
Sub Editor, NowNext
ഇന്ത്യ നിരവധി ഭാഷകള്‍ കൊണ്ട് സമ്പന്നമാണ്. എല്ലാവര്ക്കും സ്വന്തം ഭാഷ പ്രിയപ്പെട്ടതും പ്രാധാന്യമുള്ളതുമാണ്. ഭാഷാ പഠനത്തില്‍ സ്വന്തം ഭാഷ തിരഞ്ഞെടുക്കുന്നവര്‍ നിരവധിയുണ്ട്. പല ഭാഷകളിലും പ്രത്യേകമായി പഠനമുള്ളത് പോലെയാണ് മലയാള ഭാഷയിലും.
ഇന്ത്യയില്‍ മലയാള ഭാഷ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഈ പഠനത്തിന്റെ സാധ്യതകളും കൂടുതല്‍ ഗുണകരമാവുന്നത് കേരളത്തിലുള്ളവര്ക്കായിരിക്കും. ഭാഷ, അതിന്റെ പിറവി, ചരിത്രം, സംസ്കാരം തുടങ്ങിയ ഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനമാണ് മലയാള ഭാഷ പഠനമെന്നത്.
മലയാള ഭാഷ പഠനം എന്നത് ബിരുദമായും ബിരുദാനന്തര ബിരുദമായും പഠിക്കാവുന്നതാണ്. മലയാള ഭാഷയോട് പ്രത്യേക താല്പര്യമുള്ളവര്ക്ക് ഈ കോഴ്സ് വളരെ രസകരമായി പഠിക്കാം.
മലയാളം വെറും മാതൃഭാഷയായി കാണുകയും മാതൃഭാഷ പ്രത്യേകം പഠിക്കേണ്ടതാണോ എന്നുള്ള ചിന്തയൊക്കെ പലര്‍ക്കുമുണ്ടാകും. പക്ഷെ വെറും ഭാഷ അറിവിനപ്പുറം അതിനെ ആഴത്തിലറിയുന്നതിലൂടെ, മികച്ച കരിയര്‍ അവസരങ്ങള്‍ കൂടി ലഭിക്കുന്നതാണ്.
കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ടി വി ചാനലുകള്‍, മീഡിയ ഹൗസുകള്‍, പരസ്യ ഏജന്‍സികള്‍, അച്ചടി കമ്പനികള്‍, പരിഭാഷ സേവനം തുടങ്ങിയ മേഖലകളില്‍ നിരവധി അവസരങ്ങളുണ്ട്. അധ്യാപകര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മലയാളം ജേണലിസം, ട്രാന്സ്ലേറ്റര് തുടങ്ങിയ ജോലികള്‍ മലയാള ബിരുദക്കാരെ കാത്തിരിക്കുന്നുണ്ട്.
പ്ലസ് ടു പാസ്സ് ആയ എല്ലാവര്ക്കും ബി എ മലയാളം പഠിക്കാം. ബിരുദാനന്തര ബിരുദമായി എം എ മലയാളം തിരഞ്ഞെടുക്കുന്നവര്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം നിര്‍ബന്ധമാണ്.
പല യൂണിവേഴ്സിറ്റികളും കോളേജുകളും പ്രവേശന പരീക്ഷ നടത്തുന്നുണ്ടെങ്കിലും നേരിട്ടുള്ള പ്രവേശനത്തിലൂടെയും ഈ കോഴ്സിന് ചേരാവുന്നതാണ്. ബിരുദാനന്തര ബിരുദ കോഴ്സായി എം എ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെന്ററല്‍ യൂണിവേഴ്സിറ്റികളായ അലിഖഢ് മുസ്ലിം യൂണിവേഴ്സിറ്റിയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമെല്ലാം പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. കേരളത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയും പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷന് നല്‍കുന്നത്.
പ്രമുഖ കോളേജുകള്‍
- Presidency College, Chennai
- Government Victoria College, Palakkad
- University of Calicut, Calicut
- Christian College, Chenghannur
- Assumption College, Kottayam