Munavira Vakayil
Munavira Vakayil
Sub Editor, NowNext

“വണ്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അയിത്ത ജാതിക്കാരന്‍, ജാതി ഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസെറന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍ നിന്നും സലൂണുകളില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടീഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും, ചെകുത്താനെന്നും, മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ചൊരിയുമ്പോഴാണ് അദ്ധേഹം സ്വതന്ത്ര ഭാരതത്തിന്റെ നിയമമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്”, ജീവചരിത്രക്കാരനായ ഡോ.ധനഞ്ജയ് കീര്‍, ഡോ. ബി. ആര്‍. അബേദ്കറെന്ന ചരിത്രത്തെ രേഖപ്പെടുത്തിയതിങ്ങനെയാണ്.

രാജ്യം ബി. ആര്‍. അംബേദ്കറെന്ന പ്രതിഭയുടെ 130 -മത്തെ ജന്‍മദിനം ആചരിക്കുമ്പോള്‍, പോരാട്ടങ്ങളുടെ, ദൃഢ നിശ്ചയത്തിന്റെ, വിദ്യഭ്യാസ നേട്ടത്തിന്റെ, രാഷ്ട്രീയത്തിന്റെ, നിയമ നിര്‍മാണത്തിന്റെ, സാംസ്‌കാരിക, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഒട്ടനവധി ചരിത്ര സംഭവങ്ങളുടെ സ്ഥിതപ്രജ്ഞനായ ഒരു വ്യക്തിയുടെ ജീവിത കഥയെക്കൂടി അറിഞ്ഞ് ആഘോഷിക്കേണ്ടതുണ്ട്.

1891 ഏപ്രില്‍ 14 ന് മഹാരാഷ്ട്രയിലെ പ്രബല അയിത്ത ജാതി സമുദായങ്ങളിലൊന്നായ മഹര്‍ സമുദായത്തില്‍, രത്‌നഗിരി ജില്ലയില്‍ അംബെവാഡേ ഗ്രാമത്തില്‍ ഡോ. ബി. ആര്‍ അംബേദ്കര്‍ ജനിച്ചു. അച്ചനമ്മമാര്‍ ‘ഭീം’ എന്നായിരുന്നു പേരിട്ടത്.

ജാതി അനാചാരകളുടെ ചുഴിയിലകപ്പെട്ടുള്ള ജീവിതമായിരുന്നു കുട്ടികാലങ്ങളിലൊക്കെയും. ഈ അനുഭവങ്ങളുടെ കനലായിരിക്കണം പില്‍ക്കാലത്ത് ജാതിയുടെ ക്രൂരതയെയും അതിന്റെ വക്താക്കള്‍ക്കെതിരെയും പോരാടാനുള്ള ശക്തി നല്‍കിയത്.

പ്രാഥമിക വിദ്യാഭ്യാസാനന്തരം ഹൈസ്‌കൂള്‍, പഠനം നടത്തുകയും മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സ് ആവുകയും ചെയ്ത അംബേദ്കര്‍ കോളേജ് വിദ്യഭ്യാസത്തിനായി ബറോഡ മഹാരാജാവിന്റെ സ്‌കോളര്‍ഷിപ് നേടേണ്ടി വന്നു. മെട്രിക്കുലേഷന്‍ പരീക്ഷ പാസായ സന്ദര്‍ഭത്തില്‍ തന്നെ 17 കാരനായ അംബേദ്കര്‍ ഒമ്പതുകാരിയായ രമാബായി എന്ന പെണ്‍കുട്ടിയെ സമുദായാചാര പ്രകാരം ഒരു ചന്തയില്‍ വെച്ച് വിവാഹം കഴിച്ചു. 1912 ല്‍ ബറോഡ സൈന്യത്തില്‍ ഒരു ലെഫറ്റനന്റായി ഔദ്യോഗിക ജീവിതെ ആരംഭിച്ചു. തുടര്‍ന്ന ബറോഡ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ് നേടിക്കൊണ്ട് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. 1915-ല്‍ അമേരിക്കയിലെ പ്രശസ്തമായ കൊളബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍  ബിരുദാനന്തര ബിരുദത്തില്‍ തുടങ്ങി, 1923-ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്ററായി യോഗ്യത നേടുന്നത് വരെയുള്ള അദ്ധേഹത്തിന്റെ എട്ട് വര്‍ഷം വിദ്യഭ്യാസ നേട്ട മികവിന്റെ മുദ്രകള്‍ എന്ന് വിശേഷിപ്പിക്കാം.

