Reshmi Thamban

Reshmi Thamban
Sub Editor, Nownext

പെട്ടെന്ന് പഠിച്ച് തീരുന്ന, പഠിച്ചിറങ്ങുമ്പോൾ തന്നെ തൊഴിലവസരങ്ങൾ ലഭിക്കുന്ന കോഴ്സുകളോടാണ് ഇന്ന് എല്ലാവർക്കും പ്രിയം. അതിൽ തന്നെ വിദേശരാജ്യങ്ങളിലടക്കം ചെന്ന് മികച്ച ശമ്പളത്തോടെ ജോലി നോക്കാൻ കഴിയുന്ന കോഴ്സുകളാണെങ്കിൽ വളരെ നല്ലത്. തൊഴിലന്വേഷകരുടെ ഇടയിൽ വളരെ പ്രചാരം നേടിയ അത്തരമൊരു കോഴ്സ് ആണ് മെഡിക്കൽ കോഡിങ്. ആരോഗ്യരംഗം ഒരു കാലത്തും മാർക്കറ്റ് ഇടിയാത്ത മേഖലയായതുകൊണ്ട് തന്നെ മെഡിക്കൽ കോഡിങ് അല്ലെങ്കിൽ ക്ലിനിക്കൽ കോഡിങ് എക്കാലത്തും സാധ്യതയുള്ള ഒരു കരിയർ ആണ്. 

മെഡിക്കൽ കോഡിങ് എന്താണെന്നും, ആരാണ് ഒരു മെഡിക്കൽ കോഡർ എന്നും എന്താണ് അവരുടെ ജോലി എന്നും, പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥാപനം ഏതാണെന്നും ഒക്കെ അറിഞ്ഞതിന് ശേഷം മാത്രം തീരുമാനമെടുക്കുക എന്നതാണ് പ്രധാനകാര്യം. ഒരുപാട് തിയറികളും ഡെഫിനിഷനുമൊന്നും കൂട്ടിക്കുഴച്ച് കൺഫ്യൂഷനാക്കാതെ എന്താണ് മെഡിക്കൽ കോഡിങ്ങ് എന്ന് പറയാം. ഒരു വ്യക്തിയുടെ, അല്ലെങ്കിൽ രോഗിയുടെ മെഡിക്കൽ ഹിസ്റ്ററി ആൽഫാ ന്യുമറിക്കൽ കോഡ് ആക്കി മാറ്റുക എന്നതാണ് മെഡിക്കൽ കോഡിങ്ങിൽ ചെയ്യുന്നത്. കെട്ട് കണക്കിന് വരുന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നും എളുപ്പത്തിൽ അസുഖം മനസിലാക്കാനും മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ എളുപ്പത്തിൽ നടക്കാനും ഇത്തരത്തിലുള്ള ആൽഫാ ന്യുമറിക്കൽ കോഡുകൾ സഹായിക്കും. 

MEDICAL CODING

ആൽഫാ ന്യുമറിക്കൽ കോഡ് എന്നാൽ, ആൽഫബെറ്റുകളും നമ്പറുകളും ഒക്കെ ചേർത്തുള്ള ഒരു കോഡ് എന്നാണ് അർത്ഥമാക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള കോഡിങ് സമ്പ്രദായം തന്നെ ഇതിനായി നിലവിലുണ്ട്. ഉദാഹരണത്തിന് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും പനി അഥവാ ഫീവർ എന്ന അസുഖത്തെ ഒരു മെഡിക്കൽ കോഡർ രേഖപ്പെടുത്തുക R50. 9 എന്നായിരിക്കും. 

ഇത്തരത്തിൽ അസുഖങ്ങൾക്കും, ഒരു അസുഖം വന്ന രോഗികളിൽ ആരോഗ്യ വിദഗ്ധർ ചെയ്യുന്ന പരിശോധനകൾക്കും പ്രൊസീജ്യറുകൾക്കും ഒക്കെ വ്യത്യസ്ത കോഡുകളുണ്ട്. രോഗികളുടെ മെഡിക്കൽ റിപ്പോർട്ട് കൃത്യമായി പഠിച്ച് കോഡ് നൽകുക എന്നതാണ് മെഡിക്കൽ കോഡറുടെ ജോലി. ഇതിനോടൊപ്പം തന്നെ ബില്ലിംഗ് എന്നൊരു സെക്ഷൻ കൂടിയുണ്ട്. ബില്ലിംഗ് എന്നാൽ ഒരു ഫിസിഷ്യന്റെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധന്റെ സമയത്തിനും എഫർട്ടിനും ഉള്ള വില നിശ്ചയിക്കുക എന്നതാണ്. ഇതും മെഡിക്കൽ കോഡിങ്ങിൽ പഠിക്കാനുണ്ട്. ബില്ലിങ്ങും മെഡിക്കൽ കോഡറുടെ ജോലിയുടെ ഭാഗമാണ് എന്നർത്ഥം. 

മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട കോഴ്‌സാണ്, അതുകൊണ്ട് തന്നെ സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് മാത്രമേ മെഡിക്കൽ കോഡിങ് ചെയ്യാൻ പറ്റൂ എന്നൊരു ധാരണ ഉണ്ടെങ്കിൽ അത് തെറ്റാണ്. മെഡിക്കൽ കോഡറിംഗിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാലകളിൽ നിന്നുമുള്ള ഏതെങ്കിലുമൊരു ഡിഗ്രി ആണ്. സയൻസ് തന്നെ ആവണമെന്ന് ഒരു നിർബന്ധവുമില്ല. പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച്, കോഴ്സ് കാലാവധിയിൽ അങ്ങോട്ടുമിങ്ങോട്ടും ചെറിയ മാറ്റങ്ങൾ വരാൻ സാധ്യത ഉണ്ടാകാമെങ്കിലും മെഡിക്കൽ കോഡിങ് കോഴ്സ് കാലാവധി സാധാരണ കണ്ടുവരുന്നത് 3 മാസമാണ്. അമേരിക്കൽ അക്കാദമി ഫോർ പ്രൊഫെഷണൽ കോഡേഴ്സ് അഥവാ എ എ പി സി യുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിലാണ് പഠിക്കാൻ പോകുന്നത് എന്ന കാര്യം ആദ്യമേ തന്നെ ഉറപ്പ് വരുത്തണം. സർട്ടിഫിക്കറ്റിന്‌ മൂല്യമില്ലാത്ത സ്ഥാപനങ്ങളിൽ ചെന്ന് പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

MEDICAL CODING

ബോഡി അനാട്ടമി, രോഗങ്ങളുടെ കോഡുകൾ, സ്കാനിംഗ്, സർജറി, പോലുള്ള പ്രൊസീജ്യറുകളുടെ കോഡുകൾ, അതുകൂടാതെ മെഡികെയ്‌ഡ്‌, മെഡികെയർ മേഖലയിലേക്കാവിശ്യമായ, അതായത് ഇൻഷുറൻസ് രംഗം, അതെ പോലെ തന്നെ രോഗികൾ ഉപയോഗിക്കുന്ന അസിസ്റ്റിങ് മെഷീനുകളുടെ കോഡുകൾ, ഒക്കെ മെഡിക്കൽ കോഡിങ് കോഴ്സിൽ ഈ മൂന്നു മാസം കൊണ്ട് പഠിക്കേണ്ടതുണ്ട്. 

പഠിച്ചുകഴിഞ്ഞാൽ പിന്നെ ഉള്ളത് സെർട്ടിഫിക്കേഷൻ പരീക്ഷയാണ്. സി പി സി അഥവാ സെർട്ടിഫൈഡ് പ്രൊഫെഷണൽ കോഡർ എന്ന അന്താരാഷ്ട്ര അംഗീകാരമുള്ള മെഡിക്കൽ കോഡർ ആവുന്നതിനുള്ള പരീക്ഷയാണിത്. AAPC തന്നെയാണ് ഈ പരീക്ഷയും നടത്തുന്നത്. അന്താരാഷ്ട പരീക്ഷ ആയതുകൊണ്ട് തന്നെ 50000 രൂപയോളമാണ് സി പി സി എക്സാം എഴുതുന്നതിനുള്ള ഫീ വരുന്നത്. ഒരുതവണ ഫീസടച്ചാൽ നിങ്ങൾക്ക് പരീക്ഷ എഴുതി പാസാവാൻ രണ്ട് ചാൻസുകളുണ്ടാകും. പരീക്ഷ പാസാവാൻ 70 ശതമാനം മാർക്ക് നേടേണ്ടതുണ്ട്. 100 മാർക്കിലാണ് പരീക്ഷ. ഓപ്പൺ ബുക്ക് എക്‌സാമായിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. സി പി സി ഇല്ലാതെയും ഒരു മെഡിക്കൽ കോഡർക്ക് ജോലി നോക്കാൻ കഴിയും. പക്ഷെ അത് എപ്പോഴും എല്ലാ സ്ഥാപനങ്ങളിലും സാധ്യമാകണമെന്നില്ല.  

മെഡിക്കൽ ഇൻഷുറൻസ് രംഗത്താണ് മെഡിക്കൽ കോഡറുടെ ജോലി സാധ്യത വരുന്നത്. അതേപോലെ ബില്ലിംഗ് രംഗത്തും ഓഡിറ്റിങ് രംഗത്തും അവസരങ്ങളുണ്ട്. സി പി സി പരീക്ഷ പാസാവുന്നതോടെ മെഡിക്കൽ കോഡറുടെ സാധ്യതകൾ ഇന്ത്യയ്ക്കകത്തും വിദേശത്തും തുറക്കപ്പെടുകയാണ്. ഇന്ത്യയിൽ ഒരു മെഡിക്കൽ കോഡറുടെ ശരാശരി വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയോളമാണ്. വിദേശരാജ്യങ്ങളിൽ ഇത് മൂന്ന് ലക്ഷത്തിനു പുറത്തുണ്ടാകും. ഇതിൽ തന്നെ സ്പെഷ്യലൈസേഷനനുസരിച്ച് വരുമാനത്തിൽ വ്യത്യാസം വരും. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോഡിങ് മേഖലയിൽ നിരവധി അവസരങ്ങളാണ് ഉള്ളത്. അതിൽ തന്നെ പ്ലേസ്മെന്റ് ഓഫർ ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. ഒഴിവുകൾ കണ്ടെത്തി വിദ്യാർത്ഥികളെ നിരന്തരം അറിയിച്ച് ഇന്റർവ്യൂവിനടക്കം വിദ്യാർത്ഥികളെ തയ്യാറാക്കി അയക്കുന്ന സ്ഥാപനങ്ങൾ. കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ അത്തരം സ്ഥാപനങ്ങൾ കണ്ടെത്തി വേണം പഠിക്കാൻ. വൻ തുക ഈടാക്കി യാതൊരു മൂല്യവും ഇല്ലാത്ത സെർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപങ്ങളുടെ ചതിയിൽ പെട്ടുപോവാതെ സൂക്ഷിക്കണം. ശ്രദ്ധിച്ച് തിരഞ്ഞെടുത്ത് പഠിക്കുകയാണെങ്കിൽ മെഡിക്കൽ കോഡിങ് മികച്ച സാധ്യതകളുള്ള ഒരു മേഖലയാണ്.