ലൈഫ് എക്‌സ്പെക്റ്റൻസി കൂട്ടുക എന്നത് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രതിദിനം വർധിക്കുന്ന ജനസംഖ്യയും ജനസാന്ദ്രതയുമൊക്കെ ഗൂഢമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, വളരെയധികം പ്രസക്തിയാർജ്ജിച്ചു വരുന്ന ഒരു വിഷയമാണ് ജെറന്റോളജി. വയസ്സാകും തോറും ശരീരത്തിൽ വരുന്ന മാറ്റങ്ങളെയും, മനുഷ്യശരീരം നേരിടുന്ന പ്രശ്‌നങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള പഠന ശാഖയാണ് ജെറന്റോളജി.

വാർദ്ധക്യത്തിന്റെ കഷ്ടപ്പാടുകളിലേക്കും അവർക്ക് നൽകേണ്ട പരിപാലനത്തിലേക്കും ശ്രദ്ധ കൊണ്ടുവരുന്ന ഈ ശാഖയ്ക്ക് ജനശ്രദ്ധ കൂടി വരുകയാണ്. ആയതിനാൽ തന്നെ, ഇന്ത്യയിലെ നിരവധി കോളേജുകൾ, ഉയർന്നു വരുന്ന ഈ മേഖലയിൽ  കോഴ്‌സുകൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.

ജീറിയാട്രിക് കെയർ എന്നതിന് പ്രാധാന്യം നൽകി, വാർദ്ധക്യാരോഗ്യത്തിന് പ്രാമുഖ്യം ലഭിച്ചതിൽ എൻ.ജി.ഓകളുടെ പ്രവർത്തനങ്ങൾക്ക് വളരെ വലിയൊരു പങ്കുണ്ട്. ജീറിയാട്രിക്‌സ് പഠനം ഇന്ത്യയിൽ ഇപ്പോഴും ഒരു തുടക്കഘട്ടത്തിൽ എത്തിയിട്ടേയുള്ളൂ എങ്കിലും, അതിൽ വലിയൊരു മാറ്റം വരുന്നതായി കാണാം.

പൊതു-ആരോഗ്യം, സൈക്കോളജി, കൗൺസിലിങ്, റിഹാബിലിറ്റേഷൻ, സീനിയർ സിറ്റിസൻസ് സംബന്ധിയായ പൊതു പോളിസികൾ, പ്ലാനിങ്, മാനേജ്മെന്റ്, ക്ലിനിക്കൽ ജീറിയാട്രിക്‌സ്, എന്നീ വിഷയങ്ങളെ ആസ്പദമാക്കിയ ഈ ശാസ്‌ത്ര ശാഖ, രാജ്യത്താകെയുള്ള പല ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പി ജി ഡിപ്ലോമ കോഴ്‌സുകളാക്കിയിരിക്കുന്നു. ഗ്രാജുവേറ്റ് ബിരുദമാണ് പല സ്ഥാപനങ്ങളിലെയും എലിജിബിലിറ്റി.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് (NISD), ബിരുദമുള്ളവർക്ക് ജീറിയാട്രിക് കെയർ വിഷയത്തിൽ, ഒരു വർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സ് ഒരുക്കിയിട്ടുണ്ട്. മെട്രിക്കുലേഷൻ കഴിഞ്ഞവർക്കായി ഒരു 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ലഭ്യമാക്കിയിട്ടുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS), ഒരു വർഷത്തെ ജെറന്റോളജി ഡിപ്ലോമ കോഴ്‌സ് ലഭ്യമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഡൽഹിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ് ഹെൽത്ത് ആൻഡ് സോഷ്യൽ ജെറന്റോളജിയിൽ പി.ജി. ഡിപ്ലോമ കോഴ്‌സ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!