Siva Kumar
Management Skills Development Trainer, Dubai

‘പാരകള്‍ പലവിധമുലകില്‍ സുലഭം ‘ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം തൊഴിലിടങ്ങളിലും ബിസിനസ്സിലും ഒക്കെ ധാരാളം ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. അതുപോലെ, സംരംഭകരില്‍ പകുതിയോളം പേര്‍ അഭിമുഖീകരിക്കുന്നതും, എന്നാല്‍ മിക്കവര്‍ക്കും അറിയാതെ പോകുന്നതുമായ ഒരു പാര അഥവാ കടമ്പയാണ് ആദ്യം തന്നെ നമ്മള്‍ മനസ്സിലാക്കേണ്ടത്.

മനോജിന്റെ കടമ്പ

ഒരു സംരംഭകനാവണമെന്ന തീവ്രമായ ആഗ്രഹം വച്ചു പുലര്‍ത്തിയിരുന്ന മനോജിന് അപ്രതീക്ഷിതമായാണ് നല്ലൊരു ഓഫര്‍, തന്റെ സുഹൃത്തില്‍ നിന്നും ലഭിക്കുന്നത്. മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്ന സുഹൃത്ത്, B2B അഥവാ ബിസിനസ്സ് ടു ബിസിനസ്സ് മോഡലില്‍ ഉള്ള ഒരു വിതരണക്കമ്പനി തുടങ്ങിയിരുന്നു. കേരളത്തിലെ മൂന്ന് ജില്ലകളിലെ വിതരണാവകാശം നേടിയെടുത്ത സുഹൃത്തിന്റെ സ്ഥാപനം, കേവലം 14 മാസങ്ങള്‍ക്കകം തന്നെ, ബ്രേക്ക് ഇവണ്‍ ആയി മാറിയതാണ്. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനം, അടുത്ത ആറോ ഏഴോ മാസങ്ങള്‍ക്കകം തന്നെ, ലാഭത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും എന്നത് ഉറപ്പായിരുന്നു.

സംരംഭത്തിന്റെ പ്രത്യേകത കാരണം, ബിസിനസ്സ് സ്ഥാപനങ്ങള്‍ തന്നെയാണ് കസ്റ്റമര്‍ എന്നതിനാല്‍ ഒരിക്കല്‍ ബിസിനസ്സ് ലഭിച്ചാല്‍ അത് വളരെക്കാലം തുടരുകയും ചെയ്യും. സ്ഥാപനം തുടങ്ങിയ സുഹൃത്തിന്റെ കഠിന പ്രയത്‌നം മൂലം, ഇപ്പോള്‍ തന്നെ നല്ലൊരു കസ്റ്റമര്‍ ബേസ് ഉണ്ടായിട്ടുമുണ്ട്. ചുരുക്കത്തില്‍ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാവുന്ന, താരതമ്യേന സുരക്ഷിതമായ സംരംഭമായിരുന്നു അത്.

സ്ഥാപനം തുടങ്ങിയ സുഹൃത്തിന്റെ ചേട്ടന്‍, ഗള്‍ഫില്‍ നടത്തുന്ന ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായി, അദ്ധേഹത്തിനും ഗള്‍ഫിലേക്ക് മാറേണ്ടി വന്നതിനാലാണ്, സംരംഭം വില്‍ക്കാന്‍ തീരുമാനിച്ചത്.

അങ്ങിനെ, ഓഫീസും, വാഹനവും, സ്റ്റോറും സ്റ്റാഫും, സാധനങ്ങളും, ഉള്‍പ്പെടെ മാന്യമായ ഒരു വിലയ്ക്ക്, മനോജ് സ്വന്തമാക്കി.

