വൈദ്യശാസ്ത്ര രംഗത്ത് ഡോക്ടർമാർ ഉപയോഗിക്കുന്ന ആരോഗ്യ പരിചരണ, രോഗനിർണയ, ചികിത്സാ ഉപകരണങ്ങളുടെ ഡോക്ടറാണ് മെഡിക്കൽ ഇലക്ട്രോണിക്സ് എൻജിനീയർ. ജീവശാസ്ത്രവും വൈദ്യശാസ്ത്രവും എൻജിനീയറിങ്ങുമായി സംയോജിപ്പിച്ച് വിവിധ മേഖലകളിലെ ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ രൂപകല്പന ചെയ്ത് വികസിപ്പിച്ച് ഉപകരണങ്ങൾ നിർമ്മിക്കുന്നത് മെഡിക്കൽ ഇലക്ട്രോണിക്സ് എൻജിനീയർമാരാണ്. കൃത്രിമ അവയവങ്ങളുടെയും അവയവങ്ങൾക്ക് പകരമാകുന്ന ഉപകരണങ്ങളുടെയുമെല്ലാം സൃഷ്ടാക്കളും സംരക്ഷകരും ഇവരാണ്.

രോഗനിർണയത്തിനായി എം.ആർ.ഐ., ഇ.സി.ജി., ഇ.കെ.ജി., സി.ടി., അൾട്രാ സൗണ്ട്, ടോമോഗ്രഫി, ഒപ്റ്റിക്കൽ മൈക്രോസ്കോപ്പി, ഇലക്ട്രോൺ മൈക്രോസ്കോപി തുടങ്ങിയവയ്ക്കായുള്ള ഉപകരണങ്ങളുടെ രൂപകല്പനയും നിർമ്മാണവും വിവിധ സാഹചര്യങ്ങളിൽ ശരീരാവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രോസ്തെറ്റിക്ക്‌സ്, രോഗകാരണങ്ങളാൽ ആവശ്യമായി വരുന്ന ടിഷ്യു ഗ്രോത്ത് എന്നിങ്ങനെ നീളുന്നു മെഡിക്കൽ ഇലക്ട്രോണിക്ക്സ് ശാഖ. പ്രൊസ്സസറുകൾ, അനലോഗ്-ഡിജിറ്റൽ സർക്ക്യൂട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണം ഇതിൽ ഉൾപെടും. ശരീരശാസ്ത്രത്തെ കുറിച്ചുള്ള അറിവിനും വൈദ്യശാസ്ത്രപരമായ സാങ്കേതിക ഭാഷയിലുള്ള പരിജ്ഞാനത്തിനുമൊപ്പം വിവിധ ഉപകരണങ്ങളുടെ പ്രവർത്തനരീതിയും അറിഞ്ഞിരിക്കണം.

ഇന്ത്യയിൽ എൻജിനീയറിങ് രംഗത്ത് ഏറ്റവുമധികം തിരഞ്ഞെടുക്കപ്പെടുന്ന ശാഖകളിൽ ഒന്നാണ് ബയോ മെഡിക്കൽ എൻജിനീയറിങ്. ആസ്പത്രികൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഉപകരണ നിർമ്മാണമേഖല, സർക്കാർ ഏജൻസികൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിൽ ജോലി ചെയ്യാവുന്നതാണ്. സങ്കീർണമായ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള നിർദ്ദേശങ്ങളും നിലവിലുള്ള ഉപകരണങ്ങളുടെ പരിഷ്‌കൃത മോഡലുകളുടെ നിർമ്മാണവുമാണ് ഇതിൽ കൈകാര്യം ചെയ്യുക. ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്‌സിറ്റികളിലും അദ്ധ്യാപനത്തിനായി ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്. 4 വർഷമുള്ള ബയോ മെഡിക്കൽ എൻജിനീയറിങ് കോഴ്‌സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. ക്ലിനിക്കൽ എൻജിനീയർ, ബയോ മെറ്റീരിയൽ എൻജിനീയർ, പേറ്റന്റ് അനലിസ്റ്റ്, ബയോ മെക്കാനിക്‌സ് എൻജിനീയർ, ബയോ ഇൻസ്ട്രമെന്റേഷൻ എൻജിനീയർ എന്നിവയ്ക്കെല്ലാമുപരി അദ്ധ്യാപകനായും റിസർച്ച് സയന്റിസ്റ്റായും ഈ മേഖലയിൽ ജോലി നോക്കാവുന്നതാണ്.

ബംഗളൂരുവിലെ ഡോ. അംബേദ്ക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബി.എം.എസ്. കോളേജ് ഓഫ് എൻജിനീയറിങ്, എം.എസ്.രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ശ്രീ ബെലി മാതാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ന്യൂഡൽഹിയിലെ അംബേദ്ക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കലിംഗ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി, കൊല്ലം ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തൃശ്ശൂർ സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പഞ്ചാബ് ലൗലി പ്രൊഫെഷണൽ യൂണിവേഴ്‌സിറ്റിഎന്നീ സ്ഥാപനങ്ങളിൽ ബയോ മെഡിക്കൽ എൻജിനീയറിങ് കോഴ്‌സ് പഠിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!