കഴിഞ്ഞ പതിറ്റാണ്ട് വരെയും കേരളത്തിന്റെ വഴിയരികുകളിൽ സാധാരണയായി കണ്ടു വന്നിരുന്ന ഒന്നാണ് ‘ജെയ്സൺ വാട്ടർ ടാപ് ‘. ഈ വാട്ടർ ടാപ് പുതിയ തലമുറ കാണാനുള്ള സാധ്യത പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറ ഈ വാട്ടർ ടാപ്പിന്റെ ചരിത്രം അറിയേണ്ടതുമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ജെയ്സൺ വാട്ടർ ടാപ്പ് കണ്ടുപിടിക്കുന്നത്. ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗമായ തിരുവതാംകൂറിലെ ജെ. പി സുബ്രഹ്മണ്യ അയ്യർ എന്ന വ്യക്തിയാണ് ‘ജെയ്സൺ വാട്ടർ ടാപ്പിന്റെ ‘ സൃഷ്ടാവ്.

വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്നു എന്ന പ്രത്യേകതയായിരുന്നു ജെയ്സൺ വാട്ടർ ടാപ്പിനുണ്ടായിരുന്നത്. വെള്ളം അമിതമായി പാഴായി പോകാതെയിരിക്കുവാനായി വളരെ നൂതനമായ ഒരു കണ്ടുപിടിത്തം തന്നെയായിരുന്നു അത്. അതുകൊണ്ടുതന്നെ ജെയ്സൺ വാട്ടർ ടാപ്പിനെ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ് ‘ എന്നും അറിയപ്പെടുന്നു.

Jaison Water Tap

ദക്ഷിണേന്ത്യയിലെ നിരത്തുകളിൽ വളരെ സാധാരണയായി ഈ ടാപ്പുകൾ കണ്ടുവന്നിരുന്നു. സാമ്പത്തികമായിട്ടുള്ള വികസനവും ഒപ്പം തന്നെ കുപ്പിവെള്ളത്തോടുള്ള ആസക്തിയും മൂലം ഇന്ന് ഇവ നിരത്തുകളിൽ നിന്ന് ഏതാണ്ട് പൂർണമായും അപ്രതക്ഷ്യമായിരിക്കുന്നു. എന്നിരുന്നാലും ഇവ പല റയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇപ്പോഴും കണ്ടുവരുന്നു.

ചരിത്രം

തിരുവതാംകൂർ – കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് വഴിയരികുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാപ്പുകൾ കൃത്യമായി അടക്കാത്തത് മൂലം അവയിൽ നിന്ന് വെള്ളം അമിതമായി പാഴായി പോകുന്നത് സുബ്രഹ്മണ്യ അയ്യരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് ഈ പ്രശ്നമെങ്ങനെ പരിഹരിക്കാമെന്നായി അദ്ദേഹത്തിന്റെ ചിന്ത. അതിന്റെ ഫലമെന്നോണം അദ്ദേഹം തന്റെ എഞ്ചിനീയർ സുഹൃത്തുക്കളായ ശ്രീ രാജംഗം (ദക്ഷിണേന്ത്യൻ റയിൽവേയുടെ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ചിനീയർ ), എസ്. എൽ. നാരായണൻ എന്നിവരുടെ ഒപ്പം ചേർന്ന് അവരുടെ സഹായത്തോടെ സ്വയം അടയുന്ന ഒരു ടാപ് വികസിപ്പിച്ചു. ആ കണ്ടുപിടിത്തതിന് അദ്ദേഹം പേറ്റന്റ് നേടി. പിന്നീട് ടാപ്പുകളുടെ പ്രവർത്തനക്ഷമത അദ്ദേഹം കൂടുതൽ മെച്ചപ്പെടുത്തുകയും ശേഷം ഈ ടാപ്പിന്റെയും ഡിസൈൻ പേറ്റൻറ് സ്വന്തമാക്കി.

അയ്യർ ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ചു വൻതോതിൽ ടാപ് നിർമാണമാരംഭിക്കുകയുണ്ടായി. പിന്നീട് ഉരുത്തിരിഞ്ഞു വന്ന ചില തൊഴിലാളി യൂണിയൻ പ്രശ്നങ്ങളെത്തുടർന്നു അദ്ദേഹം നിർമാണശാല പിന്നീട് കോയമ്പത്തൂരിലേയ്ക്ക് മാറ്റി. ജെയ്സൺ വാട്ടർ ടാപ് നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിൽ ഉപയോഗിച്ചു വരുന്നു.

‘ഹൈഡ്രോ പ്ലാൻ’ എന്ന പേരുള്ള ഒരു ജർമൻ കമ്പനി അയ്യരിൽ നിന്ന് ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് വിൽക്കുവാനുള്ള അവകാശം വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജെയ്സൺ ടാപ്പിന് വൻതോതിൽ പ്രചാരമുണ്ടായി.

ഇപ്പോൾ സെൻസറുകൾ തുടങ്ങി അനവധി സവിശേഷതയുള്ള ന്യൂ ജനറേഷൻ ടാപ്പുകൾ വിപണി കീഴടക്കുമ്പോളും വളരെ നാളുകൾ നമ്മുടെ ദാഹമകറ്റിയിരുന്ന, ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നു നമ്മളെ പഠിപ്പിച്ച ജെയ്സൺ ടാപ്പുകൾ ഇന്നും ഒരു നല്ല ഓർമയായി മനസ്സിൽ നിൽക്കുന്നു. ഒപ്പം തന്നെ, ലോകവ്യാപകമായി ഉപയോഗിച്ചു വരുന്ന ഒരു വാട്ടർ ടാപ്പിന്റെ ഉത്ഭവം നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്നാണ് എന്നു കേൾക്കുമ്പോളുണ്ടാവുന്ന സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!