എന്നാല്‍, ആറു മാസം കൊണ്ട് സ്ഥാപനം ലാഭത്തിലാവും എന്ന് കരുതിയിരുന്നിടത്ത്, വര്‍ഷമൊന്നു കഴിഞ്ഞിട്ടും ലാഭത്തിലെത്തിയില്ല എന്നത് പോകട്ടെ, സംരംഭം നഷ്ടത്തിലാവാനും തുടങ്ങി. ബിസിനസ്സ് പച്ച പിടിക്കുന്നില്ല എന്നല്ലാതെ, എന്താണ് പ്രശ്‌നം എന്ന് മനോജിനോ സ്റ്റാഫിനോ മനസ്സിലാവുന്നതുമില്ല എന്നതാണ് കൗതുകകരം. രണ്ടു സ്ഥാപനങ്ങക്കുമായി മാത്രമേ അവര്‍ക്ക് മത്സരിക്കേണ്ടള്ളു എന്ന് മാത്രമല്ല, ഗുണനിലവാരത്തിലും വിലയിലും മികച്ച് നില്‍ക്കുന്നത് മനോജിന്റെ സ്ഥാപനമാണ് താനും. പിന്നെങ്ങിനെയാണ് സ്ഥാപനത്തിന്റെ വളര്‍ച്ച കീഴ്‌പോട്ടാവുന്നത് ?

പല പ്രാവശ്യം മനോജുമായി സംസാരിച്ചതിന് ശേഷമാണ്, യഥാര്‍ത്ഥ പ്രശ്‌നം മറ നീക്കി പുറത്ത് വരുന്നത്. അതാകട്ടെ, രസകരവുമായിരുന്നു. മനോജ് തന്നെയായിരുന്നു സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് കാരണമായത് എന്നത്, ഭാഗ്യവശാല്‍ അദ്ധേഹത്തിന് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും ചെയ്തു.

സംരംഭത്തിന്റെ സവിശേഷ സ്വഭാവം കൊണ്ട്, സ്ഥാപനത്തിന്റെ നെടും തൂണായ മനോജിന് ധാരാളം യാത്രകള്‍ നടത്തേണ്ടതായിട്ടുണ്ടായിരുന്നു. മൂന്ന് ജില്ലകളിലുമായി പരന്ന് കിടക്കുന്ന ഉപഭോക്താക്കളെ നേരിട്ട് കാണുകയും, അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും കൂടുതല്‍ ഓര്‍ഡര്‍ കിട്ടാനായി പുതിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും വേണം. മാത്രമല്ല, ഇത്തരം സന്ദര്‍ശനങ്ങളിലാണ് മിക്കപ്പോഴും കരാര്‍, പണമിടപാട് / പേമെന്റ് എന്നിവ നടന്നിരുന്നത്.

എന്നാല്‍ യാത്ര ചെയ്യാന്‍ വളരെ വിമുഖതയുള്ള കൂട്ടത്തിലായിരുന്ന മനോജിന്, രാവിലെ മുതല്‍ രാത്രി വരെ നീളുന്ന യാത്രകള്‍ വല്ലാത്ത മടുപ്പായിരുന്നു സമ്മാനിച്ചത്. മിക്കപ്പോഴും യാത്രകള്‍ ഒഴിവാക്കിയതിനാല്‍, ജില്ലക്കകത്തുള്ള ബിസിനസ്സിന് അപ്പുറം ശ്രദ്ധിക്കാന്‍ മനോജിന് കഴിയാതെയായി. മറ്റൊരു സ്റ്റാഫിനെ വച്ചാല്‍, ശമ്പളം കൈയില്‍ നിന്നും കൊടുക്കണമെന്ന് മാത്രമല്ല, പെട്ടന്ന് വേണ്ടതായ തീരുമാനങ്ങള്‍ ജോലിക്കാര്‍ക്ക് വിട്ടുകൊടുക്കാനുമാവില്ല.

