കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു. ‘കുടുംബ ദത്ത് പദ്ധതി’ അഥവാ ‘ഫാമിലി അഡോപ്ഷൻ പ്രോഗ്രാം’ (FAP) എന്ന പേരിലുള്ള ഇതിന്റെ കരട് ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) തയ്യാറാക്കി. ഉടൻ തന്നെ പൊതുജനാഭിപ്രായം തേടാനായി ഇത് പ്രസിദ്ധീകരിക്കും.
ലോകത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ളത് ഇന്ത്യയിലാണ്. 595 അലോപ്പതി മെഡിക്കൽ കോളേജുകളിൽനിന്ന് 90,000 ബിരുദധാരികൾ ഓരോ വർഷവും പുറത്തിറങ്ങുന്നു. കൂടാതെ, 733 ആയുഷ് മെഡിക്കൽ കോളേജുകളിലായി 53,000 വിദ്യാർഥികൾ പ്രതിവർഷം ബിരുദം നേടുന്നുണ്ട്. മെഡിക്കൽ വിദ്യാർഥികളെ കൂടുതൽ സഹാനുഭൂതിയോടെയും ആത്മവിശ്വാസത്തോടെയും ‘സമ്പൂർണ ഡോക്ടർ’ ആയി വളർത്തിയെടുക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്.
സാങ്കേതിക പരിശീലനത്തിനു (കംപ്യൂട്ടർ സ്കിൽ ലേണിങ്) പകരമാണ് എഫ്.എ.പി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ആദ്യവർഷംതന്നെ ഒരു മെഡിക്കൽ വിദ്യാർഥി അഞ്ച് കുടുംബങ്ങളെ ദത്തെടുക്കണം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി പതിവായി നിരീക്ഷിച്ച് അവശ്യമായ ചികിത്സ നിർദേശിക്കണം. രണ്ടാഴ്ചയിലൊരിക്കൽ വീടുസന്ദർശിക്കണം. ചുരുങ്ങിയത് പത്ത് പ്രാവശ്യമെങ്കിലും കുടുംബാംഗങ്ങളെ നേരിട്ടു ചികിത്സിച്ചെന്ന് ഉറപ്പാക്കണം. തുടർന്നുള്ള മൂന്നുവർഷങ്ങളിൽ ഗൃഹസന്ദർശത്തിനുപുറമേ, ഫോണിലൂടെയും ചികിത്സ നിർദേശിക്കാം. ഈ കാലയളവിൽ മൂന്നുമാസത്തിലൊരിക്കൽ വീട്ടിലെത്തിയാൽ മതിയാകും.
ചികിത്സയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അസിസ്റ്റന്റ് പ്രൊഫസറിൽനിന്ന് തേടാം. 25 പേർക്ക് ഒരു അസിസ്റ്റന്റ് പ്രൊഫസർ എന്നതാണ് കണക്ക്. മെഡിക്കൽ വിദ്യാർഥിക്ക് സഹായിയായി ആശാ വർക്കറുമുണ്ടാകും. ചികിത്സാ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ച് വിവരശേഖരം തയ്യാറാക്കണം. കൃത്യമായ മൂല്യനിർണയവുമുണ്ടാകും. കമ്യൂണിറ്റി മെഡിസിൻ വകുപ്പിനുകീഴിൽ പദ്ധതി ഉൾപ്പെടുത്താം. ജീവിതശൈലീരോഗങ്ങളിൽനിന്ന് ആളുകളെ മുക്തരാക്കുന്നതിനും, ഗ്രാമപ്രദേശങ്ങളിൽ മെച്ചപ്പെട്ട ആരോഗ്യസേവനം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.