Charlie Paul
അഡ്വ.ചാർളി പോൾ MA, LL. B, DSS
ട്രെയ്നർ, മെൻറർ (Ph: +91 9847034600)

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ” ഒന്നിനും കൊള്ളാത്തവന്‍ ” എന്നാണ് ക്ലാസ് ടീച്ചര്‍ വിശേഷിപ്പിച്ചിരുന്നത്. നാല് വയസിന് ശേഷമാണ് ഐന്‍സ്റ്റീന്‍ സംസാരിക്കാന്‍ തുടങ്ങിയത്. പതിനേഴാമത്തെ വയസില്‍ സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ച് പോളിടെക്നിലേക്കുള്ള പ്രവേശന പരീക്ഷയില്‍ തോറ്റയാളാണ്. ഏവരും എഴുതിത്തള്ളിയ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആധുനിക ഫിസിക്സിന്റെ പിതാവായി മാറി. 1921 ല്‍ നോബല്‍ സമ്മാനം ലഭിച്ചു.

രക്ഷിതാക്കളും അധ്യാപകരും ‘നിന്നെ ഒന്നിനും കൊള്ളില്ല’ എന്ന ശകാരം ഉയര്‍ത്തിയ പലരും പ്രഗത്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. ചിലരെല്ലാം ആത്മാഭിമാനം നഷ്ടപ്പെട്ട്, ആത്മവിശ്വാസം ആര്‍ജ്ജിക്കാനാകാതെ പിന്തള്ളപ്പെട്ട് പോയിട്ടുമുണ്ട്. ഒരിക്കല്‍ പോലും കുട്ടികളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന പദപ്രയോഗങ്ങള്‍ ആരും പറയരുത്.

ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് വിജയത്തിന്റെ കാതല്‍. അത് തകര്‍ത്തിട്ടും വിജയികളായവര്‍ ധാരാളമുണ്ട്. ‘മരമണ്ട’നെന്ന് പറഞ്ഞ് അധ്യാപകര്‍ തള്ളിക്കളഞ്ഞയാളാണ് തോമസ് ആല്‍വ എഡിസണ്‍. നിങ്ങളുടെ മകന്‍ കഴിവില്ലാത്തവനാണെന്നും സ്‌കൂളില്‍ നിന്ന് കൊണ്ട് പോവാനും പറഞ്ഞ് ക്ലാസ്സ് ടീച്ചര്‍ എഡിസന്റെ അമ്മക്ക് കത്ത് നല്‍കി.

‘കാര്യക്ഷമതയില്ല ‘ എന്നുപറഞ്ഞ് ജോലികളില്‍ നിന്ന് പിരിച്ചുവിട്ടു. അദ്ദേഹം പിന്നീട് 1,093 കണ്ടുപിടിത്തങ്ങള്‍ നടത്തി, ശാസ്ത്ര പ്രതിഭയായി മാറി. ജനറല്‍ ഇലക്ട്രിക് ഉള്‍പ്പെടെ 14 കമ്പനികള്‍ സ്ഥാപിച്ചു. എഡിസനെ പുറത്താക്കിയവര്‍ തന്നെ പിന്നീട് എഡിസന്റെ കണ്ടുപിടുത്തങ്ങള്‍ ക്ലാസില്‍ പഠിപ്പിച്ചു.

അഭിനയം കൊണ്ടും ശബ്ദ ഗാഭീര്യം കൊണ്ടും ശ്രദ്ധേയനായ അമിതാബച്ചനോട് ‘താങ്കളുടെ ശബ്ദം നല്ലതല്ല’ എന്നു പറഞ്ഞ് ഓള്‍ ഇന്ത്യ റേഡിയോയിലെ അനൗണ്‍സര്‍ തസ്തികയിലേക്കുള്ള അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. 1999 ല്‍ ബി.ബി.സി. നടത്തിയ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പില്‍ ഈ നൂറ്റാണ്ടിലെ സൂപ്പര്‍ സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയോടാണ്, ഇന്ത്യയിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറിനോടാണ് ഇങ്ങനെ പറഞ്ഞതെന്നോര്‍ക്കുക.

‘ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത ഈ കുട്ടിക്ക് ഒരിക്കലും വിജയിക്കാന്‍ പറ്റില്ലെന്ന്’ മൈക്കിള്‍ ഫെല്‍പിസിന്റെ അമ്മയോട് ടീച്ചര്‍ പറഞ്ഞു. തല വെള്ളത്തില്‍ മുക്കാന്‍ മൈക്കിളിന് പേടിയായിരുന്നു. അതുകൊണ്ട് മൈക്കിള്‍ പുറകോട്ട് നീന്തി പരിശീലിച്ചു. ലോകത്തിലെ ഏറ്റവും മികച്ച നീന്തല്‍ താരമായി മാറിയ മൈക്കിള്‍ ഫെല്‍പ്സ്, 39 ലോക റിക്കാര്‍ഡുകള്‍ നീന്തലില്‍ നേടി. ഒളിംപിക്സില്‍ 16 മെഡലുകള്‍ നീന്തലിന് ലഭിച്ചു.

