ഇതെന്റെത് ഇത് നിന്റേത് എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം കളിപ്പാട്ടത്തിനായി മുറവിളി കൂട്ടുന്ന രണ്ടു കുരുന്നുകളുടേതായിരിക്കുമല്ലേ? അതവർ തന്നെ തീർത്തോളും. എന്നാൽ മുതിർന്നവർ ഇത്തരത്തിൽ കലഹിച്ചാലോ? വിഷയം കോടതി കയറിയതു തന്നെ.
ക്രിമിനൽ കുറ്റങ്ങളോ, നിയമങ്ങളോ ആവശ്യമില്ലാത്ത, പണത്തിന്റെയോ മറ്റ് വസ്തുക്കളുടെയോ പേരിൽ ഉണ്ടാകുന്ന നിയമപരമായ തർക്കങ്ങൾക്ക് പരിഹാരം കാണാനായി പലപ്പോഴും കേസ് കോടതികളിലേക്കു പോകാറുണ്ട്. ഇവിടെ വാദിക്കുന്നവരെയാണ് നമ്മൾ സിവിൽ ലിറ്റിഗേഷൻ അഭിഭാഷകർ എന്ന് വിളിക്കുക. ആ അഭിപ്രായ വ്യത്യാസത്തിന് ഒരു ഉത്തരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. തന്റെ കക്ഷിക്കനുകൂലമായി വിധി ഉണ്ടാകും വിധത്തിൽ വാദിക്കുവാൻ സാധിച്ചാൽ അവിടെ ആ വക്കീൽ വിജയിക്കുകയാണ്.
രണ്ടോ അതിലധികമോ വാദങ്ങളുണ്ടാകാം ഒരു കേസിൽ. സിവിൽ ലിറ്റിഗേഷനിൽ പ്രാഗത്ഭ്യമുള്ളവരെ ലിറ്റിഗേറ്റർ എന്നും വിളിക്കാറുണ്ട്. പലപ്പോഴും കോടതിയിൽ പോകുന്നതിനു മുൻപ് തന്നെ ആർബിട്രേഷനും മീഡിയേഷനും നടത്തി പ്രശ്നത്തിന് പരിഹാരം കാണാൻ ഇവർ ശ്രമിക്കും. ഇതുവഴി കോടതിയിൽ പോകുന്നതിന്റെ ചെലവ് കുറയ്ക്കാം എന്ന് മാത്രമല്ല എല്ലാ കൂട്ടരുടെയും വിലപ്പെട്ട സമയവും ലാഭിക്കാം. പ്രകൃതി നിയമ കേസുകൾ, സ്ഥലയുടമ – വാടകക്കാരൻ കേസുകൾ, ഡിവോഴ്സ് കേസുകൾ, ഇഞ്ചുറി ക്ലെയിമുകൾ, വസ്തു തർക്കങ്ങൾ, മെഡിക്കൽ അഴിമതി കേസുകൾ എന്നിങ്ങനെ വിവിധതരം കേസുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു മേഖലയാണിത്. ക്രിമിനൽ കേസുകളും പെനാൽറ്റികളും ഉൾപ്പെടാത്ത ഏതൊരു കേസിലും ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഇത്രത്തോളം വൈവിധ്യമുള്ള കേസുകൾ വാദിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ ജോലിയിലുള്ള അവസരങ്ങളും, എന്നാൽ അതിന്റെ ഉത്തരവാദിത്വവും എത്രത്തോളമെന്നത് ഊഹിക്കാവുന്നതേ ഉള്ളു. നിയമപരമായ അറിവും പരിജ്ഞാനവുമാണ് ആദ്യം വേണ്ടത്. എഴുതാനും സംസാരിക്കുവാനും ശക്തമായി വാദിക്കുവാനുമുള്ള കഴിവ്, യുക്തി, ക്ഷമ, നിരീക്ഷണ പാടവം, സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള ശേഷി, ചർച്ച ചെയ്ത് ധാരണയിലേക്കെത്തിക്കുവാനുള്ള കഴിവ് എന്നിവയെല്ലാം ജോലിക്ക് വളരെ ആവശ്യമാണ്.
രാജ്യത്തെ നാഷണൽ ലോ യൂണിവേഴ്സിറ്റികൾക്ക് പുറമെ, ഐ.ഐ.ടി. ഖരഗ്‌പുർ, ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ, ബംഗളുരുവിലെ ഡോ.ബി ആർ.അംബേദ്‌കർ കോളേജ് ഓഫ് ലോ, പുണെയിലെ സിംബയോസിസ് ലോ സ്‌കൂൾ, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, കൊൽക്കത്തയിലെ അമിറ്റി യൂണിവേഴ്സിറ്റി, വിശാഖപട്ടണത്തെ ആന്ധ്ര യൂണിവേഴ്സിറ്റി, ഡൽഹിയിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട്, മൈസൂർ യൂണിവേഴ്സിറ്റി, ഡൽഹിയിലെ എസ്.ആർ.എം. യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെയും ലോ കോഴ്‌സുകൾ മികവുറ്റവയാണ്.