കൊളംബിയയില്‍ നിന്ന് ഗവേഷണ ബിരുദം, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണമോക്‌സില്‍ നിന്ന് ഡോക്ടര്‍ ഓഫ് സയന്‍സ് – രണ്ടും ധനതത്ത്വശാസ്ത്രത്തില്‍. ഒപ്പം ഇംഗ്ലണ്ടില്‍ നിന്ന് നിയമ ബിരുദവും. ഡോ. അംബേദ്കര്‍ നേടിയ അക്കാഡമിക് നേട്ടങ്ങളും, യോഗ്യതയുമെല്ലാം പിന്നീടുള്ള അദ്ധേഹത്തിന്റെ ഉജ്ജലമായ രാഷ്ട്രീയ, സാമൂഹിക, രാഷ്ട്രനിര്‍മാണ സംഭാവനകളില്‍ നിറഞ്ഞ് നില്‍ക്കുന്നതായി കാണാവുന്നതാണ്.

നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊളംബിയയില്‍ വെച്ച് എഴുതിയ തന്റെ ആദ്യത്തെ ഗവേഷണ പ്രബന്ധം ‘ Evolution of provincial finance in british india ‘ ഈ വിഷയത്തില്‍ എഴുതിയ ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു. 1800 മുതല്‍ 1910 വരെയുള്ള കാലഘട്ടത്തില്‍ എങ്ങനെയാണ് ബ്രിട്ടീഷ് കേന്ദ്ര സര്‍ക്കാരും, അന്നത്തെ പ്രവശ്യകളും തമ്മിലുള്ള സാമ്പത്തിക ഏര്‍പ്പാടുകള്‍ ഉയര്‍ന്ന് വന്നതെന്നും അത് മാതൃകാപരമായി എങ്ങനെയായിരിക്കണമെന്നും അദ്ധേഹം എഴുതി. വര്‍ഷങ്ങള്‍ക്ക ശേഷം, ഇന്ത്യയുടെ ആദ്യത്തെ ഫിനാന്‍സ് കമ്മീഷന്‍ രൂപവത്കരിക്കുന്നത് ഇതേ വിഷയം കൈകാര്യം ചെയ്യുന്നതിനായിരുന്നു. അപ്പോള്‍, അതിന് ആകെയുണ്ടായിരുന്ന സാങ്കേതിക മൂലാധാരം അംബേദ്കറിന്റെ ഈ പ്രബന്ധമായിരുന്നു.

1927-ല്‍ ഡോ. അംബേദ്കര്‍ ബോംബെ നിയമസഭ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. 1935-ല്‍ അധ:സ്ഥിതര്‍ക്കായി ‘ ഇന്‍ഡിപെഡന്റ് ലേബര്‍ പാര്‍ട്ടി ‘ എന്ന കക്ഷി രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. അധസ്ഥിത വര്‍ഗക്കാരുടെ സാമൂഹിക നീതിക്കും, സാമ്പത്തിക പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഇത് പ്രവര്‍ത്തിച്ചു.

1946-ല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുണ്ടായ ഇടക്കാല മന്ത്രിസഭ ഇന്ത്യയില്‍ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍സ്റ്റിയുവെന്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അംബേദ്കര്‍ ബംഗാളില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. പാകിസ്താനിന്റെ ഉദയത്തോടൊപ്പം ഡോ. അംബേദ്കര്‍ കോണ്‍സ്റ്റിയുവെന്റ് അസംബ്ലിയിലെ അംഗത്വം നഷ്ടപ്പെട്ടു. കിഴക്കന്‍ പാക്കിസ്ഥാനിലെ ആ മണ്ഡലമിപ്പോള്‍ ബംഗ്ലാദേശിലാണ്. തുടര്‍ന്ന് നെഹ്രുവിന്റെ നേതൃത്വത്തില്‍ ഒരു കേന്ദ്ര മന്ത്രി സഭയുണ്ടാക്കി. ആ മന്ത്രി സഭയില്‍ ഡോ. അംബേദ്കറെ നിയമവകുപ്പ് മന്ത്രിയായി നിയമിച്ചു. അങ്ങിനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രിയെന്നഖ്യാതി അംബേദ്കര്‍ക്ക് ലഭിച്ചു. നിയമ വകുപ്പ് മന്ത്രിയായ അദ്ദേഹത്തെ തന്നെ ഭരണഘടനാ നിര്‍മാണ സമിതിയുടെ ചെയര്‍മാനായി നിയമിച്ചു. കമ്മിറ്റി മെമ്പര്‍മാര്‍ പലരുണ്ടായിട്ടും ഡോ. അംബേദ്കറുടെ അശാന്തപരിശ്രമമത്തിന്റെ ഫലമായിട്ടായിരുന്നു ഭരണഘടന രൂപം കൊണ്ടത്.

