Siva Kumar
Management Skills Development Trainer, Dubai

തെറ്റിപ്പോവുന്ന ചില തീരുമാനങ്ങള്‍, പലരുടെയും ജീവിതത്തെ തന്നെ മാറ്റിമറിക്കാറുണ്ട്. നല്ല രീതിയില്‍ നടന്നിരുന്ന ബിസിനസ്സ് തകര്‍ന്നു പോകുന്നതിനും, സമ്പന്നന്‍ ദരിദ്രനായി മാറുന്നതിനും, അവരില്‍ ചിലരെങ്കിലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നതിനും കാരണം, പലപ്പോഴും അവരുടെ ചില തെറ്റായ തീരുമാനങ്ങളാണ്.

സകൂളിലൂം കോളേജിലും ഒക്കെ, ധാരാളം കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കാറുണ്ടെങ്കിലും, ജീവിതത്തില്‍ തീരുമാനങ്ങള്‍ എങ്ങിനെയാണ് എടുക്കേണ്ടത് എന്നാരും പഠിപ്പിക്കുന്നില്ല. സ്വന്തം അനുഭവങ്ങളിലൂടെ അവ പഠിച്ചു വരുമ്പോഴേക്കും പലര്‍ക്കും ജീവിതാവസാനം എത്തിയിട്ടുമുണ്ടാവും.

തെറ്റായ തീരുമാനങ്ങളെത്തുടര്‍ന്ന്, ജീവിതം തന്നെ മാറി മറിഞ്ഞവരുടെ കാര്യം പരിശോധിച്ചാല്‍, തെറ്റായ തീരുമാനങ്ങള്‍ മാത്രമല്ല തെറ്റായ തീരുമാനത്തില്‍ നിന്നും, സമയത്ത് പിന്‍മാറാതിരുന്നതാണ്, യഥാര്‍ത്ഥ പ്രശ്നമെന്ന് മനസ്സിലാക്കാനാവും.

ജീവിതത്തില്‍ പലപ്പോഴും നമ്മുടെ തീരുമാനങ്ങള്‍ തെറ്റാറുണ്ട്. പക്ഷേ തീരുമാനം തെറ്റാണെന്നറിഞ്ഞാല്‍ പിന്നെന്ത് ചെയ്യണം എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.

ഒരു സാഹചര്യം നോക്കാം.

ലാഭത്തില്‍ കിട്ടിയതിനെ തുടര്‍ന്ന്, രണ്ടു സുഹൃത്തുക്കള്‍ 500 രൂപ വീതം നല്‍കി വഴിയോര കച്ചവടക്കാരനില്‍ നിന്നും, ഓരോ കൂട ആപ്പിള്‍ വാങ്ങി. പിറ്റേ ദിവസം കഴിക്കാനായി മുറിച്ചു നോക്കുമ്പോഴാണ്, അകത്ത് നിറ വ്യത്യാസം വന്ന്, കേടായിത്തുടങ്ങിയ ആപ്പിളാണവയെന്ന് മനസ്സിലാവുന്നത്.

ഒന്നുകില്‍, ആപ്പിള്‍ മുഴുവന്‍ കൂടുതല്‍ കേടാവുന്നതിന് മുന്‍പായി ഭക്ഷിക്കാം. അല്ലെങ്കില്‍ 500 രൂപയുടെ നഷ്ടം സഹിച്ച് ആപ്പിള്‍ മുഴുവന്‍ കളയാം.

നമ്മള്‍ ഇതില്‍ ഏത് തീരുമാനമെടുക്കും? ആലോചിക്കുക.

ആദ്യത്തെ സുഹൃത്ത് കുടുംബസമേതം ആപ്പിള്‍ കഴിച്ചു തീര്‍ത്തു, 500 രൂപ നഷ്ടപ്പെടാതെ നോക്കി. രണ്ടാമത്തെയാള്‍ നഷ്ടം സഹിച്ച് ആപ്പിള്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, കേടായ ആപ്പിള്‍ കഴിച്ച സുഹൃത്തിനും കുടുംബത്തിനും, വയറില്‍ അസുഖം ബാധിച്ച് ആശുപത്രി ചികിത്സക്കായി 5000 ല്‍ അധികം തുക ചിലവഴിക്കേണ്ടി വന്നു.

