Munavira Vakayil
Munavira Vakayil
Sub Editor, NowNext

മാറി കൊണ്ടിരിക്കുന്ന വിദ്യഭ്യാസ രീതികളില്‍ ഓണ്‍ലൈനില്‍ എത്തി നില്‍ക്കുന്ന വിദ്യഭ്യസ നയങ്ങളാണ് ഇന്നിന് പ്രസക്തമായി നിലനില്‍ക്കുന്നത്. ഇന്റര്‍നെറ്റിന്റെ സാധ്യത അത്രമാത്രം ഉപയോഗിക്കുന്ന തരത്തിലേക്ക് ഈ കോവിഡ് കാലം എത്തി നില്‍ക്കുന്നു എന്നത് പറയാതെ വയ്യ. ഒരു മഹാമാരിയെ അതിജീവിക്കേണ്ടതിനായി, പല മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ വിദ്യഭ്യാസ രീതിയിലും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് പറയുമ്പോള്‍ ലോകത്ത് എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും ഇന്റര്‍നെറ്റിന്റെ സാധ്യതകളിലേക്ക് ശ്രദ്ധയൂന്നി കൊണ്ടുള്ള പഠന രീതിയിലേക്ക് മാറിയത് നമുക്ക് അറിയാവുന്നതാണ്.

സാങ്കേതിക വിദ്യയുടെ സാധ്യതകളെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ഒരു കോവിഡ്ക്കാലത്താണ് നമ്മള്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസ നയത്തെ കുറിച്ച് വിശദമായി അറിയാന്‍ ശ്രമിക്കുന്നത്. കോവിഡ് വ്യാപനത്തിന് മുന്‍പ് ചുരുക്കം ചില സ്ഥാപനങ്ങള്‍ ഈ ശ്രമം നടത്തിയിരുന്നു. മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇഗ്‌നോ, മദ്രാസ് ഐ. ഐ. ടി തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള പഠന രീതി ഉണ്ടായിരുന്നത്.

ഡിജിറ്റല്‍ സ്‌കൂളിങ്ങ്, സ്മാര്‍ട്ട് സ്‌കൂളിങ്ങ്, സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയ പദങ്ങള്‍ സുപരിചിത പദമായി ഇന്ന് കേരളീയര്‍ക്കിടയില്‍ തന്നെ മാറിയിരിക്കുന്നു. ഇത് ഇന്നത്തെക്കാലത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സാങ്കേതിക വിദ്യകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയായി കണക്കാക്കേണ്ടി വരും. സ്മാര്‍ട്ട് ക്ലാസ് റൂം എന്നത് അത്രമാത്രം ലളിതമായ പദമായി, കൂടുതല്‍ വിശദീകരിക്കേണ്ടതില്ലാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ കേരളത്തിന്റെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മറ്റും വളരെ മുന്‍ നിരയിലാണ്. കരിക്കുലത്തിന്റെ കാര്യത്തിലും കേരളം മുന്നില്‍ തന്നെയെന്നത് തര്‍ക്കമറ്റകാര്യമാണ്. എന്നാല്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഡിജിറ്റലൈസേഷന്‍ അനിവാര്യതയുടെയും കാര്യത്തില്‍ കേരളം എവിടെയാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ 56 ശതമാനം ആളുകളിലും ഇന്റര്‍നെറ്റ് ലഭ്യതയുണ്ട് എന്നതാണ് അടുത്തിടെ വന്ന IAMI റിപ്പോര്‍ട്ടിലടക്കം പറയുന്നത്. ദേശീയ തലസ്ഥാന നഗരമായ ഡല്‍ഹിമാത്രമാണ് ഇതില്‍ മുന്‍ നിരയിലുള്ളത്(69 ശതമാനം).

കോവിഡ് പ്രതിസന്ധി ഒരു താല്‍കാലിക പ്രശ്‌നമായി കരുതി തുടങ്ങിയ ഓണ്‍ലൈന്‍ വിദ്യഭ്യാസ രീതിയില്‍ നിന്ന് ഒരു തിരിച്ച് പോക്ക് അസാധ്യമായി നാം ഇന്ന് എത്തി നില്‍ക്കുന്നു. ഇങ്ങനെ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ച് പോവുന്നതും. കേരളത്തില്‍ തന്നെ നിരവധി ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പ്കളും സുലഭമായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യത്തെ വെര്‍ച്വല്‍ സ്‌കൂള്‍ എന്ന സംരംഭം കൊണ്ട് വന്നതും കേരളത്തിലാണ്. വിക്ടേര്‍സ് ചാനല്‍ വഴിയും മറ്റും സര്‍ക്കാര്‍ നല്‍കുന്ന ക്ലാസ്‌കള്‍ ഇതിന് ഉദാഹരണമാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നത് ഒരു പ്രൊജക്ടറും രണ്ട് സ്പീക്കറും അടങ്ങുന്ന സാങ്കേതിക വിദ്യ എന്നതിനപ്പുറം ക്രിയാത്മകമായി വിദ്യാര്‍ത്ഥികളില്‍ ഉപയോഗപ്പെടുത്തുകയും വേണം. ഇതിന് വ്യക്തമായ ഓണ്‍ലൈന്‍ വിദ്യഭ്യാസ പോളിസി വളരെ അധികം ഗുണം ചെയ്യും.

ഓണ്‍ലൈന്‍ പഠനത്തിന്റെ മറ്റൊരു സാധ്യത ഇന്റര്‍നെറ്റിന്റെ അനന്തതയാണ്. അനന്തമായ വിവരങ്ങളുടെ ശേഖരങ്ങള്‍ കണ്ടെത്തുകയും കൃത്യമായി കുട്ടികള്‍ക്ക് വിതരണം ചെയ്യുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഓരോ വിജ്ഞാന ശാഖകളെ കുറിച്ചും ഏറ്റവും ആധികാരികമായി പറയാന്‍ പ്രാപ്തരായ വിവിധ അധ്യാപകരുടെ ക്ലാസ്സുകള്‍, മറ്റു ഡോകുമെന്ററികള്‍ തുടങ്ങിയ പഠനോപാധികള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇത്തരം പഠനോപാധികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്നത് ഓണ്‍ലൈന്‍ പഠന രീതിയില്‍ അനായാസം സാധ്യമാണ്. ചില സിദ്ധാന്തങ്ങള്‍ അതിന്റെ ഉപജ്ഞാതാക്കളില്‍ നിന്ന് തന്നെ കേള്‍ക്കാനുള്ള അവസരവും കുട്ടികള്‍ക്ക് ലഭിക്കുന്നു. അധ്യാപക പരിശീലന കോഴ്‌സുകളില്‍ കൂടി ഇത്തരം കരിക്കുലം ക്രമപ്പെടുത്തുക അനിവാര്യമാണ്.

ഒരു വര്‍ഷം പിന്നിട്ട കോവിഡ് പ്രതിസന്ധിക്കപ്പുറം പുതിയ അധ്യായന വര്‍ഷത്തിലേക്ക് വരെ കാലെടുത്ത് വെച്ചിരിക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന്റെ അനായസമായ സാധ്യതകളിലൂന്നി പഠിക്കാനും ഭാവിയെ സുരക്ഷിതമാക്കി മുമ്പോട്ട് കൊണ്ട് പോകാനും കഴിയണം. അങ്ങനെ ഒരു വിദ്യഭ്യാസ നയത്തിലൂടെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ…!

Leave a Reply