എഴുത്ത് വഴിയിൽ പേനയും പെൻസിലും ഒഴിച്ചുകൂടാനാവത്തതാണല്ലോ ? കുട്ടികൾ മുതൽ വലിയവർ വരെ പേനയും പെൻസിലുമൊക്കെ ഉപയോഗിക്കുന്നതുമാണ്. മനുഷ്യന്റെ എഴുത്തിൽ നിർണായക മാറ്റം വന്ന പെൻസിലിന്റെ പിന്നാമ്പുറ കഥകൾ എന്തോക്കെയാണ് എന്ന് നോക്കാം.

പെൻസിലിന്റെ വരവോടെയാണ് എഴുത്ത് സുഗമമായതെന്നും, കൊച്ച് കുട്ടികൾക്ക് വരെ അനായാസം എഴുതി പഠിക്കാവുന്നതുമായ ഉപകരണമാണ്, ​ഇതെന്നും എല്ലാവർക്കും അറിയുന്നതാണ്. അക്ഷരം നന്നാവണമെങ്കിൽ പെൻസിൽ വെച്ചെഴുതണമെന്ന് പറയുന്നവരുമാണ് നമ്മളോരുത്തരും. അങ്ങനെയുള്ള പെൻസിലിന്റെ ചരിത്രമാണിത്.

1564 ൽ ഇംഗ്ലണ്ടിലെ കമ്പർ ലാൻഡ് കുന്നുകളിലെ ബോറോഡെയ്‌ലിൽ വൻ ഗ്രാഫൈറ്റ് ശേഖരം കണ്ടെത്തിയതിന് ശേഷമാണ് പെൻസിലുകൾ രൂപം കൊള്ളാൻ ആരംഭിച്ചത്. ആടിനെ മേച്ചുനടന്ന ആട്ടിടയന്മാർ ചാരവും , കറുപ്പും കലർന്ന ഒരു നിക്ഷേപം അവിടെ കണ്ടെത്തി. ഇത് ഗ്രാഫൈറ്റ് ആയിരുന്നു. നല്ല മയമുള്ളതും , തൊട്ടാൽ കൈയിൽ നിറം പറ്റുന്നതുമായ ഇതിനെ ലെഡ് എന്ന് അവർ വിളിച്ചു. കാർബണിന്റെ രൂപാന്തരമായ ഗ്രാഫൈറ്റ് ആണിതെന്ന് അന്നാർക്കും മനസ്സിലായില്ല. ഈ വസ്തു ഉപയോഗിച്ച് ആടുകളുടെ പുറത്ത് അടയാളമുണ്ടാക്കാമെന്നും ആടുകൾ മാറിപ്പോകാതിരിക്കാൻ ഇത് സഹായിക്കുമെന്നും ആട്ടിടയന്മാർ മനസ്സിലാക്കി.

പെൻസിലിന്റെ യഥാർത്ഥ നിർമ്മാതാവ് ആരെന്ന കാര്യം ഇന്നും തർക്ക വിഷയമാണെങ്കിലും ജർമ്മൻ കാരനായ കോൺറാഡ് ജെസ്‌നറാണ് ആദ്യമായി പെൻസിൽ കണ്ട് പിടിച്ചതെന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 1565 ലായിരുന്നു അദ്ദേഹം ആദ്യത്തെ പെൻസിൽ നിർമ്മിച്ചത്. പേപ്പറിന്റെ ആദ്യ രൂപം കണ്ടുപിടിച്ചത് മുതൽ അതിൽ എഴുതാൻ പല ഉപകരണങ്ങളും കണ്ടുപിടിച്ചിരുന്നു. ലെഡ് കൊണ്ടുള്ള പ്രത്യേക ഉപകരണമായിരുന്നു ഇതിൽ കൂടുതൽ ആയി ഉപയോഗിച്ചിരുന്നത്.

