പൂർണ്ണമായും ടെക്നോളജിയെ മാത്രം ഉന്നം വച്ച് കൊണ്ടുള്ള സ്റ്റാർട്ടപ്പുകൾ മാത്രം കണ്ട് പരിചയമുള്ള നമുക്ക് പുതിയതായിരിക്കും സാമ്പത്തികരംഗത്തേക്ക് കത്തിക്കയറിക്കൊണ്ടിരിക്കുന്ന ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾ. പണമിടപാടുകൾ എല്ലാം നിമിഷനേരത്തിനുള്ളിൽ ഓൺലൈൻ ആയി നടക്കുന്ന ഈ സമയത്ത് പല തരത്തിലുള്ള ഫിൻടെക്ക് കമ്പനികൾക്ക് പ്രസക്തിയേറുന്നു.

എന്താണ് ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾ?

ഫിനാൻഷ്യൽ ടെക്നോളജി (Financial Technology) അതായത് “സാമ്പത്തിക സാങ്കേതികവിദ്യ” ലോപിച്ചുണ്ടായതാണ് ഫിൻടെക്ക് (Fin-Tech) എന്ന വാക്ക്. പേര് പോലെ തന്നെ പൂർണ്ണമായും സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് സാമ്പത്തികമേഖലയിൽ സേവനങ്ങൾ നൽകുന്ന കമ്പനികളാണിവ. അതിൽ ഓഹരിനിക്ഷേപം, ഹ്രസ്വകാല വായ്പകൾ, തുടങ്ങി പൂർണ്ണമായും ഓൺലൈൻ ആയുള്ള നിയോ ബാങ്കിങ് അക്കൗണ്ടുകൾ വരെ ഉൾപ്പെടും.

സാമ്പത്തികപരമായ മിക്ക ഇടപാടുകളും ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാവുന്ന വിധത്തിൽ ആയിരിക്കും മിക്ക ഫിൻടെക്ക് ആപ്പുകളും രൂപകൽപന ചെയ്തിട്ടുണ്ടാവുക. പരമ്പരാഗത ബാങ്കിങ് സംവിധാനത്തിൽ കേവലം കമ്പ്യൂട്ടർവത്കരണം നടത്തുന്നത് പോലെയല്ല; തികച്ചും വേറിട്ടൊരു വഴിയിൽ കൂടി തന്നെയാണ് ഫിൻടെക്ക് കമ്പനികളുടെ യാത്ര എന്ന് വേണം പറയാൻ.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഒട്ടേറെ ഫിൻടെക്ക് സ്റ്റാർട്ടപ്പുകളാണ് അതിവേഗം വളർന്നു പന്തലിച്ചത്. അവയിൽ പലതും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

പലതരം ഫിൻടെക്കുകൾ

ഫിൻടെക്ക് കമ്പനികൾ അവയുടെ പ്രവർത്തനരീതിക്കനുസരിച്ച് പല തരത്തിലാണ് കണ്ടുവരുന്നത്. കേവലം ബാങ്കിങ്ങിന് പുറമെ നിങ്ങൾക്ക് നിക്ഷേപങ്ങൾ നടത്താനും, ചെറുകിട ലോണുകൾ എടുക്കാനും, ഇൻഷുറൻസുകൾ ലഭ്യമാക്കാനും മറ്റുമായി ഒരുപാട് ഫിൻടെക്ക് കമ്പനികൾ നിലവിലുണ്ട്. ചിലതിലേക്ക് ഒന്നെത്തി നോക്കാം.

