Siva Kumar
Management Skills Development Trainer, Dubai

എങ്ങിനെയാണ് നല്ലൊരു ബിസിനസ്സ് സാധ്യത കണ്ടെത്തുന്നത് എന്നതാണ്, ഏതൊരു വ്യക്തിയെയും കുഴക്കുന്ന ചോദ്യം.

ഒന്നാമതായി, ജനങ്ങളുടെ, അഥവാ സമൂഹത്തിന്റെ ഏതെങ്കിലും ഒന്നോ അതിലധികമോ പ്രശ്‌നങ്ങളുടെ പരിഹാരത്തിലാണ് ഏതൊരു ബിസിനസ്സ് സാധ്യതയും ഉള്‍ക്കൊണ്ടിരിക്കുന്നത്.  അതായത് സമൂഹത്തിന് ഒരു പ്രശ്‌നമുണ്ടെങ്കില്‍, അതിന് നമ്മള്‍ മുന്നോട്ട് വയ്ക്കുന്ന പരിഹാരമാണ്, നമ്മുടെ ബിസിനസ്സ് എന്നു പറയാം. ആ പ്രശ്‌ന പരിഹാരം അഥവാ അതിനുള്ള സേവനം ലാഭകരമായി നടത്തുന്നതാണ് യഥാര്‍ത്ഥത്തില്‍, ഒരു  ബിസിനസ്സ് മോഡല്‍ എന്നു പറയുന്നത്.

അതുപോലെ തന്നെ, ജനങ്ങളുടെ  ജീവിതവും,  സൗകര്യങ്ങളും, കുറച്ചു കൂടെ മെച്ചപ്പെടുത്താന്‍  സഹായിക്കുന്ന ഏതൊരു  ഉദ്യമത്തിലും, രണ്ടാമത്തെ ബിസിനസ്സ് സാധ്യത നമ്മുക്ക്  കണ്ടെത്താന്‍ കഴിയും.

ചുരുക്കത്തില്‍, ജനങ്ങളുടെ  നിലവിലുള്ള പ്രശ്‌നങ്ങളിലെ  പരിഹാരത്തിലും, ഇപ്പോഴുള്ള  സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുമാണ് നമ്മള്‍ ബിസിനസ്സ് സാധ്യതകള്‍ കണ്ടെത്തേണ്ടത്. ലോകത്തെവിടെയായാലും ബിസിനസ്സ് സാധ്യതയുടെ  അടിസ്ഥാന തത്വം ഇതു തന്നെയാണ്.

രാവിലെ ഉണരുമ്പോള്‍ മുതല്‍, രാത്രി ഉറങ്ങുന്നത് വരെയുള്ള സമയത്തിനകത്ത്, ആയിരക്കണക്കിന് ബിസിനസ്സ് സാധ്യതകള്‍ നമ്മള്‍ കാണുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഉണര്‍ന്നെണീറ്റ് വരുമ്പോള്‍ കാണുന്ന ഡോര്‍ മാറ്റ്, മുറ്റമടിക്കുന്ന ഈര്‍ക്കില്‍ ചൂല്, വെള്ളം, പാല്, കാപ്പിപ്പൊടി, ചായപ്പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി,  ഇഡ്ഡലിപ്പൊടി, ദോശ, ഇഡ്ഡലി മാവ്, കുട,  ബാഗ്, ചെരുപ്പ്, പേന തുടങ്ങി, കല്ലും മണ്ണും ചെടിയും, ചെടിച്ചട്ടിയും, കായും, പൂവും, വഴിയിലും ഓഫീസിലും കാണുന്ന കാര്യങ്ങളും കടന്ന്, രാത്രി ഉറങ്ങാന്‍  ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, പില്ലോ എന്നിവ വരെ, എണ്ണിയാലൊടുങ്ങാത്ത ബിസിനസ്സ് അവസരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ഈ അവസരങ്ങളില്‍ അനുയോജ്യമെന്ന് കരുതുന്നവ,  വിശദമായി   പരിശോധിച്ച്, അവയുടെ പ്രശ്‌നങ്ങള്‍ പഠിച്ച്, അതിനുള്ള പരിഹാരം കണ്ടെത്തി, അതിനെ  സാമ്പത്തിക ലാഭമുണ്ടാക്കുന്ന മോഡലില്‍ ആക്കിയാല്‍  അതൊരു സംരംഭമായി മാറും.

