ലോകത്തിലെ ഏറ്റവും അദ്ധ്വാന ശീലരായ ജനവിഭാഗമേമെന്ന് ചോദിച്ചാൽ ഉത്തരം ജപ്പാൻകാരെന്നായിരിക്കും. ആണവായുധങ്ങൾ വിതച്ച വിനാശവും ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ പകർന്ന ദുരിതങ്ങളും പലകുറി നിലം പരിശാക്കിയിട്ടും ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ സഹായിച്ചത് അവിടത്തെ ജനങ്ങളുടെ കഠിന പരിശ്രമം തന്നെയാണ്. എല്ലാത്തിലും വ്യത്യസ്തരാണ് ജപ്പാൻകാർ. മടിയന്മാരായി നടക്കുന്നവരുടെ മടി മാറ്റാൻ ജപ്പാൻകാർ പ്രയോഗിക്കുന്ന തന്ത്രവും അതുപോലെ തന്നെ. ‘കൈസന്‍’ എന്നാണ് ആ തന്ത്രത്തിന്റെ പേര്.

കെയ്, സെൻ എന്നീ രണ്ടു വാക്കുകൾ കൂടിച്ചേർന്നാണ് കൈസന്‍ ​എന്ന പദമുണ്ടായത്. കെയ് എന്ന വാക്കിന് ‘മാറ്റം’ എന്നാണര്‍ത്ഥം. സെന്‍ എന്നാല്‍ ‘നല്ലത്’. നല്ലതിനായുള്ള മാറ്റം അല്ലെങ്കിൽ തുടർച്ചയായ പുരോഗതി എന്നും പറയാം. കൈസന്‍ പരിശീലനം ഒരു മിനിറ്റ് നിയമമാണ്. ആരംഭിക്കാന്‍ മടിയുള്ള എന്തു കാര്യമായാലും അത് ഒരു മിനിറ്റു മാത്രം ചെയ്യുക. തുടർന്ന് നിങ്ങൾക്ക് താല്‍പര്യമുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാം. അല്‍പ്പസമയത്തിനു ശേഷമോ അല്ലെങ്കില്‍ പിറ്റേ ദിവസമോ മടിയുള്ള കാര്യം ഒരു മിനിറ്റ് വീണ്ടും ചെയ്യുക. ക്രമേണ അത് 2 മിനിറ്റ്, 5 മിനിറ്റ് എന്നിങ്ങനെ വര്‍ദ്ധിപ്പിക്കണം. അര മണിക്കൂറില്‍ കൂടുതല്‍ അക്കാര്യം തുടര്‍ച്ചയായി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ആദ്യം താല്‍പ്പര്യമില്ലാതിരുന്ന പ്രവര്‍ത്തിയോട് നിങ്ങൾക്ക് മടുപ്പ് അനുഭവപ്പെടും.

പലപ്പോഴും താല്‍പര്യക്കുറവോ ആത്മവിശ്വാസക്കുറവോ ആകും പല പ്രവര്‍ത്തികളില്‍ നിന്നും മനസ്സിനെ വിലക്കുന്നത്. കൈസന്‍ ടെക്നിക്ക് ഇതിനെ മറി കടക്കാനാണ് സഹായിക്കുന്നത്. ഒരു മിനിറ്റില്‍ ഒരു പുതിയ കാര്യം പതിവായി ചെയ്യുക വഴി ഈ പ്രവര്‍ത്തിയും മനസ്സുമായി ഇണങ്ങാൻ വഴിയൊരുങ്ങുന്നു. ജപ്പാനില്‍ കോര്‍പ്പറേറ്റ് ലോകത്ത് ഇന്നു വളരെയധികം ഉപയോഗിക്കുന്ന മാനേജ്മെന്‍റ് തന്ത്രങ്ങളില്‍ മുന്‍പന്തിയിലാണ് കൈസന്‍. മറ്റ് ലോക രാഷ്ട്രങ്ങളും ഇന്ന് ഈ തന്ത്രത്തിന് പിന്നാലെയാണ്.

Leave a Reply