Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

ഈ വർഷത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം, താലിബാൻ അധികാരത്തിലേറിയതോടെ വിദ്യാഭ്യാസം വെറും സ്വപ്നമായി മാറിയ അഫ്ഗാനിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ആളുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനായി വിദ്യാഭ്യാസത്തിനു മുൻഗണന നൽകുക എന്നതാണ് ഈ വർഷത്തെ വിദ്യാഭ്യാസ ദിന സന്ദേശം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരുടെ കൂടി ദിനമായാണ് അത് കഴിഞ്ഞ് പോയത്. പാകിസ്താനിലെ 232 മില്യൺ ആളുകളിൽ 22 .8 മില്യൺ വരുന്ന കുട്ടികളും പ്രാഥമിക വിദ്യാഭ്യാസവും അടിസ്ഥാന അവകാശങ്ങളും പോലും നിഷേധിക്കപ്പെട്ടവരാണ്. 

അഫ്ഗാനിസ്ഥാനിലെ അവസ്ഥ അതിനേക്കാൾ കഠിനമാണ്. അധികാരത്തിലേറിയ ഉടനെ താലിബാൻ ചെയ്തത് പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസ അവകാശം എടുത്ത് കളയുകയാണ്. നിലവിൽ 2.5 മില്യൺ വരുന്ന സ്കൂൾ വിദ്യാർത്ഥികളായ പെൺകുട്ടികൾ അഫ്ഗാനിൽ സ്കൂളിന് പുറത്താണ്. 2001 മുതൽ 2021 വരെയുള്ള താലിബാൻ അധികാരത്തിലില്ലാതിരുന്ന വർഷങ്ങളിലെ കണക്കുകൾ പ്രകാരം, ആ ഇരുപത് വർഷങ്ങൾക്കിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്തിരുന്നവരുടെ എണ്ണം പത്തിരട്ടിയായാണ് വർധിച്ചത്. വീണ്ടും താലിബാൻ അധികാരത്തിലേറിയതോടെ പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോവുമാകയാണ് രാജ്യം. എങ്കിലും റേഡിയോ വഴിയും മറ്റും വീടുകളിലെ സ്ത്രീകളിലേക്ക് എത്താൻ യുനെസ്കോ ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നത് ആശാവഹമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യത്തിനെതിരെ മുസ്ലിം രാഷ്ട്രങ്ങൾ പോലും രംഗത്ത് വന്നിരുന്നു. 

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന വേറെയും രാജ്യങ്ങൾ ലോകത്തുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണ സുഡാൻ, ദി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, നിഗെർ, ചാഡ്, മാലി, ഗിനിയ, ബുർക്കിന ഫാസോ, ലൈബീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ദാരിദ്ര്യം, ചെറിയ പ്രായത്തിൽ തന്നെ നടക്കുന്ന വിവാഹങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നുണ്ട്. 

14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്ന ഇന്ത്യയിൽ നിന്നാണ് നാം സ്കൂളിന്റെ പടി ചവിട്ടാൻ പോലും ഭാഗ്യം ലഭിച്ചിട്ടില്ലാത്തവരെക്കുറിച്ച് സംസാരിക്കുന്നത്. വിദ്യാഭ്യാസം ഒരു മൗലിക അവകാശമാണ്. അത് ആർക്കും നിഷേധിക്കപ്പെടാൻ പാടില്ല. മലാല യുസഫ് സായിയെ പോലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുവേണ്ടി പ്രയത്നിച്ചതിന്റെ പേരിൽ ഇടനെഞ്ചിൽ വെടിയുണ്ടയേറ്റുവാങ്ങേണ്ടി വരുന്ന ലോകത്ത് വിദ്യാഭ്യാസം മൗലികാവകാശമായി അംഗീകരിക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.