രാവിലെ, നമ്മള്‍  ആദ്യം കാണുന്ന ഡോര്‍ മാറ്റ് തന്നെയെടുക്കാം. ധാരാളം ആവശ്യക്കാരുള്ള ഉല്‍പ്പന്നമാണിത്. മുന്‍ കാലത്ത്, വീട്ടിന്   മുന്നിലും, പിന്നിലും  ഓരോന്നു മാത്രമാണ് വീടുകളില്‍ ഉപയോഗിച്ചിരുന്നത്.   എന്നാലിന്ന് പല തരത്തില്‍,   വ്യത്യസ്ത  ആവശ്യങ്ങള്‍ക്കായി വിവിധ വര്‍ണ്ണങ്ങളില്‍,  വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച്, നിരവധി ക്വാളിറ്റിയില്‍, വീടിന് പുറത്തിടുന്നത്, സിറ്റൗട്ടില്‍ ഇടുന്നത്, അടുക്കളയില്‍ ഉപയോഗിക്കുന്നത്, ബാത്ത് റൂമിന് മുന്നില്‍ ഉപയോഗിക്കുന്നത്, ബെഡ് റൂമില്‍ ഉപയോഗിക്കുന്നത്,   പ്രായമായവര്‍ക്കുള്ള മുറിയില്‍ ഉപയോഗിക്കുന്നത്,  സോഫ്റ്റ്, ഹാര്‍ഡ്, മീഡിയം, പെട്ടന്ന് പൊടി തട്ടിക്കളയാവുന്നത്, കഴുകാവുന്നത്,    ചതുരം, ദീര്‍ഘ ചതുരം, ഓവല്‍, വൃത്തം, ത്രികോണം, നക്ഷത്രം എന്നിങ്ങനെ വ്യത്യസ്ത ആകൃതികളില്‍ ഒക്കെ ഡോര്‍ മാറ്റ് മാറി ഫ്‌ലോര്‍ മാറ്റ് എന്ന പേരില്‍  ലഭ്യമാണ്.

ഓഫീസുകള്‍ക്കും, കടകള്‍ക്കുമുള്ള വലിപ്പമേറിയവ വേറെയുമുണ്ട്. വാഹനങ്ങളിലും മാറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. നല്ലൊരു ബിസിനസ്സ് സാധ്യത ഇവിടെ കാണാന്‍ കഴിയും.

ഇനി  ചൂലിന്റെ കാര്യമെടുത്താല്‍, വൃക്ഷങ്ങള്‍ ധാരാളമുള്ള, ഇലകള്‍ പൊഴിയുന്ന മുറ്റമാണ് കേരളത്തിലെ വീടുകളുടെ പ്രത്യേകത എന്നതിനാല്‍, ഈര്‍ക്കില്‍ ചൂലുകള്‍ മിക്ക വീടുകളിലും അവശ്യ വസ്തുവാണ്. എന്നാലത് ഉണ്ടാക്കാന്‍ ആര്‍ക്കും സമയമൊട്ടില്ല താനും.  ഒരു സംരംഭകന്റെ 20 കി.മീ ചുറ്റളവില്‍, പ്രതിമാസം 500 നും 1000 നും ഇടക്ക് ചൂലുകള്‍ ആവശ്യമുണ്ടാവും.  കാരണം ഇന്നത്തെ കോണ്‍ക്രീറ്റ് / ടൈല്‍ മുറ്റങ്ങളില്‍ ചൂല്‍ പെട്ടന്ന് തേഞ്ഞു പോകുന്നത് ഒരു കാരണമാണ്.

ഇനി, ഇടയിലുള്ള സാധ്യതകള്‍ തല്‍ക്കാലത്തേക്ക് മാറ്റി വച്ച്, രാത്രിയിലെ  ബെഡ് ഷീറ്റ്, പില്ലോ എന്നിവയിലേക്ക് പോകാം. ബെഡ് ഷീറ്റുകള്‍ പുതിയ തരം കംഫര്‍ട്ടറുകള്‍ക്ക് വഴിമാറിയിരിക്കുന്ന കാലമാണിത്. അതുപോലെ വ്യത്യസ്തമായ ബെഡ്ഷീറ്റുകള്‍ പരീക്ഷിക്കുന്നതില്‍ ആളുകള്‍ തല്‍പ്പരരുമാണ്.  സ്വന്തം പേരോ, പങ്കാളിയുടെ പേരോ തുന്നിച്ചേര്‍ത്ത ബെഡ്ഷീറ്റുകള്‍, സ്വന്തം ഫോട്ടോ അല്ലെങ്കില്‍ പങ്കാളിയുടെയോ കുട്ടികളുടെയോ ഫോട്ടോ പ്രിന്റ് ചെയ്ത ബെഡ്ഷീറ്റുകള്‍  പില്ലോ കവറുകള്‍ തുടങ്ങി വ്യത്യസ്ത ആശയങ്ങള്‍  പരീക്ഷിക്കാമെങ്കില്‍   അവിടെയും കാണാം, മികച്ച ബിസിനസ്സ് സാധ്യതകള്‍.

ചുരുക്കത്തില്‍, ബിസിനസ്സ് സാധ്യതകള്‍ കണ്ടെത്താന്‍, ചുറ്റുപാടും കണ്ണു തുറന്ന് നോക്കിയാല്‍ മതിയെന്ന് സാരം.

ഇത്തരത്തില്‍ ബിസിനസ്സ് ചെയ്ത് വിജയിച്ച ധാരാളം പേരുടെ അനുഭവ  കഥകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞിട്ടുണ്ടാവും.  അതൊക്കെ വായിച്ച്  ആവേശം കയറി, കുറേപ്പേരെങ്കിലും സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ടാവും.  ഒപ്പം അവരില്‍, പത്തില്‍ എട്ടു പേരുടെയും ബിസിനസ്സ് പൊട്ടിയിട്ടുമുണ്ടാവും എന്നതുറപ്പാണ്.

തുടങ്ങിയത് ആവേശക്കൃഷിയാണെങ്കില്‍ പറയാനുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!