ഗണിതശാസ്ത്രത്തില്‍ ലോഗരിതം സൃഷ്ട്ടിച്ച വിപ്ലവം ചെറുതൊന്നുമല്ല. ലോഗരിതത്തെ ഓര്‍ക്കുമ്പോള്‍ ജോണ്‍ നേപ്പിയര്‍ എന്ന വ്യക്തിയെ കുറിച്ചും അറിയേണ്ടതുണ്ട്.

1550 ഫെബ്രുവരി ഒന്നിന്, സര്‍ ആര്‍ച്ചിബാള്‍ഡ് നേപ്പിയറിന്റെയും ജാനറ്റിന്റേയും മകനായി സ്‌കോട്‌ലന്റില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തെ കുറിച്ച് രേഖപ്പെടുത്തിയ അറിവുകള്‍ ഒന്നും തന്നെയില്ല. പതിമൂന്നാം വയസ്സില്‍ സെന്റ് സാല്‍വേഴ്‌സ് കോളേജില്‍ ചേര്‍ന്നതായി പറയുന്നു. ഗണിതത്തിലെ അടിസ്ഥാന ക്രിയകള്‍ ലഘൂകരിക്കാനുള്ള ശ്രമം പല ശാസ്ത്രജ്ഞരും നടത്തികൊണ്ടിരുന്ന സമയത്താണ് ഉപരിപഠനം കഴിഞ്ഞ് നേപ്പിയറുടെ ചിന്തയും ആ വഴിക്ക് തിരിഞ്ഞത്. അങ്ങനെയിരിക്കെ സുഹൃത്തായ ജോണ്‍ ക്രെയ്രിഗില്‍ നിന്നും നേപ്പിയര്‍ ഒരു വിവരം അറിഞ്ഞു. ടൈക്കോ ബ്രാഹേ എന്ന ജോതിശാസ്ത്രജ്ഞന്‍ ഗണിത ക്രിയകള്‍ ലഘൂകരിക്കാന്‍ ഗുണനത്തേയും, സങ്കലനത്തേയും, ഹരണത്തേയും, വ്യവകലനത്തേയും മാറ്റാന്‍ ത്രികോണമിതി സമവാക്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു എന്ന്. ഈ വാര്‍ത്ത നേപ്പിയറിന്റെ ഉത്സാഹം വര്‍ദ്ധിപ്പിച്ചു.

1594 ല്‍ തുടങ്ങിയ പരിശ്രമത്തിന്റെ, നീണ്ട ഇരുപത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി 1614 ല്‍ ലോഗരിതം എന്ന ഗണിത ശാസ്ത്ര ചരിത്രത്തെ മാറ്റിമറിച്ച ആശയം പിറന്ന് വീണു. ഏകദേശം 350 വര്‍ഷം അതായത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ കണക്ക്കൂട്ടലിന് ലോകം ആശ്രയിച്ചിരുന്നത് നേപ്പിയറിന്റെ ലോഗരിതത്തെയാണ്. കാലുകുലേറ്ററിന്റെ വരവോടെയാണ്  ലോഗരിതത്തിന്റെ പ്രതാപം ക്ഷയിച്ചത്.

ലോഗരിതം കൂടാതെ ഗണിതത്തിന് നേപ്പിയറിന്റെ സംഭാവന വേറേയുമുണ്ട്. ദശാംശം എന്ന ആശയത്തിന് കുത്ത് (.) ഉപയോഗിച്ച് തുടങ്ങിയതും പ്രചരിപ്പിച്ചതും നേപ്പയര്‍ ആയിരുന്നു. അത് പോലെ നേപ്പിയര്‍ കണ്ടുപിടിച്ച നേപ്പിയേഴ്‌സ് ബോണ്‍സ് എന്ന കണക്കു കൂട്ടല്‍ യന്ത്രവും പ്രസിദ്ധമാണ്. സംഭവ ബഹുലമായ ഒരു ജീവിതത്തിനൊടുവില്‍ 67-ാം വയസ്സിലാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!