യു പി എസ് സി 2021 വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എ.എസ്, ഐ. എഫ്.എസ്, ഐ.പി.എസ് ഉള്‍പ്പടെ 19 സര്‍വീസുകളിലായി 712 ഒഴിവുകളിലേക്കാണ് നിയമനം.

സിവില്‍ സര്‍വീസ് ദേശീയ പ്രിലിമിനറി പരീക്ഷ ജൂണ്‍ 27 ന് നടത്തും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ പരീക്ഷ കേന്ദ്രം ലഭിക്കും

അംഗീകൃത സര്‍വകലാശാല ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 2021 ആഗസ്റ്റ് ഒന്നിന് പ്രായം 21 തികയണം. 32 വയസ്സ് കവിയാനും പാടില്ല. 1989 ആഗസ്റ്റ് രണ്ടിന് മുമ്പോ 2000 ആഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. പരമാവധി ആറുതവണ സിവില്‍ സര്‍വീസസ് പരീക്ഷയെഴുതാം. ഒ. ബി. സി, പി. ഡബ്ല്യു.ഡി/ ഇ. ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് ഒമ്പത് തവണയെഴുതാം. പട്ടിക ജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് പരിധിയില്ല.

വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.upsc.gov.in ല്‍ ലഭ്യമാണ്. പരീക്ഷഫീസ് 100 രൂപ. വനിതകള്‍/ എസ്. എസി/ എസ്. ടി/ പി. ഡബ്ല്യു. ഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ നിർദ്ദേശാനുസരണം  https://upsconline.nic.in ല്‍ ഓണ്‍ലൈനായി മാര്‍ച്ച് 24നകം സമര്‍പ്പിക്കാം. ഒബ്ജക്ടീവ് മാതൃകയിലുള്ള പ്രിലിമിനറി പരീക്ഷയില്‍ രണ്ട് പേപ്പറുകളും പരമാവധി  400 മാര്‍ക്കിനാണ്. കമ്പല്‍സറി പേപ്പറുകളാണിത്. ഒരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം അനുവദിക്കും. പേപ്പര്‍ രണ്ട് ജനറല്‍ സ്റ്റഡീസാണ്. യോഗ്യത നേടുന്നതിന് 33 ശതമാനം മാര്‍ക്ക് കരസ്ഥമാക്കണം. പ്രിലിമിനറിയില്‍ യോഗ്യത നേടുന്നവരെ മെയിന്‍ എഴുത്ത് പരീക്ഷക്ക് ക്ഷണിക്കും. 1750 മാര്‍ക്കിനാണിത്. പേഴ്‌സനാലിറ്റി പരീക്ഷക്ക് 275 മാര്‍ക്ക്. മൊത്തം 2025 മാര്‍ക്കിനാണ് സിവില്‍ സര്‍വീസസ് മെയിന്‍ പേഴ്‌സണാലിറ്റി പരീക്ഷകള്‍. മലയാളത്തിലും  പരീക്ഷയെഴുതാവുന്നതാണ്.