ദിനംപ്രതി നൂതനമായ ആശയങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കയാണ് ഓരോ പുതിയ സ്റ്റാർട്ടപ്പുകളും. സ്റ്റാർട്ടപ്പ് ഉണ്ടാക്കുന്നത് കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ. അവയെ നൂതനമായ രീതിൽ പ്രയോജനപ്പെടുത്താനുള്ള വഴികൾ കൂടി കണ്ടെത്തണം. ഈയൊരു ലക്ഷ്യത്തോട് കൂടിയാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ പബ്ലിക് പ്രൊക്യൂർമെൻറ് സമ്മിറ്റ് 2022, ഏപ്രിൽ 26 ന് സംഘടിപ്പിക്കുന്നത്.

സ്റ്റാർട്ടപ്പുകൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങൾ നന്നായി മനസിലാക്കാനും അവസരങ്ങൾ ഒരുക്കുക എന്നതാണ് പ്രധാനം. പുതു തലമുറ സ്റ്റാർട്ടപ്പുകളും ഗവൺമെന്റുമായുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇങ്ങനെയൊരു പുതിയ നീക്കത്തിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ കടക്കുന്നത്.

സർക്കാർ വകുപ്പുകൾക്ക് സ്റ്റാർട്ടപ്പുകളെ കൂടുതൽ അടുത്തറിയുന്നതിനായി ഡെമോ ഡേ, ഡിമാൻഡ് ഡേ, സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ സോണുകൾ എന്നിവ സജ്ജമാക്കും. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ പങ്കുവെക്കുന്നതിനും, പ്രോഡക്ടകൾ സർക്കാർ ഡിപ്പാർട്മെന്റുകൾക്ക് പരിചയപ്പെടുത്തുന്നതിനും പബ്ലിക് പ്രൊക്യൂർമെൻറ് സമ്മിറ്റ് വഴിയൊരുക്കും. .ഇതിനൊക്കെ പുറമെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് ആവശ്യമായ നൂതനമായ പരിഹാരങ്ങൾ സ്റ്റാർട്ടപ്പുകളിൽ നിന്നും നേരിട്ട് സ്വീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്ത് നടത്തുന്നതിൽ വച്ചു തന്നെ ഏറ്റവും വലിയ ബി2ജി സമ്മിറ്റ് ആയിരിക്കും ഇത്.

ഓരോ ദിവസവും നൂതനാശയങ്ങളുമായി ധാരാളം സ്റ്റാർട്ടപ്പുകൾ നമ്മുടെ നാട്ടിൽ ഉയർന്നു വരുന്നുണ്ടെങ്കിലും സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരങ്ങൾ അധികവും അവക്ക് ലഭിക്കാറില്ല. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാരിന്റെ ഉദോഗസ്ഥരുമായും പ്രതിനിധികളുമായും ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു അവസരമാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത് .

സ്റ്റാർട്ടപ്പ് നിക്ഷേപത്തിനനുകൂലമായ ധാരാളം പോളിസികളും, പുതിയ പദ്ധതികളും, നിർദേശങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കൂടാതെ സ്റ്റാർട്ടപ്പുകളെ അവരുടെ ഉത്പന്നങ്ങൾ സർക്കാർ വകുപ്പുകൾക്ക് വിൽക്കാൻ പ്രാപ്തമാക്കുന്ന പദ്ധതി കേരള സർക്കാറിനുള്ളത് കൊണ്ട് തന്നെ എന്ത് കൊണ്ടും ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കും സമ്മിറ്റ്. കേരളത്തിന് പുറമെ വിവിധ സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വീകരിക്കുന്ന സ്റ്റാർട്ടപ്പ് പോളിസികളെക്കുറിച്ച് അറിയാനുള്ള ഒരു വേദി കൂടിയാണ് സംസ്ഥാന സർക്കാർ ഒരുക്കുന്നത്.

ആവശ്യകതകളെ മനസിലാക്കി പ്രവർത്തിക്കുമ്പോൾ കൂടുതൽ സാധ്യതകൾ ഉടലെടുക്കുന്നു. സംസ്ഥാനത്തെ ഊർജസ്വലരായ സ്റ്റാർട്ടപ്പുകളും സർക്കാർ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള വിടവ് നികത്തുന്നതിനും അതിലൂടെ പുതിയ വളർച്ച ഉണ്ടാക്കുന്നതിനും വഴിയൊരുക്കുന്നതായിരിക്കും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ ജനങ്ങളിൽ എത്തിക്കുന്നതോട് കൂടി ഒരുപാട് തരത്തിലുള്ള മാറ്റങ്ങൾക്കും, പുതിയ കാഴ്ചപ്പാടുകൾക്കും തുടക്കമിടാൻ പബ്ലിക് പ്രൊക്യൂർമെൻറ് സമ്മിറ്റ് 2022 ന് സാധ്യമാകും.

  • തീയതി: ഏപ്രിൽ 26, 2022
  • സ്ഥലം: മസ്‌ക്കറ്റ് ഹോട്ടൽ, തിരുവനന്തപുരം
  • രജിസ്‌ട്രേഷൻ: https://pps.startupmission.in/

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!