1721 ഏപ്രില്‍ 14 ന് ആദ്യത്തെ ജനകീയ കലാപമായും, ആദ്യത്തെ സംഘടിത പ്രക്ഷോഭമായും, ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധ കലാപമായും ആറ്റിങ്ങള്‍ കലാപത്തെ അറിയപ്പെടുമ്പോള്‍, മുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിപ്ലവകരമായ ഒരു ചരിത്രത്തെ സ്മരിക്കേണ്ടതുണ്ട്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കേരളത്തില്‍ നടന്ന ഈ പ്രക്ഷോഭം ഇന്ത്യയിലെ തന്നെ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ നടന്ന ആദ്യ കലാപമാണ്. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കപ്പുറമായ കോളനി വാഴ്ചാമോഹവും കൊടിയ വഞ്ചനയും ചതികളും സാധാരണ ജനങ്ങളുടെ ജീവിതം തന്നെ പിച്ചിച്ചീന്തിയപ്പോഴാണ് അക്കാലത്തെ ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല പരിസരങ്ങളിലെ നിവാസികള്‍ സാമുദായിക അതിര്‍വരമ്പുകളില്ലാതെ ഇങ്ങനെയൊരു പ്രക്ഷോഭത്തിന് മുതിരുന്നത്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം സൂറത്തില്‍ നിന്ന് ബോംബെയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് കമ്പനികളുടെ സാമ്രാജിത്വ മോഹങ്ങള്‍ വർധിക്കുകയായിരുന്നു.

1694- ൽ ആണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനുള്ള അനുമതി ഉമയമ്മറാണിയില്‍നിന്ന് കരസ്ഥമാക്കുന്നത്. 1698- ല്‍ റാണി നിര്യാതയാകുമ്പോഴേക്കും കോട്ട പണിപൂര്‍ത്തിയായി കഴിഞ്ഞിരുന്നു. പിള്ളമാരുടെയും, മൂപ്പന്‍മാരുടെയും, എതിര്‍പ്പുകളും കോട്ട തീവെയ്പ്പും വരെ കമ്പനി നേരിടേണ്ടതായി വന്നിരുന്നു.

ഈ കാലഘട്ടത്തില്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ വാണിജ്യ ഇടപാടുകള്‍ക്കും അവകാശമുണ്ടായിരുന്നു. ശമ്പളത്തേക്കാള്‍ കൂടിയ കിമ്പളം, വെള്ളക്കാരായ കൊള്ളക്കാരുടെ ആര്‍ത്തി പട്ടാളത്തെയാണ് നാട്ടു പ്രജകള്‍ക്ക് മുന്നില്‍ കെട്ടഴിച്ചുവിട്ടത്. കള്ള കണക്കുകളും കൊള്ള പലിശയും അധികാരത്തിന്റെ ഹുങ്കും ആയുധ ബലവും ചില നാടുവാഴികളും നാട്ടുപ്രമാണിമാരുമായും ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങളും കമ്പനി ഉദ്യോഗസ്ഥരെ ക്രൂരന്‍മാരാക്കി. ഡച്ച്, പോര്‍ച്ചുഗീസ്, ഈസ്റ്റ് ഇന്ത്യാ കമ്പനികളുമായി രഹസ്യ ഇടപാടുകള്‍ നടത്തുന്നതിനുപോലും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലെ ജോണ്‍ കൈഫിനെപ്പോലുള്ളവര്‍ വിരുതന്മാരായിരുന്നു. 1719- ല്‍ അയാളെ പിരിച്ചു വിട്ടതിനുശേഷം വന്ന വില്യം ഗിഫോര്‍ഡും ആര്‍ത്തിയുടെയും കള്ളത്തരങ്ങളുടെയും മേധാവി തന്നെയായിരുന്നു.

ജാതി വ്യവസ്ഥയും അടിമക്കച്ചവടവും നടമാടിയിരുന്ന അന്ന് വിവിധ തൊഴിലുകളില്‍ വിവിധ കുടുംബങ്ങളും സമുദായങ്ങളും പ്രാവീണ്യം നേടിയിരുന്നു. പക്ഷേ, എല്ലാ വിഭാഗത്തെയും ശത്രുപക്ഷത്താക്കുകയായിരുന്നു വെള്ളക്കാരുടെ സാമ്പത്തികാര്‍ത്തി. തദ്ധേശീയരായ മലഞ്ചരക്ക് കച്ചവടക്കാര്‍ മുതല്‍ പുരോഹിതര്‍ വരെ, മുസ്ലിങ്ങള്‍ മുതല്‍ ബ്രാഹ്‌മണര്‍വരെ അഞ്ചുതെങ്ങ് കോട്ട കേന്ദ്രമാക്കിയുള്ള വെള്ളക്കമ്പനിയുടെ സമാന്തര ഭരണത്തില്‍ സഹികെട്ടു. 1721- ല്‍ കമ്പനി അഞ്ചുതെങ്ങ് കോട്ടയിലേക്ക് വീണ്ടും കൂടുതല്‍ സൈനികരെ അയച്ചു. ബോംബെ കഴിഞ്ഞാല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അക്കാലത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്.