1999 ല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വശ്യസുന്ദരിയായി പീപ്പിള്‍ മാസിക തെരഞ്ഞെടുത്ത മര്‍ലിന്‍ മണ്‍റോയ്ക്ക് 1947 ല്‍ ഒരു വര്‍ഷത്തെ മോഡലിംഗ് കോണ്‍ട്രാക്ടിനുശേഷം ‘സുന്ദരിയല്ല’ എന്ന കാരണത്താല്‍ കരാര്‍ പുതുക്കി നല്‍കിയില്ല. കുട്ടിക്കാലത്ത് അനാഥാലയത്തിലാണ് മര്‍ലിന്‍ വളര്‍ന്നത്. അമ്മ മാനസിക രോഗിയും വിധവയുമായിരുന്നു. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സിനിമാചരിത്രത്തിലെ ഏറ്റവും പ്രഗത്ഭയായ താരമായി മര്‍ലിന്‍ മണ്‍റോ പിന്നീട് അറിയപ്പെട്ടു.

‘റോക് എന്‍ റോള്‍’ അതികായകനായ എല്‍വിസ് പ്രിസ്ലിക്ക് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സംഗീതത്തിന് ‘സി’ ഗ്രേഡാണ് ടീച്ചര്‍ നല്‍കിയത്. 1977 ല്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ 600 മില്യണ്‍ കോപ്പി ആല്‍ബങ്ങള്‍ വിറ്റുകഴിഞ്ഞിരുന്നു. 36-മത്തെ വയസില്‍ ‘ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും’ ലഭിച്ചു.

ബാള്‍ട്ടി മോറിലെ ടിവി ചാനലില്‍ അവതാരികയായി ചേര്‍ന്ന ഓഫ്ര വിന്‍ഫ്രിയെ ചാനല്‍ മേധാവി വൈകാതെ പുറത്താക്കി. ‘അവതരണം കൊള്ളില്ല’ എന്നതായിരുന്നു കാരണം. വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രത്തിലെ എക്കാലത്തെയും പ്രശസ്തയായ ടി വി അവതാരകയും ചാനല്‍ ഉടമയുമായി അവര്‍ മാറി. 144 രാജ്യങ്ങളില്‍ ആരാധകരുള്ള ഓഫ്ര വില്‍ഫ്രി ഷോയ്ക്ക് ആഴ്ചയില്‍ 44 ദശലക്ഷം അമേരിക്കന്‍ കാഴ്ചക്കാരുണ്ട്. ഏറ്റവും ധനികയായ കറുത്ത അമേരിക്കക്കാരിയാണവര്‍.

ഭാവനാശേഷിയും പുതിയ ആശയങ്ങളുമില്ലാത്ത വാള്‍ട്ട് ഡിസ്നിയെ ‘ഒന്നിനും കൊള്ളില്ലെന്ന്’ പറഞ്ഞ് അദ്ദേഹം ജോലി ചെയ്തിരുന്ന പത്രസ്ഥാപനത്തില്‍ നിന്ന് പറഞ്ഞുവിട്ടു. ലോകത്തെ മാറ്റി മറിച്ച ഡിസ്നി കാര്‍ട്ടൂണ്‍ പിറവിക്ക് അത് കാരണമായി.

ദക്ഷിണ കാലിഫോര്‍ണിയായില്‍ സര്‍വകാലാശാലയിലെ സ്‌കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്ട്സില്‍ പ്രവേശനം നേടാന്‍ അപേക്ഷ അയച്ച് 2 തവണ പിന്തള്ളപ്പെട്ടയാളാണ് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് എന്ന ഹോളിവുഡിലെ ഏറ്റവും വലിയ സംവിധായകന്‍. 3 ഓസ്‌കര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ പേരില്‍ ഒരു കെട്ടിടം തന്നെ സര്‍വകലാശാല അദ്ദേഹത്തോടുള്ള ആദരസൂചകമായി അവിടെ പണിതു.

പഠിക്കാന്‍ കഴിവില്ലെന്നു പറഞ്ഞ് മിക്കദിവസവും ബഞ്ചില്‍ കയറ്റി നിര്‍ത്തി ശിക്ഷക്കപ്പെട്ടയാളാണ് ലോകപ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോ.

പോരായ്മകളും ചെറിയ പരാജയങ്ങളും വച്ച് കുഞ്ഞുങ്ങളെയെന്നല്ല ആരെയും അളക്കരുത്. മോശം മാര്‍ക്ക് ഷീറ്റോ പരീക്ഷകളിലെ പരാജയങ്ങളോ ഒന്നുമല്ല ജീവിത വിജയം നിര്‍ണയിക്കുന്നത്. തളര്‍ത്താതെ, തകര്‍ക്കാതെ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകുക. തണലാകുക. ‘എന്തില്ല’ എന്നു നോക്കാതെ ‘എന്തുണ്ട്’ എന്ന് തിരിച്ചറിയുക; വളര്‍ത്തുക. മക്കള്‍ പ്രതിഭകളാണ്, അനശ്വര പ്രതിഭകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!