Reshmi Thamban

Reshmi Thamban
Sub Editor, Nownext

മാഷ്, ടീച്ചറ്, സാറ്, മിസ്. വിളിപ്പേരുകൾ ഒരുപാടുണ്ടെങ്കിലും നമ്മളാരും ഒരിക്കലും മറക്കാത്ത വ്യക്തികളാണ് നമ്മുടെ അധ്യാപകർ. അവരുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ ഓരോരുത്തർക്കും ഓർത്തെടുക്കാനുമുണ്ടാകും. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് എന്ന് വിശ്വസിക്കുന്ന ചാക്കോ മാഷ് മുതൽ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട്‌സ് ആവുന്ന അധ്യാപകർ വരെ ഉണ്ട്. ഇന്ന് ഞാൻ പറയാൻ പോവുന്നത് അധ്യാപകരാവുന്നത് എങ്ങനെയാണ് എന്നാണ്. പഠിക്കാനും പഠിപ്പിക്കാനും താല്പര്യവും കഴിവും മനസും ഉള്ളവർക്കാണ് അധ്യാപക വൃത്തി ഏറ്റവും കൂടുതൽ ചേരുക. പ്രീ പ്രൈമറി മുതൽ കോളേജ് തലം വരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിന് ഈ ഗുണങ്ങളുണ്ടാവുന്നത് നല്ലതാണ്. ഇല്ലെങ്കിൽ ചാക്കോ മാഷിനേക്കാളും കഷ്ടായിപ്പോവും അവസ്ഥ. 

TEACHER

ജോക്സ് അപ്പാർട്ട്, നമുക്ക് കാര്യത്തിലേക്ക് കടക്കാം. നമ്മുടെ വിദ്യാഭ്യാസ കാലത്തെ ഓരോ ഘട്ടങ്ങളായി തരം തിരിച്ചിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാലോ. പ്രീ പ്രൈമറി, പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി, കോളേജ്. ഇതിൽ തന്നെ പ്രൈമറി വിദ്യാഭ്യാസം രണ്ട് ഘട്ടങ്ങളുണ്ട്. ലോവർ പ്രൈമറി ആൻഡ് അപ്പർ പ്രൈമറി. നമുക്ക് ഓരോ ഘട്ടങ്ങളായി തന്നെ പറഞ്ഞു പോകാം. അധ്യാപകരാവാനുള്ള യോഗ്യത, ബേസിക് സാലറി, പ്രൊമോഷൻ അങ്ങനെ അധ്യാപകരാവാൻ ആഗ്രഹിക്കുന്നവരറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം. 

പ്രീ പ്രൈമറി

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ് പ്രീ പ്രൈമറികൾ. പ്രീ പ്രൈമറികളിൽ പഠിപ്പിക്കുന്ന അധ്യാപകരാവാൻ വേണ്ട യോഗ്യത, പത്താം ക്ലാസാണ്. ഒപ്പം ഒരു വർഷം കാലാവധിയുള്ള പ്രീ പ്രൈമറി ടീച്ചേർസ് ട്രെയിനിങ് കോഴ്സും പാസായിരിക്കണം. പത്താം ക്ലാസ് യോഗ്യത, ഗവൺമെന്റ് അംഗീകൃത നഴ്സറി ടീച്ചർ ട്രെയിനിങ് പ്രോഗ്രാം സെർട്ടിഫിക്കറ്റ്, ചൈൽഡ് വെൽഫെയർ കൗൺസിൽ നൽകി വരുന്ന ബാലസേവിക കോഴ്സ് സെർട്ടിഫിക്കറ്റ് എന്നിവയാണ് പ്രീ പ്രൈമറി അധ്യാപകർക്കുള്ള പി എസ് സി പരീക്ഷ എഴുതാനുള്ള യോഗ്യത. 25200 രൂപയാണ് പ്രീ പ്രൈമറി അധ്യാപകരുടെ അടിസ്ഥാന ശമ്പളം. 