ചുരുക്കത്തില്‍, യാത്ര കൊണ്ട് വലഞ്ഞ മനോജിന് സംരംഭത്തില്‍ കാലിടറിത്തുടങ്ങി. അവനവന്‍ പാര, അഥവാ അവനവന്‍ കടമ്പ എന്നതാണ് കാരണം. വൈകാതെ സംരംഭം വില്‍ക്കാനും, ഒരു സ്ഥലത്ത് തന്നെയിരുന്ന് ചെയ്യാവുന്ന സംരംഭം തുടങ്ങാനും മനോജിനോട് പറയേണ്ടി വന്നു. എന്തായാലും അല്‍പ്പം നഷ്ടത്തില്‍ ആ സ്ഥാപനം വിറ്റതിന് ശേഷം, ആട്ടോ സ്‌പെയര്‍ പാര്‍ട്ട്‌സ്, പെയിന്റ് & ഹാര്‍ഡ് വെയര്‍ ഷോപ്പുകള്‍ തുടങ്ങിയവ, അടുത്തടുത്ത ബില്‍ഡിംഗുകളില്‍ ആരംഭിച്ച് നല്ല രീതിയില്‍ വിജയിക്കുകയും ചെയ്തു. യാത്രകള്‍ ഒട്ടും വേണ്ടതില്ല എന്നത്, പുതിയ സംരംഭത്തില്‍ അദ്ധേഹത്തിന് ഏറെ ഗുണം ചെയ്തു എന്നതാണ് വാസ്തവം!

എന്നാല്‍, മറ്റൊരു സുഹൃത്തിന്റെ അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു.

പാലക്കാട് മുതല്‍ വടക്കോട്ടുള്ള എല്ലാ ജില്ലകളുടെയും സോണല്‍ സെയില്‍സ് ഓഫീസറായി തിളങ്ങിയിരുന്ന ഇദ്ധേഹത്തിന്, പലചരക്ക് കട നടത്തിയിരുന്ന പിതാവ്, സ്വന്തം പണം മുടക്കി ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിക്കൊടുത്തു. പഠിക്കുന്ന കാലത്ത് തന്നെ, ഒരിടത്ത് അടങ്ങിയിരിക്കാന്‍ സാധിക്കാത്ത ഇദ്ധേഹത്തിന് യാത്രകള്‍ ശരിക്കും ഹരമായിരുന്നു. അതു കൊണ്ട് തന്നെ, ആറു ജില്ലകളില്‍ തുടര്‍ച്ചയായി യാത്ര ചെയ്തിരുന്നത് അദ്ധേഹം ആസ്വദിക്കുക തന്നെയായിരുന്നു.

എന്നാല്‍ കല്യാണത്തിന് ശേഷം, ഇങ്ങിനെ നിരന്തരം കറങ്ങി നടക്കുന്ന ജോലി ഭൂഷണമല്ലെന്ന് കണ്ട്, തന്റെ പലചരക്ക് കട വിപുലീകരിച്ച് സൂപ്പര്‍മാര്‍ക്കറ്റാക്കി മകനെ ഏല്‍പ്പിക്കുകയായിരുന്നു ആ പിതാവ് ചെയ്തത്.

പക്ഷേ, ഒരിടത്തും അടങ്ങിയിരുന് ജോലി ചെയ്യാന്‍ സാധിക്കാത്ത സുഹൃത്താവട്ടെ, സൂപ്പര്‍ മാര്‍ക്കറ്റ് തൊഴിലാളികളെ ഏല്‍പ്പിച്ച് സദാസമയവും പുറത്ത് കറക്കമായിരുന്നു പതിവ്. അങ്ങിനെ വൈകാതെ തന്നെ സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിപ്പോയി. അതിനെ തുടര്‍ന്ന് ഏറെ വിഷമിച്ച ഈ സുഹൃത്തിന്റെ പിതാവിനോട്, ഇതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ധേഹത്തിനത് ഉള്‍ക്കൊള്ളാനായില്ല.

ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും, രാവിലെ 7 മുതല്‍ വൈകീട്ട് 9 മണി വരെ പലചരക്ക് കടയ്ക്കുള്ളില്‍, ഞായറാഴ്ചയടക്കം ജീവിച്ച പിതാവിനാവട്ടെ, തന്റെ മകന് ഏതാനും മണിക്കൂറുകള്‍ പോലും ഷോപ്പില്‍ ഇരിക്കാനാവുന്നില്ല എന്നത് വിശ്വസിക്കാനായില്ല. പക്ഷേ യാഥാര്‍ത്ഥ്യം നമ്മെ പഠിപ്പിക്കുന്നത്, നമുക്ക് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ, അഭിരുചികളും, താല്‍പ്പര്യങ്ങളും, ബുദ്ധിമുട്ടുകളും, പ്രശ്‌നങ്ങളും ഉണ്ട് എന്നതാണ്.

