Siva Kumar
Management Skills Development Trainer, Dubai

തൻ്റെ സമ്പാദ്യം മാത്രമല്ല, സ്വപ്നങ്ങളും സ്വരുക്കൂട്ടി വച്ചാണ് ഏതൊരാളും സംരംഭം തുടങ്ങുന്നത്. അതുകൊണ്ടാണ് സംരംഭത്തിനുണ്ടാവുന്ന തളർച്ചയും തകർച്ചയും സംരംഭകരുടെ ജീവിതത്തെ തന്നെയും മോശമായി ബാധിക്കുന്നത്. പെട്ടന്ന് തിരിച്ചറിയാനാവാത്ത, എന്നാൽ പകുതിയോളം സംരംഭങ്ങളെ തകർത്ത, നിശബ്ദനായ ഒരു വില്ലനെയാണ് സംരംഭകൻ പ്രധാനമായും സൂക്ഷിക്കേണ്ടത്.

ഏതൊരു സംരംഭവും ഒരു ഫലവൃക്ഷം നട്ടു വളർത്തുന്നത് പോലെയാണെന്നു പറയാം. വേണ്ടതായ ശ്രദ്ധയും പരിചരണവും, തുടക്കത്തിൽ നൽകിയാൽ, ഭാവിയിൽ നിരന്തരം ഫലം നൽകുന്ന ഒന്നാണത് സംരംഭത്തിൻ്റെ തുടക്കകാലത്ത്, പരമാവധി ശ്രദ്ധ കൊടുത്താൽ ഭാവിയിൽ ആ സംരംഭം നല്ല വരുമാനം നേടിത്തരുകയും, വളരുകയും ചെയ്യുമെന്നത് വസ്തുതയാണ്.

സാധാരണ ഗതിയിൽ ഒരാൾ, തൻ്റെ സംരംഭത്തിൻ്റെ ഉദ്ഘാടനം നടത്തുമ്പോഴേക്കും, കയ്യിലുള്ള പണത്തിൻ്റെ ഭൂരിഭാഗവും ചിലവഴിച്ച് കഴിഞ്ഞിട്ടുണ്ടാവും. കയ്യിൽ ബാക്കിയുള്ള പണം കൊണ്ടു വേണം, തുടർന്ന് സ്ഥാപനം നടത്തിക്കൊണ്ടു പോകുവാൻ. അഥവാ ഇങ്ങിനെ കൈവശമുള്ള പണമാണ്. സ്ഥാപനത്തിൻ്റെ പ്രവർത്തന മൂലധനം എന്ന് പറയാം ( സാങ്കേതികമായി പല ഘടകങ്ങളുണ്ട്). പ്രവർത്തനം തുടങ്ങിയ ഉടൻ തന്നെ, കാര്യമായ വരുമാനമോ ലാഭമോ ഒരു സംരംഭവും നേടിത്തരുകയില്ല, എന്ന് എല്ലാവർക്കുമറിയാം. എന്നിരുന്നാലും, കെട്ടിട വാടക, ശമ്പളം, ലോൺ തിരിച്ചടവ്, നികുതികൾ, വൈദ്യുതി, ഫോൺ ബില്ലുകൾ തുടങ്ങി, നാനാവിധ ചിലവുകൾ സ്ഥിരമായി തന്നെ ഉണ്ടാവുമെന്നതും നമുക്കറിയാം.

ഇതിനൊക്കെ പുറമേയാണ്, സ്ഥാപനം പ്രവർത്തിക്കാനാവശ്യമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭിക്കാനായി മുടക്കേണ്ടി വരുന്ന പണം. ഇതിനോടൊപ്പം തന്നെ, ഉപഭോക്താക്കൾക്ക് ഒന്നോ രണ്ടോ മാസം ക്രെഡിറ്റ് നൽകുന്ന വ്യവസ്ഥയിലാണ് നമ്മുടെ സംരംഭത്തിൻ്റെ പ്രവർത്തനമെങ്കിൽ ആ പണവും കൂടെ നമ്മൾ കണ്ടെത്തണം.

