ആഗോളതാപനവും തുടർന്നുള്ള ധ്രുവഹിമാനികളുടെ ശോഷണവും ലോകത്തിനു തീർത്തും അപകടകരമാകുമെന്ന് നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. തമ്പാൻ മേലോത്ത്. കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്റാർട്ടിക്കയിലെ ഇന്ത്യൻ ഗവേഷണ സാന്നിധ്യവും സാധ്യതകളും അനന്തമാണ്. പുതിയ ലോകക്രമത്തിൽ ഈ ഗവേഷണങ്ങൾ രാജ്യത്തിനു മുതൽക്കൂട്ടാവും. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയായി മാറുന്നതിൽ ഇന്ത്യയ്ക്ക് അന്റാർട്ടിക്കയിലെ ഇടപെടലുകൾക്ക് വലിയ സ്ഥാനമുണ്ട്. ഒരുകാലത്ത് അമേരിക്കയും റഷ്യയും അടക്കി വാണിരുന്ന അന്റാർട്ടിക്കൻ പര്യവേഷണത്തിൽ ഇപ്പോൾ ഇന്ത്യയും വളരെ ശക്തമാണ്. ശാസ്ത്ര ഗവേഷണം, ആഗോള പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക നിക്ഷേപം, അന്താരാഷ്ട്ര നയതന്ത്ര സഹകരണം തുടങ്ങിയ മേഖലകളിൽ ധ്രുവ മേഖല യിലെ പഠനവും ഗവേഷണവും പ്രധാനമാണ്. ആർക്റ്റിക് അന്റാർട്ടിക് മേഖലകളിൽ അടുത്ത കാലത്തു ചൈന നടത്തുന്ന സാമ്പത്തിക നിക്ഷേപങ്ങളും പര്യ വേഷണങ്ങളും ഗൗരവത്തോടെ കാണണം.

ആർട്ടിക് മേഖലയിലെ ഹിമാനികളുടെ ശോഷണം ഉത്തരാർദ്ധഗോളത്തിലെ കാലാവസ്ഥ തകിടംമറിക്കും. അത് അപായപ്പെടുത്തുന്നത് കേരളം ഉൾപ്പടെയുള്ള തീരദേശ പ്രദേശങ്ങളെ ആണ്. ആർട്ടിക്കും അന്റാർട്ടിക്കും മാത്രമല്ല മൂന്നാം ധ്രുവമായ ഹിമാലയൻ ഹിമാനികളുടെ ശോഷണവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഹിമാനികൾ ഉരുകിഒലിക്കുന്നത് ഹിമാലയത്തിലെ മലയിടിച്ചിലുകളുടെ തോതുകൂട്ടി. ചമോലിയിലും കേദാർനാഥിലും ഉണ്ടായ അപകടങ്ങൾ ഇതിന് അടിവര ഇടുന്നതാണ്. ഇന്ത്യൻ മൻസൂണിന്റെ ചാക്രിക സ്വഭാവത്തിലുണ്ടായ മാറ്റവും ഇതുമായി ബന്ധപെട്ടിരിക്കുന്നു. ഹിമാനികളുടെ ശോഷണം, ദ്രുതഗതിയിലുള്ള മഞ്ഞുരുക്കം, ഇതിനോട് അനുബന്ധിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ, സമുദ്ര നിരപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ധ്രുവപ്രദേശങ്ങളിലെ ജൈവമണ്ഡലം തുടങ്ങിയവയെ കുറിച്ചും യൂണിവേഴ്സിറ്റി സെമിനാറിൽ സംവാദം നടന്നു. ധ്രുവപ്രദേശങ്ങളിൽ ലോകരാജ്യങ്ങൾക്കുള്ള താല്പര്യങ്ങളെ കുറിച്ചും വിഭവഗവേഷണങ്ങളെകുറിച്ചും വിലയിരുത്തലുകലുണ്ടായി. ധ്രുവപ്രദേശങ്ങളിലെ ഗവേഷണസാധ്യതകൾ, ആർട്ടിക് ഗവേഷണത്തിൽ വ്യത്യസ്ത ശാസ്ത്രശാഖകൾക്കുള്ള സാധ്യതകൾ, ഇന്റർ ഡിസിപ്ലിനറി പഠനത്തിന്റെ ആവശ്യകത തുടങ്ങിയവ സംവാദത്തിന്റെ മുഖ്യ വിഷയങ്ങളായി. കഠിനമായ കാലാവസ്ഥയിലുള്ള തൻ്റെ അന്റാർട്ടിക്ക് ഗവേഷണാനുഭവങ്ങളും ഡോ. തമ്പാൻ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. സാബു.എ, റിസർച്ച് ഡയറക്ടർ പ്രൊഫ.അനിൽ രാമചന്ദ്രൻ, ഭൂമിശാസ്ത്ര വിഭാഗം മേധാവി ഡോ. ടി കെ പ്രസാദ് എന്നിവർ സംസാരിച്ചു.

(Dr തമ്പാൻ മേലോത്ത് :- നിരവധി തവണ അന്റാർട്ടിക്കയിൽ പഠനം നടത്തിയ ശാസ്ത്രജ്ഞൻ. നിലവിൽ വിവിധ ആർട്ടിക് പഠനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. പ്രാചീന കാലാവസ്ഥ (Paleo climate), ഹിമാനി പഠനം, ധ്രുവ പഠനം എന്നിവയിൽ വിദഗ്ധനാണ്. ഉത്തര ധ്രുവവും ദക്ഷിണ ധ്രുവവും മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയവും കീഴടക്കിയ ഏക മലയാളി ശാസ്ത്രജ്ഞൻ)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!