നിങ്ങള്‍ക്ക് സംഗീതം ഇഷ്ടമാണോ? സൈക്കോളജിസ്റ്റ് ആകാൻ താല്‍പര്യം ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്കു മുന്നിലിതാ മ്യൂസിക് തെറാപ്പിയുടെ അനന്ത സാധ്യതകള്‍. സംഗീതത്തിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ് മ്യൂസിക് തെറാപ്പിയുടെ ലക്ഷ്യം.
മനഃശാസ്ത്രത്തോടൊപ്പം സംഗീതത്തിലെ അറിവും രോഗശാന്തിക്കായി ഉപയോഗിക്കുകയാണ് മ്യൂസിക് തെറാപ്പിയില്‍ ചെയ്യുന്നത്. മാനസിക പിരിമുറുക്കം, ഭയം, ചിത്തഭ്രമം തുടങ്ങി കുട്ടികളിലെ ഏകാഗ്രതയില്ലായ്മ വരെ മ്യൂസിക് തെറാപ്പിയിലൂടെ പരിഹരിക്കാം. സംഗീതത്തോടൊപ്പം മറ്റ് കലാരൂപങ്ങളും ചികിത്സക്കായി ഉപയോഗിക്കുന്നു.
സാങ്കേതിക വിദ്യയുടെ വേഗമാര്‍ന്ന ലോകത്തില്‍ മിക്കവരും പല തരത്തിലുള്ള മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നു എന്നുള്ളതും മ്യൂസിക് തെറാപ്പി അവയ്‌ക്കെതിരെയുള്ള ഫലപ്രദമായ മരുന്നാണ് എന്നുള്ളതും ഈ വൈദ്യശാസ്ത്ര ശാഖയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ഈ തൊഴില്‍മെഖലയിലേക്ക് ഒട്ടേറെപ്പേരാണ് ഓരോ വര്‍ഷവും ആകര്‍ഷിക്കപ്പെടുന്നത്. മ്യൂസിക് തെറാപ്പിക്ക് ബിരുദ കോഴ്സുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ഡിപ്ലോമ കോഴ്സുകളാണ് നിലവില്‍ ഉള്ളത്. സംഗീതത്തില്‍ അഭിരുചിയും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉള്ളവര്‍ക്ക് മ്യൂസിക് തെറാപ്പി കോഴ്സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ ഇനിപ്പറയുന്നവയാണ്:
- ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് മ്യൂസിക് തെറാപ്പി, ഡല്‍ഹി
- ചെന്നൈ സ്കൂള്‍ ഓഫ് മ്യൂസിക് തെറാപ്പി,ചെന്നൈ
- എം ഇ റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് കരിയര്‍ , മുംബൈ
- നാദാ സെന്‍റര്‍ ഫോര്‍ മ്യൂസിക് തെറാപ്പി . ന്യൂ ഡല്‍ഹി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ മ്യൂസിക്കല്‍ തെറാപ്പി (അപ്പോളോ ഹോസ്പിറ്റല്‍), ചെന്നൈ
- ശ്രീ ബാലാജി വിദ്യാപീഠം, പുതുച്ചേരി