നമ്മുടെ സ്വഭാവത്തിന്റെ തന്നെ പ്രത്യേക രീതികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ചിലതരം ഫോബിയകള്‍, അലര്‍ജികള്‍ തുങ്ങിയ കാര്യങ്ങള്‍ സംരംഭത്തിന്റെ വിജയത്തെ പലപ്പോഴും സാരമായി ബാധിക്കാറുണ്ടെങ്കിലും, പലരും അതൊന്നും മനസ്സിലാക്കാറില്ല എന്നതാണ് വാസ്തവം.

ഇങ്ങിനെ, അവനവന്‍ കടമ്പ അഥവാ പാര എന്ന പ്രശ്‌നം കാരണം തകര്‍ന്നു പോയ ഒരു പാട് സംരംഭകരുണ്ട് നമുക്ക് ചുറ്റും. എന്ത് കൊണ്ടാണ് തന്റെ സംരംഭം പച്ച പിടിക്കാതിരുന്നത് എന്ന യാഥാര്‍ത്ഥ്യം മിക്കവര്‍ക്കും അറിയുന്നുമുണ്ടാവില്ല.

ഈ അടുത്ത കാലത്ത് നടന്ന മറ്റൊരു സംഭവത്തിലും അവനവന്‍ കടമ്പ, തന്നെയായിരുന്നു വില്ലന്‍ കൃഷിയോട് വലിയ താല്‍പ്പര്യമുള്ള ഒരു പ്രവാസി, നാട്ടില്‍ വന്ന് ധാരാളം പണം ചിലവഴിച്ച് നല്ലൊരു ഫാമിന്റെ പണി ആരംഭിച്ചതോടെ പ്രശ്‌നങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. പുള്ളിക്കാരന് ചളിയില്‍ ചവിട്ടാന്‍ മടി, മണ്ണിരയെയും പുഴുക്കളെയും കാണുമ്പോള്‍ അറപ്പ്, വളത്തിന്റെ മണമാണെങ്കില്‍ തീരെ സഹിക്കാനാവുന്നില്ല, വയ്‌ക്കോലിന്റെയും നെല്ലിന്റെയും പൊടിയുണ്ടെങ്കില്‍ ആ ഭാഗത്ത് വരാന്‍ പോലും കഴിയുന്നില്ല തുടങ്ങി അനവധി പ്രശ്‌നങ്ങള്‍, സംരംഭത്തിന്റെ വളര്‍ച്ചയെ താഴോട്ട് വലിക്കാന്‍ തുടങ്ങി.

സുഹൃത്തുക്കളും കുടുംബവുമൊക്കെ, ഇതെല്ലാം തുടക്കത്തിലെ മാത്രം പ്രശ്‌നമാണെന്നും, എല്ലാം പതിയെ ശരിയാവും എന്നൊക്കെ ആശ്വാസവും പ്രോത്സാഹനവും നല്‍കിയെങ്കിലും, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ബുദ്ധിമുട്ടുകള്‍ മാറിയില്ല.

എന്നാല്‍, നല്ലത് പോലെ വിളഞ്ഞ് കിടക്കുന്ന പച്ചക്കറിത്തോട്ടവും, പൊന്‍കതിരണിഞ്ഞ നെല്‍പ്പാടവും, ഇടതൂര്‍ന്ന് നില്‍ക്കുന്ന വാഴത്തോട്ടവും കാണാനും, ഫോട്ടോയെടുക്കാനും, ഒക്കെ ആള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. ഇതൊക്കെ ഉണ്ടാവുന്നതിന്റെ പിന്നിലെ കാര്യങ്ങള്‍ അറിയാതെയൊന്നുമല്ല ഫാം തുടങ്ങിയത്. പക്ഷേ കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല എന്നു മാത്രം. പതിയെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവുമെന്ന് കരുതിയെങ്കിലും, കാര്യങ്ങള്‍ എങ്ങുമെത്താതെ, വന്‍ നഷ്ടം സംഭവിച്ച, ആ പ്രവാസി വീണ്ടും പ്രവാസ ലോകത്തേക്ക് തന്നെ മടങ്ങി.

