുമാണ് താഴെ പറയുന്നത്.

രാജേന്ദ്ര പ്രസാദ് (1950 -1962 )

ബിഹാറിൽ നിന്നുള്ള രാജേന്ദ്ര പ്രസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയും, ഏറ്റവും കൂടുതൽ കാലം (12 വർഷം) രാഷ്ട്രപതിയുമായുള്ള വ്യക്തിയാണ്. രണ്ട് തവണ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞ ഏകരാഷ്ട്രപതിയാണ് രാജേന്ദ്ര പ്രസാദ്. രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) അധ്യക്ഷനായും രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. എസ് രാധാകൃഷ്ണൻ (1962- 1967 )

സർവേ പള്ളി രാധാകൃഷ്ണൻ എന്നാണ് പൂർണ്ണ നാമം. പ്രമുഖ തത്ത്വചിന്തകനും എഴുത്തുകാരനുമായ എസ്. രാധാകൃഷ്ണൻ, ആന്ധ്രാ സർവ്വകലാശാലയുടെയും ബനാറസ് ഹിന്ദു സർവ്വകലാശാലയുടെയും വൈസ് ചാൻസലർ പദവിയും വഹിച്ചിട്ടുണ്ട്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. എല്ലാ നേട്ടങ്ങളും സംഭാവനകളും നൽകിയിട്ടും, രാധാകൃഷ്ണൻ ജീവിതത്തിലുടനീളം അധ്യാപകനായി തുടർന്നു. ഇന്ത്യയിലെ ആദ്യ ഉപരാഷ്ട്രപതിയും ഏറ്റവും കൂടുതൽ കാലം ഉപരാഷ്ട്രപതിയായ വ്യക്തികൂടിയായിരുന്നു അദ്ദേഹം.

സാക്കിർ ഹുസ്സൈൻ (1967- 69 )

അലിഗഢ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന സാക്കിർ ഹുസൈൻ, പത്മവിഭൂഷണും ഭാരതരത്നവും ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി പദവിയിലായിരിക്കുമ്പോൾ അന്തരിക്കുന്ന ആദ്യത്തെ വ്യക്തിയും ഇദ്ദേഹമാണ്. ഏറ്റവും കുറവ് കാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയുമാണ്. മുസ്ലിം വിഭാഗത്തിൽ നിന്നുമുള്ള ആദ്യരാഷ്ട്രപതിയാണ് ഇദ്ദേഹം.

വി വി ഗിരി (1969- 74 )

വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹ ഗിരി വെങ്കട ഗിരി രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ്. ഇന്ത്യയുടെ കേന്ദ്രതൊഴിൽ മന്ത്രിയായും സിലോണിലേയ്ക്കുള്ള (ശ്രീലങ്ക) ഹൈ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്. ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും, മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഫക്രുദ്ധീൻ അലി അഹമ്മദ് (1974- 1977 )

രാഷ്ട്രപതിയാവുന്നതിന് മുമ്പ് ഫക്രുദ്ദീൻ അലി അഹമ്മദ് കേന്ദ്രമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രപതി കാലാവധി തീരുന്നതിനു മുമ്പ് തന്നെ, 1977-ൽ അന്തരിച്ചു. രാഷ്ട്രപതി പദവിയിലിരിക്കുമ്പോൾ, അന്തരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം. അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്.

നീലം സഞ്ജീവ് റെഡ്‌ഡി (1977- 82 )

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു എൻ.എസ്. റെഡ്ഡി. ആന്ധ്രാപ്രദേശിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട, ജനതാ പാർട്ടിയിൽ നിന്നുള്ള ഒരേയൊരു ലോക്സഭാംഗമായിരുന്നു ഇദ്ദേഹം. 1977 മാർച്ച് 26-ന് ഇദ്ദേഹത്തെ ഏകകണ്ഠേന ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പിന്നീട് ഈ പദവി ഒഴിഞ്ഞ്, 1977 ജൂലൈ 13-ന് ഇന്ത്യയുടെ ആറാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്യാനി സെയിൽ സിങ് (1982- 87 )

പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി. ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ ഇദ്ദേഹമായിരുന്നു രാഷ്‌ട്രപതി. ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) സെക്രട്ടറി ജനറലറായിരുന്നു.