ബാങ്ക് ലോൺ എടുത്താണ് സംരംഭം തുടങ്ങുന്നതെങ്കിൽ വർക്കിംഗ് ക്യാപിറ്റൽ ബാങ്ക് പ്രത്യേകമായി വകയിരുത്തി നൽകുകയും ചെയ്യും.

ഇതെല്ലാം നമ്മുടെ സംരംഭത്തിൻ്റെ സ്വഭാവമനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും, വർക്കിംഗ് ക്യാപിറ്റൽ എന്നത് ഏതൊരു സംരംഭത്തിൻ്റെയും അവശ്യ ഘടകമാണ്. ക്രമേണ വരുമാനം കൂടുകയും, ലാഭം കിട്ടുകയും ചെയ്യുന്ന മുറയ്ക്ക്, കുറച്ച് കാലം കൂടെ അത് പ്രവർത്തന ധനമായി, സംരംഭത്തിനായിത്തന്നെ ഉപയോഗിക്കേണ്ടതുണ്ട്.

എന്നാൽ, കയ്യിലുള്ളതും, കടം വാങ്ങിയതുമായ ധനത്തിൻ്റെ ഭൂരിഭാഗവും സംരംഭത്തിനായി ചിലവഴിക്കേണ്ടി വരുന്ന സംരംഭകൻ, തൻ്റെ കുടുംബ ചിലവുകളും മറ്റു ചിലവുകളും നടത്താനായി സ്ഥാപനത്തിൻ്റെ പ്രവർത്തന ധനത്തിൽ കൈ വയ്ക്കുന്നതോടെ, സംരംഭത്തിൻ്റെ തകർച്ച തുടങ്ങുന്നു. പക്ഷേ അപ്പോഴും കുറച്ചൊക്കെ ധനം കയ്യിലുള്ളത് കൊണ്ട് ഈ പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാവാതെ പോവുകയും ചെയ്യുന്നു.

പതിയെ, പതിയെ ശോഷിച്ച് വരുന്ന പ്രവർത്തന മൂലധനത്തിൻ്റെ കുറവ് നികത്താനായി ബ്ലേഡ്കാരിൽ നിന്നും മറ്റും, പണം കൊള്ളപ്പലിശക്ക് കടമെടുക്കുന്നതോടെ, തകർച്ച ദ്രുതഗതിയിലാവുകയും ചെയ്യുന്നു. മാന്യമായ ഏത് ബിസിനസ്സ് ചെയ്താലും ബ്ലേഡ് കാരുടെ പലിശ പോലും കൊടുക്കാനുള്ള ലാഭം ലഭിക്കുകയില്ല എന്നത് ആരും ചിന്തിക്കാറില്ല.

സർവ്വസാധാരണമായ മറ്റൊരു പ്രശ്നം കൂടെ ഇതിനോടൊപ്പം ഉണ്ടാവാറുണ്ട്. സ്റ്റോക്ക് എടുക്കാനോ, വലിയൊരു ഓർഡർ നടത്താനോ ആയി കൂടുതൽ പണം കണ്ടെത്തേണ്ടി വരുമ്പോഴോ, നമ്മൾ കടമായി ഉൽപ്പന്നങ്ങൾ നൽകിയവർ കൃത്യസമയത്ത് പണം തിരിച്ച് തരാതിരിക്കുമ്പോഴോ ഉണ്ടാവുന്ന സാമ്പത്തിക ഞെരുക്കത്തിലും, എളുപ്പം ലഭിക്കുന്ന എന്നാൽ, ബ്ലേഡ് പലിശയുള്ള പണത്തെ ആശ്രയിച്ചാലും തകർച്ചയാവും ഫലം.

ചുരുക്കത്തിൽ പ്രവർത്തന മൂലധനം ശോഷിക്കുമ്പോൾ, സംരംഭത്തിൻ്റെ തകർച്ച തുടങ്ങുന്നു, എന്നാൽ അത് പതിയെ ആയതിനാൽ നമ്മൾ അറിയുകയോ, വേണ്ട മുൻകരുതൽ എടുക്കുകയോ ചെയ്യാറില്ല എന്നതാണ് വാസ്തവം.