പിന്നീട് ഗ്രാഫൈറ്റ് ശേഖരം കണ്ടുപിടിച്ചതോടെ ലെഡിനു പകരം ഗ്രാഫൈറ്റ് സംയുക്തം ഉപയോഗിച്ച് ഇത്തരം പെൻസിലിന് സമാനമായ രീതിയിലുള്ള ഉപകരണങ്ങൾ നിർമ്മിച്ചു. ലെഡിനേക്കാൾ കറുത്തതും , വ്യക്തവുമായി എഴുതാൻ സാധിക്കും എന്ന അനുമാനത്തെ തുടർന്നായിരുന്നു ഇത്. ഈ ഗ്രാഫൈറ്റിനെ ചെറിയ കറുത്ത വടികളാക്കിമാറ്റാമായിരുന്നു. ഗ്രാഫൈറ്റ് വടികൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അവ വേഗം പൊട്ടാൻ തുടങ്ങി. ഇതിന് പരിഹാരമായി ഈ വടികളെ തടികൾകൊണ്ട് പൊതിയാൻ ആരംഭിച്ചു. അതായത് തടിയുടെ മധ്യത്തിൽ ദ്വാരമിട്ടശേഷം നീണ്ടവടികൾ ഇതിനുള്ളിലാക്കി ഉറപ്പിച്ചു. അതായിരുന്നു ആദ്യത്തെ പെൻസിൽ. എഴുതാനായി നിർമ്മിക്കുന്ന ഗ്രാഫൈറ്റ് സംയുക്തങ്ങളെ ലെഡ് എന്ന് തന്നെയാണ് അന്നത്തെ കാലത്ത് വിളിച്ചിരുന്നത്. അതിനാൽ ഇതു കൊണ്ടു നിർമ്മിച്ച പെൻസിലുകൾ ലെഡ് പെൻസിലുകൾ എന്നാണ് വിളിച്ച് പോന്നിരുന്നത്.

1662 ആയപ്പോഴേക്കും പെൻസിലിന്റെ നിർമ്മാണ കേന്ദ്രം ലണ്ടനിൽ നിന്നും ജർമ്മനിയിലേക്ക് മാറി. ഇത് പെൻസിലുകളുടെ പ്രചാരം കുറച്ചു കൂടി വർദ്ധിക്കുന്നതിന് കാരണമായി. എന്നാൽ പെൻസിലിന്റെ പ്രശസ്തിക്ക് അടിസ്ഥാനമിട്ടത് 1795 ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ നിക്കോളാസ് കോന്റെ ആയിരുന്നു. കളിമണ്ണും, ഗ്രാഫൈറ്റും വെള്ളത്തിൽ കലക്കിയുണ്ടാക്കിയ മിശ്രിതം മരത്തടിയിലേക്ക് കടത്തി അദ്ദേഹം പുതിയ പെൻസിൽ ഉണ്ടാക്കി. ആധുനിക പെൻസിലുകളുടെ നിർമ്മാണത്തിന് വഴിവെച്ചത് അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തമായിരുന്നു.ചെറിയ പെയിന്റ് ബ്രഷ് എന്നർഥമുള്ള പിൻസെൽ എന്ന ഫ്രഞ്ച് വാക്കിൽ നിന്നോ ചെറിയ വാൽ എന്നർഥമുള്ള പെനിസില്ലെസ് എന്ന ലാറ്റിൻ വാക്കിൽ നിന്നോ ആയിരിക്കാം പെൻസിൽ എന്ന വാക്ക് ഉദ്ഭവിച്ചത്.

റബ്ബർ ഇറേസർ ഘടിപ്പിച്ചിരിക്കുന്ന ലോഹക്കുഴലിന് ഫെറുൾ ( ferrule ) എന്നാണ് പറയുക. ഫെറുൾ പെൻസിലിന്റെ അറ്റത്തു ഘടിപ്പിച്ചു അതിനുള്ളിൽ മായ്ക്കാനുള്ള റബ്ബർ ഇറേസർ കടത്തി ആയിരുന്നു നിർമാണം. 1964 വരെ പിച്ചള (brass ) കൊണ്ടായിരുന്നു ഫെറുൾ ഉണ്ടാക്കിയിരുന്നത്. പിച്ചള വില പിടിപ്പുള്ള ലോഹമായത്  കാരണം ഇത്തരം പെൻസിൽ കൂടിയ വിലക്ക് വിൽക്കേണ്ടി വന്നു. അലൂമിനിയം ഫെറുൾ ഇതിൽ ശ്രമിച്ചു നോക്കിയെങ്കിലും ബലക്ഷയം കാരണം പെട്ടെന്ന് ചതഞ്ഞു പോകുമാരുന്നു. ഈ സമയത്താണ് J.B. Ostrowski എന്നയാൾ അലൂമിനിയം ഫെറുൾ ബലപ്പെടുത്താനുള്ള ഒരു വിദ്യ കണ്ടു പിടിച്ചത്. ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ച് അലൂമിനിയം ഫെറുളിൽ വരകൾ ( serration) ഇടുക. അതിനു പുള്ളി പേറ്റന്റും എടുത്തു. ഈ രീതിയിൽ അലൂമിനിയം ഫെറുളിനു പിച്ചള ഫെറുലിന്റെ ബലം കിട്ടുകയും, കുറഞ്ഞ ചിലവിൽ വൻതോതിൽ പെൻസിലുകൾ ഫാക്ടറികളിൽ ഉത്പ്പാദിപ്പിക്കാനും സാധിച്ചു. അതാണ് പെൻസിൽ ഫെറുളിന്റെ വരകൾക്കു പിന്നിലെ കഥ.

LEAVE A REPLY

Please enter your comment!
Please enter your name here