Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഹയര്‍ സെക്കണ്ടറി പ്രത്യേക വിഭാഗങ്ങള്‍ തിരഞ്ഞെടുക്കുന്നവർ അതിന്റെ ചുരുങ്ങിയ സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മറ്റുള്ള വിഷയങ്ങള്‍ പഠിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ പോലും, പ്ലസ് ടു ഈ വിഷയം പഠിച്ചത് കൊണ്ട് എനിക്കിനി മറ്റൊരു കോഴ്‌സിന് ചേരാനാവില്ല എന്ന് കരുതിയിരിക്കുന്നവരാണ്. സത്യത്തില്‍ ഇവിടെ കോഴ്‌സുകളെ കുറിച്ചുള്ള അറിവ് വേണ്ട രീതിയില്‍ ഇല്ലാത്തതും, അല്ലെങ്കില്‍ വിഷയങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അന്വേഷിക്കാത്തത് കൊണ്ടുമാണ്.

പ്ലസ് ടു സയന്‍സ് എടുത്തവര്‍ക്ക് മാനവിക വിഷയങ്ങള്‍ പലതും പഠിക്കാനാവില്ല എന്ന് കരുതുന്നവരുണ്ട്, ഇത് വെറും സയന്‍സ് ഗ്രൂപ്പ്ക്കാരുടെ മാത്രം കാര്യമല്ല. ഹുമാനിറ്റീസ് എടുത്തവരും, കൊമേഴ്‌സ് എടുത്തവരുമെല്ലാം മറ്റു വിഷയങ്ങള്‍ പഠിക്കാനാവില്ല എന്ന ചിന്ത പേറുന്നവരാണ്. ചില കോഴ്സുകളുടെ കാര്യത്തിൽ ഈ ആശങ്കയിൽ വസ്തുത ഉണ്ടെങ്കിലും കൂടുതലും അങ്ങനെയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച് സായുധ സേനയിലും മറ്റും താല്പര്യമുണ്ടായിട്ടും,  സയന്‍സ് ഗ്രൂപ്പായതിന്റെ പേരില്‍ അതില്‍ പ്രവേശിക്കാനാവുമോ എന്ന്  ആശങ്കയിലിരിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഉണ്ട്. അങ്ങനെയുള്ളവര്‍ അറിയേണ്ട കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍കൂടി പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് പ്ലസ് ടു കഴിഞ്ഞ് സായുധ സേനകളില്‍ ഓഫീസറാകാന്‍ ശ്രമിക്കാമെന്നതാണ്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു. പി. എസ്. സി ) നടത്തുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി ( എന്‍. ഡി. എ ആന്‍ഡ് എന്‍.എ ) പരീക്ഷ വഴിയാണ് പ്രവേശനം നേടാവുന്ന ഒരു സാധ്യത. ആണ്‍കുട്ടികള്‍ക്ക് സാധ്യതയേറുന്ന ഈ വിഭാഗത്തില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമി വഴി ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ മൂന്ന് സര്‍വീസിലേക്കും പ്രവേശിക്കാൻ കഴിയും. അതോടൊപ്പം ഈ പരീക്ഷ വഴി നേവല്‍ അക്കാദമിയില്‍ ചേര്‍ന്ന് ഓഫീസറാകാനും അവസരമുണ്ട്. പരീക്ഷയെ പറ്റിയും പ്രവേശന രീതിയെ കുറിച്ചും കൂടുതല്‍ അറിയാന്‍ https://upsc.gov.in ലെ എന്‍. ഡി. എ ആന്‍ഡ് എന്‍. എ വിജ്ഞാപനം കാണുക.

ഏഴിമല നാവിക അക്കാദമിയിലെ പ്ലസ് ടു ബി.ടെക്. കാഡറ്റ് എന്‍ട്രിയാണ് മറ്റൊരു വഴി. പ്ലസ് ടു വിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്കും കൂടി 70 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് പത്തിലോ പ്ലസ്ടുവിലോ 50 ശതമാനം മാര്‍ക്കും, ജെ.ഇ.ഇ മെയിന്‍ പേപ്പര്‍ ഒന്നില്‍ ഒരു റാങ്കുമുള്ള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റിങ് ജെ. ഇ. ഇ റാങ്ക് പരിഗണിച്ചായിരിക്കും. വിശദാംശങ്ങള്‍ക്ക് https://www.joinindiannavy.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

ഇന്ത്യന്‍ ആര്‍മിയുടെ പ്ലസ് ടു ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം ആണ് മറ്റൊരവസരം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ് ടു ജയിച്ച ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജെ. ഇ. ഇ മെയിന്‍ റാങ്കും വേണം. വിവരങ്ങള്‍ക്ക് https://www.joinindianarmy.nic.in സന്ദര്‍ശിക്കുക.

ഈ മൂന്ന് പ്രവേശനങ്ങള്‍ക്കും വര്‍ഷത്തില്‍ രണ്ട് തവണ വിജ്ഞാപനമുണ്ടാകും. വ്യത്യസ്ത മേഖലകളിലുള്ള ബിരുദത്തിന്റെ അടിസ്ഥാനത്തിലും ശ്രമിക്കാവുന്ന ഒട്ടേറെ എന്‍ട്രികളും സായുധ സേനകളില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!