രാജ്യത്തെ മാറിവരുന്ന ഭക്ഷണ സംസ്ക്കാര രീതികളും സാമൂഹിക-സാമ്പത്തിക-സാങ്കേതിക സാഹചര്യങ്ങളുടെ വൻതോതിലുള്ള മാറ്റങ്ങളും ഭക്ഷണ നിർമ്മാണ-സംസ്കരണ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ ഏതാണ്ട് 23 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മേഖലയിലെ തൊഴിലവസരങ്ങൾ വരുംകാലങ്ങളിൽ ഗണ്യമായ രീതിയിൽ വർധിക്കുമെന്നതാണ് പഠനങ്ങളും കണക്കുകളും സൂചിപ്പിക്കുന്നത്.
ഭക്ഷ്യസംസ്കരണം, സാങ്കേതികവിദ്യ, തൊഴിൽ, സംരംഭകത്വം, മാനേജ്മെൻറ് എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹരിയാനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെൻറ്(NIFTEM)-ൽ ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. പ്ലസ്ടു 50% മാർക്കോടെ പൂർത്തിയാക്കിയവർക്ക്, നാലുവർഷ ബിടെക്കിനു അപേക്ഷിക്കാം. കേന്ദ്ര ഗവൺമെൻറ്ൻറെ കീഴിലുള്ള ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിൻറെ കീഴിലുള്ള സ്ഥാപനമാണ് NIFTEM. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇവിടുത്തെ പ്രോഗ്രാമുകൾ ചെയ്യുന്നതിന് സ്കോളർഷിപ്പ് ലഭിക്കുന്നു.
NIFTEM അവതരിപ്പിക്കുന്ന ബിടെക്-ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെൻറ് എന്ന ബിരുദ പ്രോഗ്രാം വ്യത്യസ്തമായ എൻജിനീയറിങ് പ്രോഗ്രാമുകളിൽ ഒന്നാണ്. ബിരുദാനന്തര പ്രോഗ്രാമുകളിൽ അഞ്ചു എംടെക് പ്രോഗ്രാമുകളാണ് NIFTEM അവതരിപ്പിക്കുന്നത്. ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെൻറ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്, ഫുഡ് പ്ളാൻറ് ഓപ്പറേഷൻസ് മാനേജ്മെൻറ്, ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെൻറ് എന്നിവയിൽ എംടെക് ചെയ്യാവുന്നതാണ്. 2013-14 മുതൽ പി എച്ച് ഡി പ്രോഗ്രാം NIFTEMൽ ആരംഭിച്ചു.
ഭക്ഷ്യവിഭവങ്ങളുടെ നിർമ്മാണം, സംസ്കരണം, കയറ്റുമതി, ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയവയിൽ മികവ് നല്കുന്ന കോഴ്സ് ആണ് ഭക്ഷ്യ സംസ്കരണത്തിലുള്ള ബിടെക്. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫുഡ് ടെക്നോളോജിസ്റ്റായി ജോലി ലഭിക്കും. ഭക്ഷ്യവിഭവങ്ങളുടെ മേഖലയിൽ വൻ വളർച്ച നേരിടുന്നത്, ഈ രംഗത്ത് തൊഴിൽസാധ്യതകൾ ദിനംതോറും വർദ്ധിക്കുന്നതിനു കാരണമാകുന്നു.