പ്രൈമറി 

പ്രൈമറി വിദ്യാഭ്യാസ കാലത്തെ വീണ്ടും രണ്ട് ഘട്ടങ്ങളായി തിരിക്കാം. 1 മുതൽ 7 ആം ക്ലാസ് വരെയാണ് പ്രൈമറി കാലം. 1 മുതൽ 4 വരെ ലോവർ പ്രൈമറിയും 5 – മുതൽ 7 വരെ അപ്പർ പ്രൈമറിയും. എൽ പി യിലും യു പി യിലും അധ്യാപകരാവാൻ +2 കഴിഞ്ഞ്, രണ്ട് വർഷത്തെ D.El. Ed ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ യോഗ്യത നേടിയിരിക്കണം. D.El. Ed എവിടെയൊക്കെ പഠിക്കാം എന്നറിയാൻ ഓരോ വർഷവും D.El. Ed വിജ്ഞാപനം വിളിക്കുമ്പോ, അതിന്റെ കൂടെ ഓരോ ജില്ലയിലെയും പ്രധാന സ്ഥാപനങ്ങളുടെ ലിസ്റ്റ് അതിന്റെ കൂടെ ചാർത്തിട്ടിട്ടുണ്ടാവും, അത് ശ്രദ്ധിച്ചാൽ മതി. 

K -TET എന്ന യോഗ്യത പരീക്ഷ കൂടി പാസാവേണ്ടതുണ്ട്. കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്. K -TET 1, എൽ പി യിലേക്കും K -TET 2 യു പി യിലേക്കും ഉള്ളതാണ്. കൂടാതെ പഠിച്ച വിഷയത്തിൽ B Ed ഉള്ളവർക്കും K -TET 2 പാസായാൽ യു പി യിൽ പഠിപ്പിക്കാം. ഇനി പ്രൈമറി തലത്തിൽ ഹിന്ദി, ആർട്സ്, സ്പോർട്സ് തുടങ്ങിയവയുടെ അധ്യാപകരാവണമെങ്കിൽ ചെറിയ ഒരു വ്യത്യാസമുണ്ട്. അവർ K -TET 4 എന്ന പരീക്ഷയാണ് എഴുതേണ്ടത്. സ്പെഷ്യൽ സ്കൂളുകളിൽ പഠിപ്പിക്കുന്നതിനും K -TET 4 പരീക്ഷയാണ് പാസാവേണ്ടത്. കൂടാതെ ഹിന്ദി അധ്യാപകരാവണമെങ്കിൽ ഹിന്ദി പ്രചാരക് സഭയുടെ സെർട്ടിഫിക്കറ്റും ആർട്സ്, സ്പോർട്സ് വിഷയങ്ങളിൽ ബന്ധപ്പെട്ട യോഗ്യത സെർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. പ്രൈമറി അധ്യാപകരുടെയും അടിസ്ഥാന ശമ്പളം 25200 തന്നെയാണ്. എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ച് ശമ്പള സ്കെയിലും കൂടും. 15 വർഷത്തെ സർവീസ് ഉള്ള അധ്യാപകർക്ക് ഡിപ്പാർട്ട്മെന്റ് ലോവർ പരീക്ഷ എഴുതി എൽ പി യിലെയും ഡിപ്പാർട്ട്മെന്റ് അപ്പർ പരീക്ഷ എഴുതി യു പി യിലും ഹെഡ് ടീച്ചർ ആവാം. 

teacher

ഹൈ സ്കൂൾ

8 മുതൽ 10 വരെയുള്ള കാലയളവാണ് ഹൈ സ്കൂൾ തലം. ഡിഗ്രിയും B.Ed ഉം പിന്നെ K -TET 3 യുമാണ് ഹൈ സ്കൂൾ അധ്യാപകരാവാനുള്ള യോഗ്യത. രണ്ട് വർഷമാണ് കേരളത്തിൽ B.Ed പരീക്ഷയുടെ കാലാവധി. സ്പെഷ്യൽ സ്കൂളുകളിൽ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി സ്പെഷ്യൽ B.Ed ഉം ഉണ്ട്. അതും രണ്ട് വർഷം തന്നെയാണ്. Nature of Disabilities, Needs of Disabilities എന്നീ കാര്യങ്ങൾ കൂടി പഠിച്ചിരിക്കണം. കൂടാതെ ഏതെങ്കിലും ഡിസബിലിറ്റീസിൽ സ്‌പെഷലൈസ് ചെയ്യാനും കിഴിയും. ഹൈ സ്കൂൾ തലത്തിലെ അധ്യാപകരുടെ അടിസ്ഥാന ശമ്പളം 33000 രൂപയാണ്. ഹൈ സ്കൂൾ ഹെഡ് ടീച്ചർ ആവണമെങ്കിൽ 16 വർഷത്തെ സർവിസും കൂടാതെ ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് ഹയർ എന്ന പരീക്ഷയും പാസാവണം. 