ഇതുപോലുള്ള, നിസ്സാരമായ ഒരു പ്രശ്‌നമാണ് മറ്റൊരു സുഹൃത്തിന്റെ ബിസിനസ്സ് മോഹം തന്നെ തല്ലിക്കെടുത്തിയത്. അന്നത്തെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, കറിപ്പൊടികളിലെ മായം കണ്ടു പിടിച്ച വാര്‍ത്ത കേട്ടപ്പോള്‍, പരിശുദ്ധമായ കറിപ്പൊടികള്‍ കസ്റ്ററുടെ മുന്നില്‍ വച്ച് തന്നെ പൊടിച്ച് കൊടുക്കുന്ന സംരംഭം തുടങ്ങണമെന്ന് സുഹൃത്തിന് മോഹം. ഏറെ പണിപ്പെട്ട് സ്ഥാപനം തുടങ്ങിയ അദ്ധേഹത്തിന് കറിപ്പൊടികള്‍, പ്രത്യേകിച്ചും മസാലപ്പൊടികള്‍ വല്ലാത്ത അലര്‍ജിയാണുണ്ടാക്കിയത്. അദ്ധേഹത്തിന്റെ ശക്തവും ദീര്‍ഘവുമായ തുമ്മല്‍ കണ്ടവരാകട്ടെ പിന്നീടാ സ്ഥാപനത്തില്‍ വന്നതേയില്ല എന്നാണറിഞ്ഞത്. ചെറിയ സ്ഥാപനമായത് കൊണ്ടും, ലാഭം കുറവായത് കൊണ്ടും ആളെ ജോലിക്ക് വയ്ക്കാന്‍ സാധിക്കുമായിരുന്നില്ല. അഥവാ വച്ചാല്‍ പോലും ഇദ്ധേഹത്തിന്റെ മേല്‍നോട്ടം തികച്ചും അസാദ്ധ്യമായിത്തീര്‍ന്നു.

ഇത് പോലെ, പാലക്കാട് ഡയറി ഫാം തുടങ്ങിയ ദമ്പതികളില്‍ ഒരാള്‍ക്ക്, പശുവിന്റെ മൂത്രത്തിന്റെയും, ചാണകത്തിന്റെയും എന്തിനേറെ പശുവിന്റെ തന്നെയും മണം സഹിക്കാനാവാതെയും, മറ്റേയാള്‍ക്ക് രാവിലെ മൂന്നരക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയും, ഫാം വിറ്റ് രക്ഷപ്പെട്ടത്, രണ്ടു വര്‍ഷം മുന്‍പാണ്. ജോലിക്കാര്‍ എത്ര ഉണ്ടായാലും സംരംഭകന് പ്രവര്‍ത്തിക്കാനും, മേല്‍നോട്ടം വഹിക്കാനും സാധിക്കില്ലെങ്കില്‍ സംരംഭം വിജയിക്കില്ല എന്നുറപ്പാണല്ലോ?

ചിലര്‍ക്കാവട്ടെ, കെമിക്കലുകള്‍, തുണികള്‍, പെയിന്റുകള്‍, തുടങ്ങി പലതും അലര്‍ജിയുണ്ടാക്കുന്നതാവും. അത് പോലെ തന്നെയാണ് ചില തരം ഫോബിയകളും, സംരംഭകരെ സാരമായി ബാധിക്കുന്നത്.

ആള്‍ക്കൂട്ടത്തെ ഇഷ്ടമില്ലാത്തവര്‍, ആളുകളുമായി ഇടപെടാന്‍ മടിയുള്ളവര്‍, സഭാ കമ്പമുള്ളവര്‍, യാത്ര ചെയ്യാന്‍ മടിയുള്ളവര്‍ ഒക്കെ സംരംഭകരാവുന്നതിന് മുന്‍പ്, തങ്ങള്‍ ഉദ്ധേശിക്കുന്ന സംരംഭം തങ്ങള്‍ക്കനുയോജ്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അനുകൂലമല്ലാത്ത സാഹചര്യത്തിലും, പൊരുത്തപ്പെട്ട് അല്ലെങ്കില്‍ പൊരുത്തപ്പെടുന്നതായി ഭാവിച്ച് പ്രവര്‍ത്തിക്കുന്നവരുണ്ട്. പക്ഷേ അവര്‍ക്ക് പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വന്തം സ്വഭാവരീതികള്‍ തന്നെ വിലങ്ങു തടിയാവുന്നുണ്ട്. അങ്ങിനെയാണ് കഠിന പ്രയത്‌നം ചെയ്തിട്ടും ചിലര്‍ തട്ടിമുട്ടി മാത്രം കഴിഞ്ഞ് പോകുന്നത്.