ഇവിടെ, ആദ്യത്തെ സുഹൃത്തിന് 500 രൂപ നഷ്ടം സഹിക്കാന്‍ മനസ്സ് അനുവദിക്കാതിരുന്നതിനാല്‍ ആപ്പിള്‍ ഉപേക്ഷിക്കാന്‍ സാധിച്ചില്ല. ഈ മനോഭാവത്തെയാണ് സങ്ക് കോസ്റ്റ് ഫാലസി എന്ന് വിളിക്കുന്നത്. പൈസ നല്‍കിപ്പോയത് കൊണ്ട് മാത്രം ബോറടിക്കുന്ന പ്രോഗ്രാം കാണുന്നവരും, വാങ്ങിപ്പോയത് കൊണ്ട് മാത്രം പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നവരും ഒക്കെ ഈ ഗണത്തില്‍ വരും. ഇതു പോലെ ചെറിയ കാര്യങ്ങള്‍, ചെറിയ ദോഷ ഫലങ്ങള്‍ മാത്രം നല്‍കുമ്പോള്‍ വലിയ സങ്ക് കോസ്റ്റ് ഫാലസികള്‍ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചെന്നു വരാം.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ സുഹൃത്ത്, നല്ല രീതിയില്‍ നടക്കുന്ന ഒരു വലിയ സ്ഥാപനത്തിലെ ജോലിക്കാരെ മുന്നില്‍ കണ്ടു കൊണ്ട്, അതിനടുത്ത് മികച്ച ഒരു റസ്റ്റോറന്റ് തുടങ്ങാന്‍ തീരുമാനിച്ചു. നിര്‍മ്മാണ പദ്ധതി ഏതാണ്ട് മുക്കാല്‍ ഭാഗം പൂര്‍ത്തിയായപ്പോഴാണ്, ആ വലിയ സ്ഥാപനം മറ്റൊരു സ്ഥലത്തേക്ക് മാറുന്ന കാര്യം അറിയുന്നത്. ആ സ്ഥാപനമില്ലെങ്കില്‍ ബിസിനസ്സിന് സാദ്ധ്യതയില്ല. ഇനിയെന്തു ചെയ്യും? ബിസിനസ്സുമായി മുന്നോട്ട് പോകണോ ?, അതോ സ്വപ്ന പദ്ധതി ഉപേക്ഷിക്കണോ ?, എന്ന ആശയക്കുഴപ്പത്തിലായി അദ്ധേഹം.

ഏറെ ചിന്തിച്ചെങ്കിലും, സങ്ക് കോസ്റ്റ് ഫാലസിയില്‍ പെട്ടു പോയ അദ്ധേഹം, പദ്ധതി പൂര്‍ത്തീകരിച്ച് ഒന്നര വര്‍ഷത്തോളം ബിസിനസ്സ് ചെയ്തപ്പോഴേക്കും, ഭാര്യയുടെ ആഭരണങ്ങളും വീടും ഒക്കെ ബാങ്കില്‍ പണയത്തിലായിക്കഴിഞ്ഞിരുന്നു. ലാഭ സാദ്ധ്യത ഇല്ല എന്നറിഞ്ഞിട്ടും മുന്നോട്ട് പോകാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്, അതുവരെ ചിലവഴിച്ച പണത്തെക്കുറിച്ചുള്ള വേവലാതിയായിരുന്നു. ഒപ്പം, മറ്റുള്ളവരുടെ മുന്നിലും അവനവനോട് തന്നെയും തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള വൈമുഖ്യവും.( എന്‍ഡോവ്മെന്റ് എഫക്ട്)

ശരിയായ സമയത്ത്, അദ്ധേഹം പദ്ധതി നിറുത്തിയിരുന്നുവെങ്കില്‍ ബാക്കി തുകയെങ്കിലും കയ്യിലുണ്ടാവുമായിരുന്നു, എന്ന് മാത്രമല്ല തൊഴിലാളികളുടെ ശമ്പളവും മറ്റു ചിലവുകളുമായി ഓരോ മാസവും വന്‍ തുകയുടെ ബാദ്ധ്യത വരികയുമില്ലായിരുന്നു. ചുറ്റും നോക്കിയാല്‍ ധാരാളം പേര്‍ ഇങ്ങിനെ അബദ്ധത്തിലായതായി കാണാനാവും.

