Sub Editor Nownext

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝑺𝒖𝒃 𝑬𝒅𝒊𝒕𝒐𝒓, 𝑵𝒐𝒘𝒏𝒆𝒙𝒕

ജോലിക്ക് റെസ്യുമെ അയച്ചതിനു ശേഷം നിങ്ങളെന്ത് ചെയ്യും?. കമ്പനി വിളിക്കുന്നത് വരെ കാത്തിരിക്കും. അതല്ലാതെ എപ്പോഴെങ്കിലും നമ്മുടെ റെസ്യുമെക്ക് എന്ത് സംഭവിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?. റെസ്യുമെ അവിടെ കിട്ടി കാണുമോ?. കിട്ടിയാൽ തന്നെ അവർ അത് വായിച്ചിട്ടുണ്ടാവുമോ?. ഇന്റർവ്യൂവിന് വിളിക്കുമോ?. ഈ കാര്യങ്ങളൊക്കെ ആലോചിച്ച് നോക്കിയിട്ടുണ്ടോ?. 

റെസ്യുമെ വായിച്ച് നിങ്ങളെന്ന വ്യക്തിയെ തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാൻ അവർ എടുക്കുന്ന സമയം വെറും 6 സെക്കന്റാണ് (Resume tips and 6 Seconds rule). ഈ 6 സെക്കന്റിനുള്ളിൽ റെസ്യുമെ വെച്ച് എംപ്ലോയറെ ഇമ്പ്രെസ് ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ അവിടെ തീർന്നു എല്ലാം. നമ്മുടെ റെസ്യുമെ അവരുടെ ചവറ്റുകുട്ടയിൽ കിടക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യാം?. അതിനാദ്യം വേണ്ടത് വെറും 6 സെക്കന്റുകൾ കൊണ്ട് എംപ്ലോയർ എന്തൊക്കെ കാര്യങ്ങളാവും റെസ്യൂമെയിൽ വായിക്കുക എന്ന് തിരിച്ചറിയുകയാണ്. 

എങ്ങനെയാണ് ഒരു എംപ്ലോയർ അയാളുടെ കയ്യിലെക്കെത്തുന്ന റെസ്യുമെ വെറും ആറ് സെക്കൻഡുകൾ കൊണ്ട് ഇഴകീറി പരിശോധിക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ റെസ്യൂമെയിൽ ആദ്യം എംപ്ലോയറുടെ കണ്ണെത്തുക പേര്, മേൽവിലാസം എന്നിവയിലായിരിക്കും.രണ്ടാമതായി കണ്ണ് പതിക്കുക നമ്മുടെ കരിയർ സമ്മറിയിലേക്കായിരിക്കും. യോഗ്യതകൾ എന്തൊക്കെയാണ്? അത് ഈ ഒരു പൊസിഷന് ആപ്റ്റ് ആണോ എന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കി കഴിഞ്ഞിരിക്കും. അടുത്തതായി നേരെ നോക്കുന്നത് അതുവരെയുള്ള ജോബ് ടൈറ്റിലുകളും ജോലി ചെയ്ത കമ്പനികളുടെ പേരുമായിരിക്കും. ജോലി ചെയ്ത കാലഘട്ടവും കരിയർ ഗാപ് വന്നിട്ടുണ്ടോ എന്നുമൊക്കെ അതിനോടകം നോക്കി കഴിഞ്ഞിട്ടുണ്ടാകും. വിദ്യാഭ്യാസ യോഗ്യതയ്ക്കൊരുപാട് പ്രാധാന്യമുള്ള ജോബ് ആണെങ്കിൽ തീർച്ചയായും വളരെ കൃത്യതയോടെ തന്നെ അതും പരിശോധിക്കും. 