ആർ. വെങ്കട്ട രാമൻ (1987- 92 )

രാമ സ്വാമി വെങ്കട്ടരാമൻ എന്നാണ് പൂർണ്ണ നാമം. 1942-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷുകാർ, വെങ്കടരാമനെ ജയിലടച്ചിട്ടുണ്ട്. പീന്നിട്, സ്വതന്ത്ര ഇന്ത്യയിലെ താത്കാലിക പാർലമെന്റിലേക്ക് കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള അംഗമായി തിരഞ്ഞെടുക്കുകയും കേന്ദ്രസർക്കാരിന്റെ ഭാഗമായി, ധനകാര്യം, വ്യവസായം എന്നീ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട്, പ്രതിരോധവകുപ്പുമന്ത്രിയായും പ്രവർത്തിച്ചു.

ശങ്കർ ദയാൽ ശർമ്മ (1992- 97 )

ശങ്കർ ദയാൽ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രിയായും കേന്ദ്ര വാർത്താ വിനിമയ വകുപ്പുമന്ത്രിയായും പ്രവർത്തിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.  ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ നിയമം പഠിപ്പിച്ചിട്ടുള്ള ഇന്ത്യൻ രാഷ്ട്രപതി.

കെ ആർ നാരായണൻ (1997- 2002 )

കൊച്ചേരിൽ രാമൻ നാരായണൻ എന്ന് പൂർണ്ണ നാമം.തായ്‌ലാന്റ്, തുർക്കി, ചൈന, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി പ്രവർത്തിച്ചു. ശാസ്ത്രത്തിലും നിയമത്തിലും ഡോക്റേറ്റ് ലഭിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സർവ്വകലാശാലകളുടെ ചാൻസലർ പദവി വഹിച്ചിട്ടുണ്ട്.  കേരളത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും, ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.

എ പി ജെ അബ്ദുൽ കലാം(2002- 2007)

അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്നാണ് പൂർണ്ണ നാമം. ഇദ്ദേഹത്തിന്റെ ജനകീയമായ ഇടപെടലുകൾ കാരണം ‘ജനകീയനായ രാഷ്ട്രപതി’ എന്നും കലാം അറിയപ്പെടുന്നു. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകളുടെയും ആണവായുധപദ്ധതികളുടെയും വികാസത്തിനു മുഖ്യപങ്കുവഹിച്ച ഒരു ശാസ്ത്രജ്ഞനാണ് എ.പി.ജെ. അബ്ദുൽ കലാം. ഇദ്ദേഹത്തിനു ഭാരതരത്ന ലഭിച്ചിട്ടുണ്ട്. അവിവാഹിതനായ ആദ്യരാഷ്ട്രപതിയും മുസ്ലിം വിഭാഗത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.

പ്രതിഭ പാട്ടിൽ  (2007- 2012  )

ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടീൽ. രാജസ്ഥാൻ ഗവർണറാകുന്ന ആദ്യത്തെ വനിത കൂടിയാണ് ഇവർ. യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ഇവർ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്.

പ്രണബ് മുഖർജി(2012- 2017)

വിവിധ കാലഘട്ടങ്ങളിലായി രാജ്യത്തിന്റെ ധനകാര്യം, വിദേശകാര്യം, പ്രതിരോധവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള പ്രണബ് മുഖർജി, പ്ലാനിംങ്ങ് കമ്മിഷന്റെ ഡെപ്യൂട്ടി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നുമാണ്‌ ലോകസഭാംഗമായത്. 2019-ൽ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു.

റാം നാഥ് കോവിന്ദ് (2017- )

2015 മുതൽ 2017 വരെ ബീഹാർ ഗവർണറായും, 1994 മുതൽ 2006 വരെ പാർലമെന്റ് അംഗമായും റാം നാഥ് കോവിന്ദ് പ്രവർത്തിച്ചു. കെ.ആർ. നാരായണനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!