ഹയർ സെക്കന്ററി

നമുക്കെല്ലാവർക്കും അറിയുന്നത് പോലെ +1 , +2 ആണ് ഹയർ സെക്കന്ററി തലം. ഹയർ സെക്കൻഡറിയിൽ അധ്യാപകരാവാൻ 50 % മാർക്കോട് കൂടിയപിജിയും B.Ed ഉം കൂടെ SET അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഉം പാസായിരിക്കണം. എൽ ബി എസ് സെന്റർ ആണ് SET എക്സാം കണ്ടക്റ്റ് ചെയ്യുന്നത്. 37 വിഷയങ്ങളിലാണ് SET എക്സാം ഉള്ളത്. 

ഹയർ സെക്കന്ററി അധ്യാപകരുടെ നിയമനത്തിൽ 75 % ഡയറക്റ്റ് നിയമനവും ബാക്കി 25 % പ്രൊമോഷനും ആണ്. പത്ത് വർഷം ഹൈ സ്കൂളിൽ അധ്യാപകരായി ജോലി നോക്കിയിട്ടുള്ള അധ്യാപകർക്ക് പ്രൊമോഷൻ നേടി സെറ്റ് ഇല്ലാതെയും ഹയർ സെക്കന്ററി അധ്യാപകാരാവാൻ കഴിയും. ഹയർ സെക്കന്ററി അധ്യാപകർ രണ്ട് വിഭാഗമുണ്ട്. HSST ജൂനിയർ, HSST എന്നിങ്ങനെ. ആറു മുതൽ 16 പീരിയഡുകൾ വരെ കൈകാര്യം ചെയ്യുന്നവരാണ് HSST Jr. അധ്യാപകർ. 16 -25 വരെ പീരിയഡുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് HSST അധ്യാപകർ. HSST ക്ക് 46000 രൂപയും, HSST Jr.ക്ക് 38000 രൂപയുമാണ് അടിസ്ഥാന ശമ്പളം. 12 വർഷത്തെ സർവീസ് ഉള്ള ഒരു HSST ക്ക് ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായി ഹയർ സെക്കന്ററി പ്രിൻസിപ്പലാവാം. 

teacher

കോളേജ് 

കോളേജാധ്യാപകരാവാനുള്ള യോഗ്യത പി ജി വിത്ത് NET ക്വാളിഫൈഡ് ആണ്. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. യു ജി സി NET , സി എസ് ഐ ആർ NET എന്നിങ്ങനെ ആർട്സ് വിഷയങ്ങൾക്കും സയൻസ് വിഷയങ്ങൾക്കും പ്രത്യേകമായാണ് NET എക്സാം നടത്തുക. കോളേജ് അധ്യാപകർ 3 വിധം ഉണ്ട്. അസിസ്റ്റന്റ് പ്രൊഫെസ്സർ, അസ്സോസിയേറ്റ് പ്രൊഫെസ്സർ, പ്രൊഫെസ്സർ എന്നിങ്ങനെ 3 വിധം. കോളേജുകളിൽ നേരിട്ട് നിയമിക്കപ്പെടുന്ന അധ്യാപകരാണ് അസിസ്റ്റന്റ് പ്രൊഫെസ്സർ മാർ. 12 വർഷത്തെ എക്സ്പീരിയൻസ് ഉള്ള, പി എച്ച് ഡി ഉള്ള അധ്യാപകരാണ് അസ്സോസിയേറ്റ് പ്രൊഫെസർമാർ. പി എച്ച് ഡി, നേടി കഴിഞ്ഞ ശേഷവും, ഒരുപാട് പേപ്പർ പബ്ലിഷ് ചെയ്തിട്ടുള്ളവരും, റിസർച്ച് ഗൈഡ് ആയി എക്സ്പീരിയൻസ് ഉള്ളതും ആയ അധ്യാപകരാണ് പ്രൊഫെസർമാർ. 37400 മുതൽ 67000 വരെയാണ് അസിസ്റ്റന്റ് പ്രൊഫെസർമാരുടെ അടിസ്ഥാന ശമ്പളം. 

അധ്യാപകരാവാൻ ആഗ്രഹവും താല്പര്യവുമുള്ളവർ അധ്യാപനത്തിന്റെ ഈ വ്യത്യസ്ത തലങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മേഖല ഏതാണെന്ന് മനസിലാക്കി, അതിനനുസരിച്ചുള്ള ടീച്ചർ ട്രൈനിംഗ് കോഴ്സ് തിരഞ്ഞെടുത്ത് വിദ്യാർത്ഥികളുടെയും ലോകത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്ന മനോഹരമാക്കുന്ന അധ്യാപകരാവുക. ആശംസകൾ.