‘ഒരിക്കല്‍ തീരുമാനമെടുത്താന്‍ മാറ്റമുണ്ടാവുകയില്ല’, ‘മുന്നോട്ട് വച്ച കാല്‍ പുറകോട്ടെടുക്കില്ല’ എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ സുഖമാണെങ്കിലും , ജീവിതത്തില്‍ എപ്പോഴും ബുദ്ധിപരമായ പ്രവൃത്തിയാവണമെന്നില്ല. ഈ സ്വഭാവം സൂചിപ്പിക്കാന്‍, മര്‍ക്കട മുഷ്ടി എന്നൊരു ചൊല്ല് തന്നെയുണ്ടല്ലോ ?. മരപൊത്തിനകത്ത് വച്ചിട്ടുള്ള ധാന്യം കൈയ്യിലെടുത്ത് മുറുകെ പിടിക്കുന്ന കുരങ്ങ്, ജീവന്‍ പോയാലും കയ്യിലുള്ള ധാന്യം ഉപേക്ഷിക്കുവാന്‍ തയ്യാറാവില്ല. കുരങ്ങിനെ പിടികൂടാന്‍ പലരും ഈ തന്ത്രം ഉപയോഗിക്കാറുണ്ട്. അങ്ങിനെയാണ് ആ ചൊല്ല് തന്നെയുണ്ടായത്. ഇതേ മനോഭാവമുള്ള ധാരാളം മനുഷ്യര്‍ നമുക്കിടയിലുമുണ്ട്.

ഒരു കാര്യത്തിനായി പകുതിയോളം പണം ചിലവഴിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും പിന്‍മാറാന്‍ മിക്കവര്‍ക്കും സാധിക്കുകയില്ല. അതാണ് മിക്കപ്പോഴും അവരുടെ പതനത്തിനിടയാക്കുന്നത്. നമ്മളെടുക്കുന്ന തീരുമാനങ്ങള്‍, ആവശ്യമെങ്കില്‍ പുനഃപ്പരിശോധിക്കുകയും, വേണ്ടതായ മാറ്റങ്ങള്‍ വരുത്തുകയും, നിവൃത്തിയില്ലെങ്കില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് എപ്പോഴും ബുദ്ധിപരം.

പലപ്പോഴും നിര്‍ദ്ധിഷ്ട പദ്ധതിയില്‍ നിന്നും, പ്രമുഖ സ്ഥാപനം പിന്‍മാറുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ടല്ലോ. സ്ഥാപനങ്ങള്‍, ഭാവിയിലുണ്ടാവുന്ന വലിയ നഷ്ടം ഒഴിവാക്കാനായി, ഇതുവരെ ചിലവഴിച്ച തുകയുടെ ചെറിയ നഷ്ടം സഹിച്ച് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്ന ബുദ്ധിപരമായ നീക്കം നടത്തുന്നതാണത്. അനുയോജ്യമായ തീരുമാനമെടുക്കാന്‍ സഹായിക്കാനായി അവര്‍ക്ക് മികച്ച പ്രൊഫഷണലുകളുണ്ടാവും.

പക്ഷേ ജീവിതത്തില്‍ മിക്കപ്പോഴും നമ്മള്‍ തനിയെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അതു കൊണ്ട് വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സങ്ക് കോസ്റ്റ് ട്രാപ്പില്‍ പെട്ടു പോകാതെ സൂക്ഷിക്കുക. ചിലപ്പോള്‍ വലിയ വില കൊടുക്കേണ്ടി വരും. പലപ്പോഴും ജീവിതം തന്നെ മാറി മറിയാനും സാദ്ധ്യതയുണ്ട്. അതു കൊണ്ട്, ഇനി മുതല്‍ തീരുമാനങ്ങള്‍ പുനഃപരിശോധികുമ്പോള്‍, സങ്ക് കോസ്റ്റ് ഫാലസിയെ അകറ്റി നിറുത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!