പല സംരംഭകരും അറിയാതെ പോകുന്ന പ്രശ്‌നമാണിത്. അത് കൊണ്ട്, തന്നെ ഉദ്ധേശിക്കുന്ന സംരംഭം ഏതായാലും, ആ മേഖലയില്‍ കുറഞ്ഞത് രണ്ടോ മൂന്നോ മാസമെങ്കിലും പ്രവര്‍ത്തിച്ച് അല്ലെങ്കില്‍ സ്ഥിരമായി ആ മേഖല സന്ദര്‍ശിച്ച്, വ്യക്തിഗത പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്നുറപ്പ് വരുത്തേണ്ടതുണ്ട്.

നമ്മുക്കേറെ താല്‍പര്യമുള്ള വിഷയങ്ങള്‍ തന്നെ സംരംഭങ്ങളാവുമ്പോഴും, ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നോര്‍ക്കണം. ഉദാഹരണമായി, സ്വന്തം വീട്ടില്‍ ചെറിയ പൂന്തോട്ടം ഒരുക്കാന്‍ ഇഷ്ടമുണ്ട് എന്നതിനാല്‍ ലാന്‍ഡ് സ്‌കേപ്പിംഗ് ബിസിനസ്സ് ചെയ്യാന്‍ പോവുമ്പോള്‍, നല്ലപോലെ വെയിലും ചിലപ്പോള്‍ മഴയും കൊള്ളേണ്ടിവരും എന്നതോര്‍ക്കണം.

സംരംഭകരെ നിരുത്സാഹപ്പെടുത്തേണ്ട എന്ന് കരുതിയോ, അല്ലെങ്കില്‍ അറിയാത്തത് കൊണ്ടോ ആവാം, ഭൂരിപക്ഷം കണ്‍സള്‍ട്ടന്റ്മാരും, ഇക്കാര്യം ആരോടും പങ്കുവയ്ക്കുന്നത് കണ്ടിട്ടില്ല. മറിച്ച് വാരിക്കോരി പ്രോത്സാഹനം നല്‍കി, ഫീസും വാങ്ങി, സ്വപ്നവുമായി വരുന്നവരെ സംരംഭകരാക്കും. അതില്‍ കാര്യമായ പ്രശ്‌നമില്ലാത്ത ചിലര്‍ രക്ഷപ്പെടും, എന്നാല്‍ ഭൂരിഭാഗവും കഷ്ടപ്പെടും.

മറ്റു ചിലരാവട്ടെ, ഇങ്ങിനെ കഷ്ടപ്പെടുന്നവരെ ചൂണ്ടിക്കാട്ടി, സംരംഭം എന്നാല്‍ അപകടം എന്ന തെറ്റിദ്ധാരണ പരത്തുകയും ചെയ്യും.

സംരംഭങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ പാഷന്‍ എന്നത് പോലെ തന്നെ, നമ്മുടെ കുറവുകളും പരിഗണിക്കുക എന്നത് പ്രധാനമാണ്. കുറഞ്ഞത് അവനവന്‍ തന്നെ പാരയാവാതിരിക്കാന്‍ ശ്രദ്ധിക്കുക. മികച്ച സംരംഭങ്ങളും വിജയവും നമ്മുടെ അവകാശമാണ്.

കൊച്ചി പഴയ കൊച്ചിയല്ല, സംരംഭങ്ങള്‍ പഴയ സംരംഭങ്ങളുമല്ല…പക്ഷേ ബിലാല്‍ ഇപ്പോഴും പഴയതാണെങ്കില്‍, വിജയിക്കാന്‍ നന്നേ പണിപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!