ആറ്റിങ്ങല്‍ റാണിക്ക് ബ്രിട്ടീഷുകാര്‍ വര്‍ഷം തോറും കൊടുക്കേണ്ടിയിരുന്ന കപ്പവും സമ്മാനങ്ങളും നിരവധി വര്‍ഷങ്ങളായി മുടങ്ങിയിരുന്നു. വഞ്ചിമുട്ടത്തുപിള്ളയും കുടമണ്‍പിള്ളയും തമ്മിലുണ്ടായിരുന്ന അകല്‍ച്ച കമ്പനിയുമായുള്ള ഇടപാടുകളിലും ശക്തമായ നിലപാടെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. 1721- ലെ വിഷുദിനത്തില്‍ റാണിയെ മുഖം കാണിച്ച് കപ്പം കുടിശ്ശികയും സമ്മാനങ്ങളും നല്‍കാമെന്ന് മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവില്‍ ഗിഫോര്‍ഡ് തീരുമാനിച്ചു. എന്നാല്‍, തങ്ങള്‍ മുഖാന്തരമാണ് റാണിക്ക് നല്‍കേണ്ടതെന്ന് നാട്ടു പ്രമാണിമാരും ശഠിച്ചു.

കപ്പവും കാഴ്ചവസ്തുക്കളും മറ്റും നല്‍കിയശേഷം അന്നുരാത്രി വെള്ളപ്പട്ടാളം കൊട്ടാരത്തിനടുത്തുതന്നെ തങ്ങിയത് ഇന്നും ദുരൂഹമാണ്. അന്ന് രാത്രിയില്‍ കുടമണ്‍പിള്ളയുടെ നേതൃത്വത്തില്‍ 140 ഇംഗ്ലീഷുകാരെയും കൊലപ്പെടുത്തിയെന്നാണ് ചില ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഗിഫോര്‍ഡും മറ്റു പത്തു വെള്ളക്കാരും വധിക്കപ്പെട്ടതിനെക്കുറിച്ച് 1731- ല്‍ കോട്ടറത്തളി, പാലത്തടി എന്നീ രണ്ട് സ്ഥലം കൂടി കമ്പനിക്ക് അനുവദിച്ചുകൊണ്ടുള്ള കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നത്തെയും പോലെ ചില വെള്ളക്കാരായ ഉദ്യോഗസ്ഥരും നാട്ടുകാരായ കുറേ കീഴുദ്യോഗസ്ഥരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കാം. എത്ര കലാപകാരികളെന്ന് ഇന്നും തിട്ടമില്ല.

1721- ലെ ആറ്റിങ്ങല്‍ കലാപകാലത്ത് അഞ്ചുതെങ്ങ് കോട്ടയില്‍ നാനൂറിലേറെ പട്ടാളക്കാരും നാട്ടുകാരായ അടിമകളും ഉണ്ടായിരുന്നു. അടിമകളായി ഇന്ത്യക്കാരെ നാവികാവശ്യങ്ങള്‍ക്കും വാണിജ്യ, തോട്ടം മേഖലകളിലും ബ്രിട്ടീഷുകാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. വാണിജ്യവും നയതന്ത്രവും യുദ്ധങ്ങളും പ്രദേശങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കലുമെല്ലാം ഈ ഫാക്ടറികള്‍ കേന്ദ്രീകരിച്ചായിരുന്നു.

ആറ്റിങ്ങല്‍ കലാപത്തെ അടിച്ചമര്‍ത്താന്‍ തലശേരിയില്‍നിന്ന് കമ്പനിപ്പട വരേണ്ടിവന്നു. ആറുമാസം നീണ്ടുനിന്ന പോരാട്ടം. നാട്ടുകാരായ നിരവധി കലാപകാരികള്‍ ക്രൂരമായി കൊല്ലപ്പെട്ടു. വിചാരണയും ശിക്ഷവിധിക്കലുമില്ലാതെ വെടിയുണ്ടകളായിരുന്നു മറുപടി. രക്തസാക്ഷികളായവരെക്കുറിച്ച് ഇന്നും രേഖകളില്ല. അടിമകളായി നാടുകടത്തപ്പെട്ടവര്‍ ചരിത്രത്തിന്റെ താളുകളില്‍ എങ്ങുമേയില്ല.

ഒടുവില്‍ സമാധാന ഉടമ്പടിയായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പൂര്‍ണ നഷ്ടപരിഹാരം, കുരുമുളക് വ്യാപാരത്തില്‍ കുത്തകാവകാശം, കമ്പനിക്ക് ഇഷ്ടമുള്ള ഇടത്തെല്ലാം ഫാക്ടറികള്‍ സ്ഥാപിക്കാന്‍ അനുമതി തുടങ്ങിയ പലകാര്യങ്ങളെ ചേര്‍ത്തി കൊണ്ടായിരുന്നു സമാധാന ഉടംമ്പടി.

സ്വാതന്ത്യസമരത്തിന്റെ ചരിത്ര പ്രാധാന്യങ്ങളൊന്നും ഇത് നല്‍കുന്നില്ലെങ്കിലും കോളനി താല്‍പര്യങ്ങള്‍ക്കെതിരായ ജനകീയ കലാപമായിരുന്നു ആറ്റിങ്ങൽ  കലാപമെന്നത്.

Content courtesy: Deshabimani news paper

LEAVE A REPLY

Please enter your comment!
Please enter your name here