Resume tips to impress your recruiter in 6 seconds

ഒരു റെസ്യൂമെയിൽ എംപ്ലോയറുടെ കണ്ണെത്തുന്ന ഇടങ്ങളുടെ ഒരു ഹീറ്റ്മാപ് നോക്കിയാൽ ഏകദേശം ഒരു എഫ് രൂപത്തിലായിരിക്കും. ആദ്യത്തെ കുറച്ച് ലൈനുകൾ വായിച്ച ശേഷം കണ്ണുകൾ നേരെ താഴേക്ക് പോവുകയും ആദ്യത്തെ അക്ഷരങ്ങൾ മാത്രം വായിച്ച് പോവുകയും ചെയ്യും. ഇതിനിടയിൽ നിങ്ങളപേക്ഷിച്ച ജോലിക്കാവശ്യയതും നിങ്ങൾക്കുള്ളതുമായ എന്തെങ്കിലും ഒരു സ്കിൽ ഓ യോഗ്യതയോ എംപ്ലോയറുടെ കണ്ണിൽ പെട്ടില്ലായെങ്കിൽ റെസ്യുമെ റിജെക്റ്റ് ചെയ്യപ്പെടാം. റെസ്യുമെ തയ്യാറാക്കുമ്പോൾ പ്രധാന പോയിന്റുകൾ എഫ് പാറ്റേണിൽ എഴുതേണ്ടതിന്റെ കാരണം ഇതാണ്. എന്നാൽ മാത്രമേ ഈ ചുരുങ്ങിയ സമയം കൊണ്ട് എംപ്ലോയറെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ നമുക്ക് കഴിയുകയുള്ളു.

നിങ്ങളുടെ റെസ്യുമെ തയ്യാറാക്കുമ്പോൾ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ എംപ്ലോയറെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ എളുപ്പം സാധിക്കും. അതും വളരെ ചുരുങ്ങിയ സമയം കൊണ്ട്.

റെസ്യുമെ ടൈറ്റിൽ

നിങ്ങളുടെ പേരിനും കോൺടാക്റ്റ് ഇൻഫോയ്ക്കും ശേഷം, അപേക്ഷിക്കുന്ന ജോബ് റോളിന് ആപ്റ്റായ ഒരു ടൈറ്റിൽ നല്കാൻ ശ്രദ്ധിക്കുക. ഒന്നിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്ന എംപ്ലോയറുടെ ജോലി ഇത് എളുപ്പമാക്കുന്നു എന്നതിനോടൊപ്പം തന്നെ, സ്വയം നിങ്ങൾ യോഗ്യതയുള്ള ഒരു പ്രൊഫെഷനലായി വിശേഷിപ്പിക്കുന്നു എന്നത് എംപ്ലോയറെ ഇമ്പ്രെസ്സ് ചെയ്യിച്ചേക്കാം. 

പ്രൊഫൈൽ സമ്മറി

റെസ്യൂമെയിൽ നിങ്ങളെഴുതുന്ന സമ്മറി സ്റ്റേറ്റ്മെന്റ് ആണ് എംപ്ലോയറുടെ മുന്നിലേക്ക് ആദ്യം കടന്നുചെല്ലുന്ന നിങ്ങൾ. അതുകൊണ്ട് തന്നെ സമ്മറിക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന റെസ്യൂമേകളുടെ എല്ലാം തന്നെ കാതൽ അവയുടെ സമ്മറി ആയിരിക്കും. ഫസ്റ്റ് സ്‌ക്രീനിങ്ങിൽ റിക്രൂട്ടർമാർ കൃത്യമായി വായിക്കുന്ന ഏക ഭാഗവും സമ്മറിയായിരിക്കും. അതുകൊണ്ട് നിങ്ങളുടെ എല്ലാ മികവുകളും, നേട്ടങ്ങളും എടുത്തെഴുതികൊണ്ട് വേണം സമ്മറി തയ്യാറാക്കാൻ. 