 • നിയോ ബാങ്കിങ്: പുത്തൻ ബാങ്കിങ് അനുഭവമാണ് നിയോ ബാങ്കിങ് ആപ്പുകൾ പ്രദാനം ചെയ്യുന്നത്. ഒരു ബ്രാഞ്ചിലും പോകാതെ, ക്യൂ നിൽക്കാതെ നിങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം. ആകർഷകമായ ഓഫറുകളും ലഭിക്കും. മിനിമം ബാലൻസും സാധാരണയായി കാണാറില്ല.
  • ഉദാ: Fi, Jupiter, Niyo
 • ഡിജിറ്റൽ പേയ്മെന്റ്സ്: നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുകയോ കാർഡ് ആഡ് ചെയ്യുകയോ വഴി വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഇത്തരം ആപ്പുകൾ സഹായിക്കുന്നു. പേടിഎം പോലുള്ള ആപ്പുകൾ മുന്നേ ഉണ്ടെങ്കിലും യുപിഐയുടെ വരവോടെ സർവ്വവ്യാപിയായി മാറി ഇത്തരം ആപ്പുകൾ.
  • ഉദാ: Google Pay, PhonePe, Paytm
 • ഇന്റർനാഷണൽ മണി ട്രാൻസ്ഫർ: സംഗതി ഡിജിറ്റൽ പേയ്‌മെന്റ് തന്നെ ആണെങ്കിലും വിവിധ രാജ്യങ്ങളിലേക്ക് നിങ്ങൾക്ക് നിമിഷ നേരത്തിനുള്ളിൽ പണമയക്കാൻ സാധിക്കും എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. പണ്ടത്തെ മണി എക്സ്ചേഞ്ച് തലവേദനകൾ ഒരുവിധം ഒഴിവായിക്കിട്ടുകയും ചെയ്യും.
  • ഉദാ: PayPal, Venmo
 • ലെൻഡിങ്: ചെറുതോ വലുതോ ആയ വായ്പകൾ നിങ്ങൾക് നിമിഷ നേരത്തിനുള്ളിൽ തരുന്ന ആപ്പുകൾ ആണിവ. ഫിൻടെക്ക് മേഖലയിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന മേഖല കൂടിയാണിതെന്നോർക്കുക. ചെറിയ തുക വായ്പയെടുത്തവർക്ക് പോലും വൻ തുക പലിശയായി ചില ആപ്പുകൾ ഭീഷണിപ്പെടുത്തി വാങ്ങാറുണ്ട്. മാത്രമല്ല പല വായ്പാ ആപ്പുകളും നിങ്ങളുടെ സ്വകാര്യ ഡേറ്റ ചോർത്തിയേക്കാം. എന്നാലും വിശ്വസനീയമായ ഒരുപാട് ലെൻഡിങ് ആപ്പുകൾ ലഭ്യമാണ്.
  • LazyPay, Zest Money, KreditBee
 • പേർസണൽ വെൽത്ത്: നിങ്ങളുടെ സ്വകാര്യ സമ്പാദ്യം സ്വരുക്കൂട്ടാൻ സഹായിക്കുന്ന ഇത്തരം ആപ്പുകൾ പ്രധാനമായും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബ്രോക്കർമാരുടെ സഹായമില്ലാതെ തന്നെ ഓഹരിവിപണിയിൽ നേരിട്ട് നിക്ഷേപിക്കാനും നിങ്ങൾക്കിഷ്ടമുള്ളപ്പോൾ പിൻവലിക്കാനും സാധിക്കും. കൂടാതെ മ്യൂച്വൽ ഫണ്ട്, പെൻഷൻ പ്ലാൻ തുടങ്ങിയവയും ഇത്തരം പേർസണൽ വെൽത്ത് അപ്പുകളിൽ ലഭ്യമാണ്.
  • ഉദാ: Zerodha, Groww, UpStox

രാജ്യങ്ങളുടെ ഔദ്യോഗിക കറൻസികൾ കൂടാതെ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത ക്രിപ്റ്റോ കറൻസികൾ (ബിറ്റ്‌കോയിൻ പോലുള്ളവ) കൈകാര്യം ചെയ്യുന്ന ധാരാളം ഫിൻടെക്ക് ആപ്പുകളും രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ മനസ്സ് കൊണ്ടാഗ്രഹിക്കുന്ന പണമിടപാടുകളും മറ്റും നിമിഷനേരം കൊണ്ട് സാധിച്ചു തരാൻ ഫിൻടെക്ക് കമ്പനികളുടെ വളർച്ച സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here