1951-ല്‍ അദ്ധേഹം തയ്യാറാക്കിയ ഹിന്ദു കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ബില്‍ പാസാകത്തതില്‍ പ്രതിഷേധിച്ച് 1951 സെപ്തംബര്‍ 27 ന് അദ്ധേഹം കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജി വെച്ചു. അതോടൊപ്പം തന്നെ ഹിന്ദുമതത്തോടും അവയിലെ അനാചാരങ്ങളോടും പ്രതിഷേധിച്ചുകൊണ്ട് 1956 ഒക്ടോബര്‍ 14 ന് മൂന്ന് ലക്ഷം അനുയായികളോടൊപ്പം ഡോ. ബി. ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചു. ഇതേ വര്‍ഷം തന്നെ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടിക്ക് പകരം പട്ടിക ജാതിക്കാര്‍ക്കായി ‘ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ‘ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും ജന്മം നല്‍കി.

നിരവധി പ്രബന്ധങ്ങളുടേയും പ്രമുഖ ഗ്രന്ഥങ്ങളുടെയും കര്‍ത്താവ് കൂടിയാണ് ഡോ. അംബേദ്കര്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണമോക്‌സിലെ അദ്ധേഹത്തിന്റെ ഡോക്ടര്‍ ഓഫ് സയന്‍സ് പ്രബന്ധം ‘ The problem of the rupee: Its origin and its solution ‘ എന്നത് പരിചയം സിദ്ധിച്ച സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് പോലും വായിച്ച് മനസ്സിലാക്കാന്‍ പ്രയാസമാണ്. രൂപ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍, നോട്ട് നിരോധനമുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ച എന്നിവയുടെ പശ്ചാതലത്തില്‍ നോക്കുമ്പോള്‍, ഒരു നൂറ്റാണ്ടിന് മുമ്പ് തന്നെ ഇന്ത്യന്‍ കറന്‍സിയെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചിരുന്നു എന്നത് ഒരു സാമ്പത്തിക ശാസ്ത്രഞ്ജന്റെ കഴിവെന്നോളം വിലയിരുത്താവുന്നതാണ്. ബ്രിടീഷ് ഇന്ത്യയിൽ നൂറിലേറെ വർഷങ്ങളിൽ രൂപ എങ്ങനെയൊരു സാമ്പത്തിക കൈമാറ്റ ഉപകരണമായി മാറി എന്നും എന്തായിരിക്കണം ഇന്ത്യയ്ക്ക് ചേരുന്ന കറൻസിയെന്നും അദ്ദേഹം തന്റെ പ്രബന്ധത്തിൽ പ്രതിപാദിച്ചിരുന്നു.

ആറരപതിറ്റാണ്ട് നീണ്ടു നിന്ന അദ്ധേഹത്തിന്റെ പൊതു ജീവിതത്തില്‍ ആധുനിക ഇന്ത്യയുടെ ശില്‍പിയായും, സാമൂഹിക പരിഷ്‌കര്‍ത്താവായും, നിയമജ്ഞനായും, സാമ്പത്തിക ശാസ്ത്രജ്ഞനായുമെല്ലാം അറിയപ്പെടുമ്പോള്‍ ബി. ആര്‍. അംബേദ്കര്‍ എന്ന പ്രതിഭ ഇന്ത്യക്ക് നല്‍കിയ സംഭാവന ചെറുതൊന്നുമല്ല.

1956-ന് ഡിസംബര്‍ 6-ന് 65-മത്തെ വയസ്സില്‍ അദ്ധേഹം മരണപ്പെട്ടു. 1990-ല്‍ ഭാരതരത്‌നം നല്‍കി രാഷ്ട്രം അദ്ധേഹത്തെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here