കണക്കുകളുടെ ഉപയോഗം

റെസ്യുമെ തയ്യാറാക്കുമ്പോൾ അതിലുപയോഗിക്കുന്ന കണക്കുകളും പെർസെന്റേജുകളും ഏതൊരാളെയും ഒരു നിമിഷം ഒന്ന് നിർത്തി അത് ശ്രദ്ധിക്കാൻ പ്രേരിപ്പിക്കും. മാത്രമല്ല കണക്കുകളിലൂടെ കാര്യം പറയുന്നത് നിങ്ങളുടെ ക്രെഡിബിലിറ്റി വർധിപ്പിക്കും. കൂടാതെ അത് നിങ്ങളുടെ പ്രൊഫെഷണലിസത്തിനുള്ള തെളിവായും കണക്കാക്കും. സമ്മറി സെക്‌ഷനിലും ജോബ് എക്‌സ്‌പീരിയൻസ് സെക്‌ഷനിലും ആദ്യ ഭാഗങ്ങളിൽ തന്നെ ഇത്തരത്തിൽ കണക്കുകൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ മാർക്കറ്റിംഗ് മേഖലയിൽ ജോലി നോക്കുന്ന ആളാണെങ്കിൽ മുൻപത്തെ ജോലിയിൽ നിങ്ങൾ ഇത്ര ശതമാനം ഗ്രോത്ത് കൊണ്ട് വന്നു, റെവന്യു കൊണ്ട് വന്നു എന്നൊക്കെ നൽകാം.

Resume tips to impress your recruiter in 6 seconds

ജോബ് ടൈറ്റിലുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്

ജോബ് ടൈറ്റിലുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്, മുൻപ് ചെയ്തിരുന്ന, അല്ലെങ്കിൽ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി, പേരുകൾ കൊണ്ട് വ്യത്യസ്തവും, എന്നാൽ ഉത്തരവാദിത്തങ്ങൾ കൊണ്ട് സമാനവും ആണെങ്കിൽ അവയുടെ പേരുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി വേണം റെസ്യുമെയിൽ ഉൾപ്പെടുത്താൻ. ഉദാഹരണത്തിന് ക്ലയന്റ് മാനേജർ എന്നത് കസ്റ്റമർ സപ്പോർട്ട് മാനേജർ എന്നാക്കാം. ജോബ് ടൈറ്റിലുകൾ ബോൾഡ് ചെയ്യാനും ഇറ്റലൈസ്‌ ചെയ്യാനും, ലെഫ്റ്റ് അലൈൻ ചെയ്യാനും മറക്കാതിരിക്കുക എന്നതും പ്രധാനമാണ്. 

പ്രധാനപ്പെട്ട വിവരങ്ങൾ ഇടത് വശത്ത് ചേർക്കുക

എന്തുകൊണ്ട് ലെഫ്റ്റ് അലൈൻ ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം റിക്രൂട്ടർമാർ എഫ് പാറ്റേണിലാണ് റെസ്യുമെ വായിക്കുക എന്നതാണ്. പ്രധാനപ്പെട്ട വിവരങ്ങൾ ബുള്ളെറ്റ് പോയിന്റുകളാക്കി ഇടത് വശത്ത് മാർജിനോട് ചേർത്ത് നൽകുന്നത് വിവരങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ റിക്രൂട്ടറെ നിർബന്ധിതരാകും. കൂടാതെ ഓർഗനൈസ്ഡ് ആയി, കണ്സോളിഡേറ്റഡ് ആയി ഡാറ്റ ഉൾപ്പെടുത്തുന്നത് നിങ്ങൾ ഒരു മികച്ച പ്രൊഫെഷണൽ ആണ് എന്ന് ഒന്നുകൂടി ഉറപ്പിക്കാൻ സഹായകമാകും. 

റെസ്യുമെ ടെമ്പ്ലേറ്റ്

റെസ്യുമെ തയ്യാറാക്കുന്ന സമയത്ത് ഒരു പ്രൊഫെഷണൽ ടെംപ്ളേറ്റോ ഫോർമാറ്റോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പ്രൊഫെഷണൽ റെസ്യുമെ ഫോർമാറ്റ് എന്നാൽ, നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ട് മുതൽ, സ്റ്റൈലും സ്ട്രക്ച്ചറും എല്ലാം ഉൾപ്പെടും. കൂടുതൽ ഫാൻസി അല്ലാത്ത, എന്നാൽ വായിക്കാൻ രസമുള്ള ഫോണ്ടുകൾ തിരഞ്ഞെടുക്കുക. സിമ്പിൾ എന്നാൽ സ്ട്രക്ചേർഡ് ആയി റെസ്യുമെ ഫോർമാറ്റ് ചെയ്യുക. ലേ ഔട്ടിൽ ശ്രദ്ധിക്കുക. ഹെഡിങ്ങുകൾ ക്ലിയർ ആയിരിക്കുക. കീ ഇൻഫോർമേഷനുകൾ ഹൈലൈറ്റ് ചെയ്യുക. ഇങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. 

