കടല്‍ ജീവികളില്‍ ശംഖുകള്‍, രൂപം കൊണ്ടും ആകൃതികൊണ്ടും വളരെ ആകര്‍ഷകമാണ്. മൊളസ്‌ക് എന്ന ഫൈലത്തിലും, ഗ്യാസ്‌ട്രോപ്പോട് എന്ന ക്ലാസിലും, കോണസ്സ് എന്ന ജീനസ്സിലും, കോണിഡേ എന്ന കുടുംബത്തിലുമായാണ് ശംഖുകളെ വര്‍ഗീകരിച്ചിരിക്കുന്നത്. ഈ ശംഖുകളില്‍, മനുഷ്യനെ കൊല്ലാന്‍ വരെ കെല്‍പ്പുള്ള വിഷം ശരീരത്തില്‍ സൂക്ഷിക്കുന്നവയുണ്ട്. നിലവില്‍ ലോകത്ത് 700-ഓളം ഇനത്തില്‍പ്പെട്ട ശംഖുകളെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 20 ശതമാനവും തീവ്ര വിഷമുള്ളവയാണ്.

മാരക വിഷമുള്ള ശംഖുകളില്‍ പ്രധാനമാണ് ജോഗ്രഫിക് കോണ്‍, ടെക്‌സ്‌റ്റൈല്‍ കോണ്‍, ടൂളിപ്പ് കോണ്‍ എന്നിവ. ഇവ സൂക്ഷമമായ മുള്ളുകള്‍ ശരീരത്തില്‍ തറച്ചാണ് ഇരയെ കൊല്ലുന്നത്. ഈ മുള്ളുകളെ റാഡുല എന്നാണ് പറയുന്നത്. വിഷം നിറഞ്ഞിരിക്കുന്ന സഞ്ചിപോലുള്ള അവയവം ഇവയ്ക്കുണ്ട്. ഇത് ചുരുങ്ങുമ്പോള്‍ വിഷം ട്യൂബ് വഴി മറ്റൊരു സഞ്ചിയില്‍ എത്തും.

ഈ സഞ്ചിയില്‍ ഒരു സമയത്ത് 20- ഓളം വിഷമുള്ളുകള്‍ ഉണ്ടാവും. തല ഭാഗത്തുള്ള നാളി ഉപയോഗിച്ച് ഈ വിഷമുള്ളുകളെ ഇരയുടെ ദേഹത്ത് തറയ്ക്കുന്നു. ആവനാഴിയില്‍ നിന്ന് അമ്പുകള്‍ ഒന്നൊന്നായി എയ്യും പോലെ ശംഖ് ഈ മുള്ളുകളെ എയ്തുവിടും.

ഒരു ശംഖിലുള്ള വിഷം ഒരു ഡസന്‍ മനുഷ്യരെ കൊല്ലാന്‍ പര്യാപ്തമാണ്. ഈ വിഷത്തില്‍ കുറഞ്ഞത് നൂറോളം ഘടകങ്ങളുണ്ടാകും. ഇവ ഇരയുടെ നാഡീവ്യൂഹത്തെ തളര്‍ത്തുന്നതോടെ ശംഖ് അതിനെ തിന്നുന്നു. കടല്‍ വിരകള്‍, മത്സ്യങ്ങള്‍, ഒച്ചുകള്‍ എന്നിവയെയൊക്കെ ഇവ ആഹാരമാക്കുന്നുണ്ട്. ഇരയെന്ന് തെറ്റിദ്ധരിച്ച് മനുഷ്യശരീരത്തില്‍ മുള്ള് എയ്തതിലൂടെ ലോകത്ത് 30-ഓളം പേര്‍ ഇവയുടെ വിഷമേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. ശംഖിന്റെ വിഷം കോണോടോക്‌സിന്‍ എന്നാണ് അറിയപ്പെടുന്നത്. ഈ കോണോടോക്‌സിന്‍ വിലപ്പെട്ട ജീവന്‍രക്ഷാ ഔഷധങ്ങളുടെ ഉറവിടങ്ങളാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ക്യാന്‍സര്‍, പക്ഷാഘാതം, ചുഴലി എന്നിവയുടെ ചികിത്സയ്ക്ക് ഇത് പ്രയോഗം കണ്ടെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!