‘മിഥുനം ‘ എന്ന മോഹൻലാൽ ചിത്രത്തിൽ, സ്ഥാപനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ബ്ലേഡ് പലിശ തിരിച്ചടക്കേണ്ടി വരുന്ന സംരംകനെ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അതുപോലുള്ള സംരംഭകർ നമുക്ക് ചുറ്റുമുണ്ട്. ദിവസം തോറും കച്ചവടക്കാരിൽ നിന്നും, സംരംഭകരിൽ നിന്നും പലിശ പിരിക്കുന്ന ബ്ലേഡുകാർ നമ്മുടെ സ്ഥിരം കാഴ്ചയാണ്.. ചുരുക്കത്തിൽ “കെട്ടുതാലി വിറ്റ് ബിസിനസ്സ് തുടങ്ങിയാൽ, എട്ടു നിലയിൽ പൊട്ടും” എന്നു പറയുന്നതിൻ്റെ പൊരുളിതാണ്.

മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രതിസന്ധിയെ നമുക്ക് എളുപ്പത്തിൽ മറികടക്കാവുന്നതാണ്. സംരംഭം പച്ച പിടിക്കുന്നത് വരെ ജീവിച്ച് പോകാനുള്ള എന്തെങ്കിലും ഇതര വരുമാനം ഉറപ്പ് വരുത്തുക.

രണ്ടാമതായി, സംരംഭത്തിൻ്റെ പ്രവർത്തന മൂലധനം യാതൊരു കാരണവശാലും മറ്റൊരാവശ്യത്തിനായും ഉപയോഗിക്കാതിരിക്കുക. സാധിക്കുമെങ്കിൽ ലഭ്യമായ പ്രവർത്തന മൂലധനം കൂട്ടാൻ ശ്രമിച്ച് കൊണ്ടേയിരിക്കുക.

അവസാനമായി, സംരംഭം നടത്താനായി കടം വാങ്ങി കടക്കെണിയിലാവാതിരിക്കുക. സംരംഭങ്ങൾ ഒന്നും ഇരുട്ടി വെളുക്കുമ്പോൾ വളർന്ന ചരിത്രമില്ല. അതിൻ്റേതായ സമയവും ഘട്ടവുമെത്തുമ്പോഴാണ് വരുമാനവും ലാഭവും ഉയരുന്നത് എന്നും മനസ്സിലാക്കുക. അത് വരെയും സംരംഭത്തിൻ്റെ അടിസ്ഥാന ഇന്ധനമായ പ്രവർത്തന മൂലധനത്തെ കരുതലോടെ ഉപയോഗിക്കുക എന്നതാണ് പ്രധാനം.

ബിസിനസ്സിൻ്റെ തുടക്കത്തിൽ തന്നെ, മുന്തിയ ഇനം വാഹനങ്ങൾക്കും മറ്റ് സൗകര്യങ്ങൾക്കുമായി, വർക്കിംഗ് ക്യാപിറ്റൽ ചിലവഴിച്ചത് കൊണ്ടു മാത്രം തകർന്നു പോയ സംരംഭങ്ങൾ, ധാരാളമുണ്ട്.

സംരംഭകനാവുക എന്നത് ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒന്നാണ്. മുപ്പത് വർഷം ജോലി ചെയ്യുന്നതിനെക്കാളും സാമ്പത്തിക ഭദ്രത മൂന്ന് വർഷം കൊണ്ട് ഉണ്ടാക്കാൻ ബിസിനസ്സിന് കഴിയും. പക്ഷേ, ബിസിനസ്സ് അതിൻ്റേതായ രീതിയിൽ, അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി തന്നെ ചെയ്താൽ വളർന്ന് പന്തലിച്ച്, കാലങ്ങളോളം ഫലം അഥവാ വരുമാനം തന്ന് കൊണ്ടേയിരിക്കും. മറിച്ച് സംഭവിക്കാതിരിക്കാൻ ശ്രമിക്കേണ്ടതും, ശ്രദ്ധിക്കേണ്ടതും നമ്മൾ തന്നെയാണ്.

Leave a Reply