Resume tips to impress your recruiter in 6 seconds

അനാവശ്യ കീ വേർഡുകൾ ഒഴിവാക്കുക

നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക് ആവശ്യമായ രീതിയിലുള്ള കീ വേർഡുകൾ റെസ്യൂമെയിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നുകരുതി അവ ഒരുപാടായാലും പ്രശ്നമാണ്. കുത്തിനിറച്ച് എഴുതരുത്. ആവിശ്യത്തിന് മാത്രം. റിപീറ്റേഷൻ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. വിവരങ്ങൾ കുത്തിനിറച്ച് വായിക്കാൻ പറ്റാത്ത രീതിയിൽ നിങ്ങളുടെ റെസ്യൂമേയെ വികൃതമാക്കാതിരിക്കുക. 

പ്രധാനപ്പെട്ട വിവരങ്ങൾ ആദ്യ പേജിൽ  തന്നെ നൽകുക

റെസ്യുമെ ഒന്നിൽ കൂടുതൽ പേജുകൾ ഉണ്ടാവുന്നത് സാധാരണമാണ്. ശ്രദ്ധിക്കേണ്ടത് ഡാറ്റ അറേഞ്ച് ചെയ്യുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ ആദ്യ പേജിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക എന്നതാണ്. റിക്രൂട്ടർമാർ രണ്ടാമത്തെയും മൂന്നാമത്തെയും പേജ് ശ്രദ്ധിക്കണമെന്നതിനു യാതൊരു നിർബന്ധവുമില്ല. അതുകൊണ്ട് വിവരങ്ങൾ ചുരുക്കി, പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാവുന്ന തരത്തിൽ ഒന്നാം പേജിൽ തന്നെ ഉൾപ്പെടുത്തി റെസ്യുമെ തയ്യാറാക്കാൻ ശ്രദ്ധിക്കുക. 

ഇത്രയും  കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ പിന്നീട് ചെയ്യണ്ടത്, റെസ്യുമെ കുറച്ച് കളർഫുൾ ആക്കുക എന്നതാണ്. ഒരിക്കലും ഒരുപാട് നിറങ്ങൾ വാരി നിറച്ച് ചെയ്യരുത്. കോൺട്രാസ്റ്റിംഗ് കളറുകൾ ഉപയോഗിക്കുക. ഒന്നോ രണ്ടോ കളറുകൾ മാത്രം ഉപയോഗിക്കുക. റെസ്യുമെ നന്നായി പ്രൂഫ്‌റീഡ് ചെയ്യുക. തെറ്റുകൾ ഇല്ലെന്നു സ്വയം ഉറപ്പ് വരുത്തുക. പറ്റുമെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും അയച്ച് കൊടുത്ത് ഫീഡ്ബാക്ക് എടുക്കുക.

റെസ്യുമെ തയ്യാറാക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതൊരു റിക്രൂട്ടറുടെയും 6 സെക്കന്റ് ടെസ്റ്റിനെ നിങ്ങൾക്ക് നിഷ്പ്രയാസം മറികടക്കാൻ സാധിക്കും. റെസ്യുമെ വളരെ പ്രാധാന്യമുള്ള ഒരു സംഗതിയാണ്. അതുകൊണ്ട് തന്നെ റെസ്യുമെ തയ്യാറാക്കുന്ന സമയത്ത് അതിന് അതിന്റെതായ പ്രാധാന്യം നൽകി അത് തയ്യാറാക്കുക. ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നാണല്ലോ. റെസ്യുമെ മികച്ചതാക്കി നിങ്ങളോരോരുത്തരും നിങ്ങളുടെ ഫസ്റ്റ് ഇമ്പ്രെഷൻ ബെസ്റ്റ് ആൻഡ് ഈവൻ ബെറ്റർ ആക്കുക. ഓൾ ദി ബെസ്റ്റ്. (Reference: This Is What Recruiters Look At In The 6 Sec They Spend On Each Resume – Resume tips and 6 Seconds rule)

Read More : ജോലിയാണ് ലക്ഷ്യമെങ്കിൽ ഇനി റെസ്യുമെ മാത്രം പോരാ